Sunday, October 6, 2024
spot_img
More

    വണക്കമാസം പന്ത്രണ്ടാം ദിവസം, മരിയന്‍ പത്രത്തില്‍

    ദൈവതിരുമനസ്സിനോടുള്ള പരിശുദ്ധ കന്യകയുടെ വിധേയത്വം

    പരിശുദ്ധ കന്യക ദൈവത്തോട് കന്യാത്വം നേരത്തെ വാഗാദാനം ചെയ്തിട്ടുണ്ടായിരുന്നു. ദൈവദൂതന്‍ പരിശുദ്ധ കന്യകയെ സമീപിച്ചു കൊണ്ട് ദൈവികമായ ദൗത്യം അവളെ അറിയിച്ചു. “നന്മ നിറഞ്ഞവളെ, നിനക്കു സ്വസ്തി, സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളെ കര്‍ത്താവ് നിന്നോടുകൂടെ” എന്ന അഭിവാദനം കേട്ടപ്പോള്‍ പരിശുദ്ധ അമ്മ അസ്വസ്ഥയായി.

    കന്യകയായ തനിക്ക് എങ്ങനെ ഇത് സംഭവിക്കുമെന്ന് പരിശുദ്ധ അമ്മ ദൂതനോടു ചോദിച്ചു. ദൂതന്‍ ഉത്തരമായി പറഞ്ഞു: “പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. ഇതിനാല്‍ നിന്നില്‍നിന്നു പിറക്കുന്നവന്‍ പരിശുദ്ധനാകുന്നു. അവന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടുകയും ചെയ്യും”.

    മറിയം പറഞ്ഞു: “ഇതാ ഞാന്‍ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്കു പോലെ എന്നില്‍ സംഭവിക്കട്ടെ.” മേരി എത്രമാത്രം ദൈവതിരുമനസ്സിനു വിധേയയായിരുന്നു എന്ന്‍ നമുക്ക് ഈ വാക്കുകളില്‍ നിന്ന്‍ മനസ്സിലാക്കാം. ലോകപരിത്രാതാവിനോടൊപ്പം അനേകം യാതനകള്‍ അനുഭവിക്കേണ്ടതായി വരുമെന്നറിഞ്ഞിട്ടും അങ്ങേ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്നു പറയുവാന്‍ അവള്‍ സന്നദ്ധയായി.

    ഈജിപ്തിലേക്കുള്ള പ്രവാസവും പ്രത്യാഗമനവും നസ്രസിലെ വിനീതമായ ജീവിതവും ദാരിദ്ര്യ ക്ലേശങ്ങളുമെല്ലാം അനുഭവിക്കാന്‍ അവള്‍ ഒരുക്കമായിരുന്നു. മിശിഹായുടെ പരസ്യ ജീവിതത്തിലും പീഡാസഹനത്തിലും കാല്‍വരിയിലും അവള്‍ “നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ” എന്ന വാക്കുകള്‍ ആവര്‍ത്തിച്ചിട്ടുണ്ടാകണം.

    ഒരിക്കല്‍ ഈശോ ജനക്കൂട്ടത്തോടു സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അവിടുത്തെ ദിവ്യജനനിയും സഹോദരിമാരും വന്നു, പുറത്തു നിന്നുകൊണ്ട് അവിടത്തോട് സംസാരിക്കുവാന്‍ താത്പര്യപ്പെട്ടു. “ഇതാ, നിന്‍റെ അമ്മയും സഹോദരന്മാരും പുറത്തു നില്‍ക്കുന്നു. നിന്നോട് സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു.” ഒരു മനുഷ്യന്‍ ചെന്ന്‍ ഈശോയോട് പറഞ്ഞു. യേശുവിന്റെ മറുപടി ഇപ്രകാരമായിരിന്നു, “ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരര്‍? തന്റെ ശിഷ്യരുടെ നേരേ കൈ ചൂണ്ടി കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും. സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും” (വി.മത്തായി 12:48-50).

    പരിശുദ്ധ കന്യകയുടെ മഹത്വത്തിനുള്ള യഥാര്‍ത്ഥമായ കാരണം അവളുടെ ദൈവതിരുമനസ്സിനോടുള്ള വിധേയത്വമാണെന്നു മിശിഹാ ഇവിടെ വ്യക്തമാക്കുന്നു. കൂടാതെ നാം ഓരോരുത്തരും ദൈവതിരുമനസ്സ് നിവര്‍ത്തിക്കുമ്പോള്‍ ഈശോയുമായി നമുക്ക് ഒരു നവ്യമായ ബന്ധം ഉളവാകുന്നു എന്നുള്ള വസ്തുതയും പ്രഖ്യാപിക്കുകയാണ്. “കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുന്നവനല്ല സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുന്നത് പ്രത്യുത സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ഹിതം നിര്‍വഹിക്കുന്നവനാണ്” എന്ന്‍ ഗിരിപ്രഭാഷണത്തില്‍ അവിടുന്ന്‍ അരുളിച്ചെയ്യുന്നുണ്ടല്ലോ.

    ദൈവതിരുമനസ്സിനോടുള്ള വിധേയമാണ് ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം. മിശിഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും ജീവിതത്തില്‍ ഇത് വളരെ പ്രകടമായിരുന്നു. അനുദിന ജീവിതത്തില്‍ ഓരോ നിമിഷവും ദൈവദൂതന്‍ സമീപിച്ച് ദൈവഹിതം നമ്മെ അറിയിക്കുന്നുണ്ട്. ദൈവപ്രമാണങ്ങള്‍, തിരുസഭയുടെ കല്‍പനകള്‍, മേലധികാരികളുടെ നിര്‍ദ്ദേശങ്ങള്‍, ജീവിതച്ചുമതലകള്‍ എന്നിവയിലൂടെ നാം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നെങ്കില്‍ നമുക്കു ഉത്തമമായി ദൈവ സേവനവും സഹോദര സേവനവും നിര്‍വഹിക്കുവാന്‍ കഴിയും.

    സംഭവം

    ജോണ്‍ ഹോക്സന്‍ഹാം എന്ന പണ്ഡിതന്‍ ലൂര്‍ദ്ദിലെ അരുവിയിലെ ദിവ്യജലം വഴിയായി നടക്കുന്ന രോഗശമനങ്ങളെക്കുറിച്ച് എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്. “ഇതെഴുതുന്ന ഞാന്‍ ഒരു പ്രൊട്ടസ്റ്റന്‍റ് മതവിഭാഗമായ ഫ്രീ ചര്‍ച്ചുകാരനാണ്. റോമന്‍ കത്തോലിക്കരായി എനിക്ക് അനേകം മിത്രങ്ങള്‍ ഉണ്ടെങ്കിലും അവരില്‍ പലരും അവരവരുടെ മതം വിശ്വസ്തതയോടു കൂടി അനുഷ്ഠിക്കുന്നുണ്ടെന്ന ആത്മനിന്ദാബോധത്തോടു കൂടി ജീവിക്കുന്നു. കത്തോലിക്കാ സഭയോടു എനിക്ക് യാതൊരു പ്രതിപത്തിയുമില്ല. ലൂര്‍ദ്ദിലെ ഈ അത്ഭുതങ്ങള്‍ സംബന്ധിച്ച് ഞാന്‍ യഥാര്‍ത്ഥമായി അറിഞ്ഞില്ല എന്നതു തന്നെ”.

    “എന്നാല്‍ എന്‍റെ സ്വന്തം കണ്ണുകള്‍ കൊണ്ട് അവയെല്ലാം കാണുകയും ഹൃദയത്തിന് ബോധ്യപ്പെടുകയും ചെയ്തു കഴിഞ്ഞതിനോടു കൂടി ഈ സത്യത്തെ അംഗീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നിരിക്കുന്നു. ലൂര്‍ദ്ദിലെ രോഗശമനങ്ങള്‍ക്ക് വലിയ സര്‍ജന്‍മാരും ഭിഷഗ്വരന്‍മാറും സാക്ഷ്യം നല്‍കിയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ലൂര്‍ദ്ദില്‍ ദൈവത്തിന്‍റെ അത്ഭുതകരമായ ആവിഷ്ക്കരണം നടക്കുന്നുണ്ട്”.

    (Jonh Oxenham, The wonder of Lourdes).

    പ്രാര്‍ത്ഥന

    ദിവ്യജനനി, അങ്ങ് ദൈവതിരുമനസ്സിനോട്‌ പരിപൂര്‍ണ്ണ വിധേയമായി വര്‍ത്തിച്ചു. എല്ലാ നിമിഷത്തിലും അതു മാത്രമായിരുന്നു അവിടുത്തെ ജീവിതനിയമം. മനുഷ്യാവതാരത്തിനു സമ്മതം നല്‍കിയപ്പോള്‍ മുതല്‍ കാല്‍വരിയിലെ കുരിശിനു സമീപം നില്‍ക്കുമ്പോഴും അതിനുശേഷവും അവിടുന്ന്‍ സദാ ദൈവതിരുമനസ്സ് നിറവേറ്റിയതാണ്. അവിടുത്തെ മഹത്വത്തിന് നിദാനമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ദൈവമാതാവേ, അങ്ങേ വത്സലമക്കളായ ഞങ്ങളും ദൈവതിരുമനസ്സിനു പരിപൂര്‍ണ്ണമായി വിധേയരായി ജീവിക്കാനുള്ള അനുഗ്രഹം നല്‍കണമേ. ജീവിത ക്ലേശങ്ങളിലും പ്രലോഭനങ്ങളുടെ തിരകള്‍ അലയടിച്ച് ഉയരുമ്പോഴും രോഗങ്ങളും യാതനകളും അനുഭവപ്പെടുമ്പോഴും ദൈവതിരുമനസ്സാകുന്ന ദീപശിഖ ഞങ്ങള്‍ക്കു മാര്‍ഗദര്‍ശനമരുളുവാന്‍ അങ്ങു സഹായിക്കണമേ.

    എത്രയും ദയയുള്ള മാതാവേ…

    ലുത്തീനിയ

    പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

    പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    സുകൃതജപം

    ദൈവതിരുമനസ്സിനു സ്വയം അര്‍പ്പിച്ച ദൈവമാതാവേ, ദൈവതിരുമനസ് അനുസരിച്ചു ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ.‍

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!