വത്തിക്കാന്‍ സിറ്റി: മെഡ്ജുഗോറെയിലേക്കുള്ള മരിയന്‍ തീര്‍ത്ഥാടനത്തിന് പേപ്പല്‍ അംഗീകാരം ലഭിച്ചു. ഇതോടെ രൂപതകളുടെയും ഇടവകകളുടെയും ആഭിമുഖ്യത്തില്‍ ഇവിടേക്ക് തീര്‍ത്ഥാടനം സംഘടിപ്പിക്കാം. പ്രതിവര്‍ഷം പത്തുലക്ഷത്തിലേറെ ആളുകള്‍ മെഡ്ജുഗോറെ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും തീര്‍ത്ഥാടനത്തിന് പേപ്പല്‍ അംഗീകാരം ലഭിച്ചിട്ടുണ്ടായിരുന്നില്ല.
1981 ജൂണ്‍ 24 ന് ആറു കുട്ടികള്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ബോസ്‌നിയ- ഹെര്‍സ ഗോവിന രാജ്യത്തെ മെഡ്ജുഗോറ പ്രശസ്തമായത്. ഇവരില്‍ മൂന്നുപേര്‍ക്ക് ഇന്നും എല്ലാ ദിവസവും മാതാവിന്റെ ദര്‍ശനം ഉണ്ടാകാറുണ്ട്. മറ്റ് മൂന്നുപേരില്‍ രണ്ടുപേര്‍ക്ക് വര്‍ഷത്തിലൊരിക്കലും ഒരാള്‍ക്ക് എല്ലാമാസവും രണ്ടാം തീയതിയും മാതാവ് ദര്‍ശനം നല്കിവരുന്നു.
മാതാവിന്റെ ഈ പ്രത്യക്ഷീകരണത്തെക്കുറിച്ച് സഭ ഔദ്യോഗികമായ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ഇതു സംബന്ധിച്ച് പഠനം നടത്താന്‍ കര്‍ദിനാള്‍ കമില്ലോ റൂയിനിയുടെ നേതൃത്വത്തിലുള്ള കമ്മിഷനെ നിയോഗിച്ചിരുന്നു. 2017 ല്‍ കമ്മീഷന്‍ നല്കിയ റിപ്പോര്‍ട്ട് വിശ്വാസതിരുസംഘം പരിശോധിച്ചുവരികയാണ്.