Tuesday, July 1, 2025
spot_img
More

    മാര്‍ മാത്യു അറയ്ക്കല്‍ കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞ ക്രാന്തദര്‍ശിയായ ഇടയന്‍: മാര്‍ ജോര്‍ജ് ആലഞ്ചേരി

    കാഞ്ഞിരപ്പള്ളി: കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞ് സമൂഹത്തിലും സഭയിലും ഇടപെടലുകള്‍ നടത്തിയ ക്രാന്തദര്‍ശിയായ ഇടയനാണ് മാര്‍ മാത്യു അറയ്ക്കലെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്ത. മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി, മെത്രാഭിഷേകത്തിന്റെ ഇരുപതാം വാര്‍ഷികം എന്നിവയോടനുബന്ധിച്ചുള്ള പരിശുദ്ധ കുര്‍ബാനയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്ത.

    അജപാലനശുശ്രൂഷ ഫലപ്രദമാകത്തക്കവിധത്തില്‍ പുതിയ അജപാലനമേഖലകള്‍ കണ്ടെത്തുകയും സുചിന്തിതമായ അജപാലനപദ്ധതികളിലൂടെ സാമൂഹിക, രാഷ്ട്രീയ മേഖലകളെ ചേര്‍ത്ത് നിര്‍ത്തുന്ന സംയോജിത പ്രവര്‍ത്തനശൈലിയുടെ മാതൃക നല്‍കുവാനും അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന് കഴിഞ്ഞുവെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്ത അനുസ്മരിച്ചു.

    കാഞ്ഞിരപ്പള്ളി കത്തീദ്രലില്‍ നടന്ന പരിശുദ്ധ കുര്‍ബാനയ്ക്കുശേഷം മഹൂജൂബിലി ഹാളില്‍ നടന്ന അനുമോദനസമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സ്വാഗതം ആശംസിച്ചു. ദീര്‍ഘവീക്ഷണമുള്ള അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ അജപാലനശൈലി രൂപതയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ മുതല്‍ക്കൂട്ടാണെന്ന് അഭിവന്ദ്യ മാര്‍ ജോസ് പുളിക്കല്‍ പിതാവ് പറഞ്ഞു. മെത്രാഭിഷേകത്തിന്റെ രജതജൂബിലിവര്‍ഷത്തിലായിരിക്കുന്ന അഭിവന്ദ്യ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്തയ്ക്ക് മാര്‍ ജോസ് പുളിക്കല്‍ ആശംസകള്‍ അര്‍പ്പിച്ചു. അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിനെയും അദ്ദേഹത്തോടൊപ്പം പൗരോഹിത്യ സ്വീകരണ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന റവ.ഫാ.ആന്റണി കൊച്ചാങ്കല്‍, റവ.ഫാ.ജോയി ചിറ്റൂര്‍ എന്നിവരെ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്ത പൊന്നാടയണിയിച്ചു. പ്രത്യാശ പകരുകയും തണലേകുകയും ചെയ്യുന്ന അജപാലന ശൈലിയുടെ ഉടമയാണ് മാര്‍ മാത്യു അറയ്ക്കലെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ആശംസാപ്രസംഗത്തില്‍ പറഞ്ഞു. നന്മയുള്ള സമൂഹത്തിന് നല്ല വിദ്യാഭ്യാസം അത്യാവശ്യമെന്ന് കണ്ട് പദ്ധതികള്‍ വിഭാവനം ചെയ്തയാളാണ് അഭിവന്ദ്യ പിതാവെന്ന് മാര്‍ മാത്യു അറയ്ക്കല്‍ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി സ്മാരക എന്‍ഡോവ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഡോമിനിക് അയിലൂപ്പറമ്പിലിന് നല്‍കിക്കൊണ്ട് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പറഞ്ഞു. അല്മായരെ ശക്തിപ്പെടുത്തി നല്ല വിശ്വാസിസമൂഹത്തിന് രൂപം നല്‍കുന്നതിന് നല്ല മാതൃക നല്‍കുകയും ആരാധനക്രമചൈതന്യത്തോട് വിശ്വസ്തനായിരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് മാര്‍ മാത്യു അറയ്ക്കലെന്ന് പാല രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുസ്മരിച്ചു. ഐസന്‍സ്റ്റാറ്റ് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ എജീദിയൂസ് ജെ സിഫ്‌കോവിച്ച് മെത്രാന്റെ ആശംസ രൂപതാ ജുഡീഷ്യല്‍ വികാര്‍ റവ.ഡോ.മാത്യു കല്ലറയ്ക്കല്‍ വായിച്ചു. കാഞ്ഞിരപ്പള്ളി രൂപതയിലെ വിശ്വാസിസമൂഹവും സഭയും പൊതുസമൂഹവും നല്‍കിയ പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായി അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ മറുപടി സന്ദേശത്തില്‍ പറഞ്ഞു.

    അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിനുള്ള രൂപതയുടെ സ്‌നേഹോപഹാരം രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം മാര്‍ ജോസ് പുളിക്കല്‍ പിതാവിനോട് ചേര്‍ന്ന് സമര്‍പ്പിച്ചു. രൂപതാ വികാരിജനറാള്‍ റവ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ നന്ദിയര്‍പ്പിച്ചു.

    സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രനെ പ്രതിനിധീകരിച്ച് തക്കല രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് ഫാ.തോമസ് പൗവ്വത്തുപറമ്പില്‍, രൂപതയിലെ സന്യാസി സന്യാസിനി പ്രതിനിധികള്‍, വൈദികര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ള അല്മായ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് യോഗത്തില്‍ പങ്കുചേര്‍ന്നു. രൂപതാ വികാരിജനറാള്‍മാരായ റവ.ഡോ.ജോസഫ് വെള്ളമറ്റം, റവ.ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, റവ.ഡോ.കുര്യന്‍ താമരശ്ശേരി, പ്രൊക്യുറേറ്റര്‍ റവ.ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

    ഫോട്ടോ അടിക്കുറിപ്പ്-പൗരോഹിത്യ സുവര്‍ണ്ണജൂബിലി അനുസ്മരണ സമ്മേളനത്തില്‍ മാര്‍ മാത്യു അറയ്ക്കല്‍ മധുരം പങ്കുവയ്ക്കുന്നു. മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്ത, മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത, മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍, ജൂബിലിയേറിയന്‍മാരായ ഫാ. ആന്റണി കൊച്ചാങ്കല്‍, ഫാ.ജോയി ചിറ്റൂര്‍ എന്നിവര്‍ സമീപം.

    ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍
    പി.ആര്‍.ഓ
    കാഞ്ഞിരപ്പള്ളി രൂപത

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!