പ്രസ്റ്റണ്‍: തിരുവചനം എല്ലാവരെയും ഒന്നിപ്പിക്കുന്നുവെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ദൈവവചന ഞായറില്‍ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
മൂന്നാം ദിവസം എന്നത് ദൈവം പ്രവര്‍ത്തിക്കുന്ന ദിവസമാണ്. മൂന്നാം ദിവസമാണ് ഈശോ ഉയിര്‍ത്തെഴുന്നേറ്റത്. ഈ ലോകജീവിതത്തിന് അപ്പുറമുള്ള ഒരു ജീവിതത്തിന്റെ സൂചനയാണ് മൂന്നാം ദിവസം നല്കുന്നത്. കുരിശിലാണ് ദൈവവും മനുഷ്യവര്ഗ്ഗവും ഒന്നായിത്തീരുന്നത്. കാനായിലെ കല്യാണവീട്ടില്‍ ആദ്യവും അവസാനവും പരിശുദ്ധ മറിയം ഉണ്ടായിരുന്നു. ഈശോയുടെ ശുശ്രൂഷയില്‍ മാതാവ് ആദ്യന്തം ഉണ്ടായിരുന്നുവെന്നതിന്റെസൂചനയാണ് ഇത്.
വീഞ്ഞ് എന്നത് ദൈവവുമായുള്ള ഐക്യമാണ്. മനുഷ്യവംശത്തിന് ദൈവവുമായുള്ള ഐക്യം നഷ്ടപ്പെട്ടുപോയപ്പോഴാണ് മറിയത്തിന്റെ ഇടപെടല്‍. സ്ത്രീയേ അതിനു എനിക്കും നിനക്കും എന്ത് എന്ന ക്രിസ്തുവിന്റെ ചോദ്യം വ്യക്തമാക്കുന്നത് നമ്മള്‍ തമ്മിലുള്ള ഐക്യം നഷ്ടപ്പെട്ടിട്ടില്ലല്ലോ എന്നാണ്. കാനായിലെ കല്യാണവീട്ടില്‍വച്ച് എന്റെ സമയം ഇനിയും ആയിട്ടില്ലല്ലോ എന്ന് ക്രിസ്തുപറയുന്നത് കുരിശിന്റെ മണിക്കൂറിനെക്കുറിച്ചാണ്.
ഈശോയുടെ സമയത്തിലൂടെയാണ് ദൈവവും മനുഷ്യവംശവും തമ്മില്‍ ഒന്നായിത്തീരുന്നത്. പരിശുദ്ധ അമ്മ പരിചാരകരോട് പറയുന്നത് അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍ എന്നാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ആറാം ദിവസമാണ്. ദൈവവുമായുള്ള ഐക്യം നഷ്ടപ്പെട്ട്, കഠിന ഹൃദയനായി നില്ക്കുന്ന മനുഷ്യന്റെ പ്രതീകമാണ് ഈ കല്‍ഭരണികള്‍. 720 ലിറ്റര്‍ വെള്ളമാണ് ആ കല്‍ഭരണികളില്‍ നിറയ്ക്കപ്പെടുന്നത്. ദൈവം നല്കുമ്പോള്‍ അത് സമൃദ്ധിയായിട്ടാണ്.
വെള്ളം എന്നത് മാനുഷികതയാണ്. വീഞ്ഞ് ദൈവികതയാണ്. മാനുഷികത ദൈവികതയുമായി ചേരുന്നതാണ് വെള്ളം വീഞ്ഞാകുന്നത്. നല്ല വീഞ്ഞ് എന്നത് ഈശോയാണ്. വെള്ളം വീഞ്ഞായി മാറിയതിലൂടെ ഒരുപാട് കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നുണ്ട്. അനുസരിക്കാന്‍ തയ്യാറുള്ളവര്‍ക്കാണ് ആ്ത്മാവിനെ നല്കപ്പെടുന്നത്.
ഞായറാഴ്ച ആചരണത്തിന്റെ ,വിശുദ്ധ കുര്‍ബാനയാചരണത്തിന്റെ സൂചനയായും കാനായിലെ കല്യാണവിരുന്ന് മാറുന്നുണ്ട്. ഈശോയുടെ ശരീരവും രക്തവുമാണ് നല്ല വീഞ്ഞ് എന്നത്. മരണത്തിന് എതിരെയുള്ള മരുന്നാണ് അത്. ഇതെല്ലാം നല്ല വീഞ്ഞായ ഈശോ തന്നെയാണ്.
ഈശോ പ്രവര്‍ത്തിച്ച അത്ഭുതങ്ങളുടെയെല്ലാം ആരംഭമാണ് കാനായിലെ കല്യാണവിരുന്നില്‍ നടന്ന അത്ഭുതം. ഏകദൈവത്തിന്റെ മഹത്വമാണ് നാം ഇവിടെ കാണുന്നത്. ഏകദൈവം, ഈശോ തന്റെ മഹത്വം പ്രകടമാക്കുകയാണ് ഇവിടെ ചെയ്തത്.
ഇന്ന് ഓരോ കുര്‍ബാനയിലും ഓരോ ഞായറാഴ്ചയിലും തിരുസഭ ആവശ്യപ്പെടുന്നത് കര്‍ത്താവിന്റെ രണ്ടാം വരവിന് വേണ്ടി കാത്തിരിക്കുന്നവരാകണം എന്നാണ്. ഈശോയുടെ രണ്ടാം വരവിന്റെ അനുഭവമാണ് ഓരോ വിശുദ്ധ കുര്‍ബാനയും നമുക്ക് നല്കുന്നത്. ദൈവഭയത്തോടെ, താഴ്മയോടെ ദൈവവചനം സ്വീകരിക്കുമ്പോഴാണ് ഈ സത്യം നാം തിരിച്ചറിയുകയും അതിലൂടെ വിശുദ്ധീകരണവും കൂട്ടായ്മയും നേടാനും കഴിയുന്നത്.
ഇന്ന് നീ എന്നോടുകൂടെ പറുദീസായിലായിരിക്കും എന്ന ക്രിസ്തുവിന്റെ അവസാനിക്കാത്ത കരുണ നാം നമുക്കുവേണ്ടിയും മറ്റുളളവര്‍ക്കുവേണ്ടിയും യാചിക്കണം. മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.