Thursday, November 21, 2024
spot_img
More

    പ്രാര്‍ത്ഥിക്കുന്നത് വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുക: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

    പ്രസ്റ്റണ്‍: പ്രാര്‍ത്ഥിക്കുന്നത് വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

    കഴുകുക എന്നതാണ് ഈശോയുടെ ശുശ്രൂഷ. പാപത്തിന്മേലുള്ള, മരണത്തിന്മേലുളള വിജയത്തില്‍ പങ്കുചേരുന്ന അവസരത്തിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇസ്രായേല്‍ക്കാര്‍ ജറുസലേമിലേക്ക് പോയത് സ്വയം വിശുദ്ധീകരിക്കപ്പെടാന്‍ വേണ്ടിയാണ്. ജറുസലേമിലേക്ക് കയറുമ്പോള്‍ ക്രിസ്തു കൂടെ കൊണ്ടുപോകുന്നത് പന്ത്രണ്ട് ശിഷ്യന്മാരെ മാത്രമാണ്.

    ജെറുസലേമിലേക്ക് പോകുക എന്നാല്‍ കുരിശിലേക്ക് പോകുക എന്നാണ് അര്‍ത്ഥം. പന്ത്രണ്ടു ശിഷ്യന്മാരും ഈശോയുടെ ഒപ്പം ആയിരിക്കാന്‍ വേണ്ടി തിരഞ്ഞെടുത്തവരാണ്. ഈശോയുടെ എല്ലാ അനുഭവങ്ങളിലും പങ്കുചേരാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് അവര്‍. ഈശോ ജറുസലേമിലേക്ക് പോകുമ്പോള്‍ ശിഷ്യന്മാരെ പഠിപ്പിക്കുന്നുണ്ടെങ്കിലും അവര്‍ക്കത് മനസ്സിലാകുന്നില്ല. ലോകത്തിന്റേതായ അരൂപിയാണ് അവരെ നയിക്കുന്നത്.അതുകൊണ്ടാണ് ക്രിസ്തു പറയുന്ന കാര്യങ്ങള്‍ അവര്‍ക്ക് മനസിലാകാതെ പോയത്.

    സെബദീപുത്രന്മാരുടെ അമ്മ മുട്ടുകുത്തി എന്തോ ഈ സമയം ക്രിസ്തുവിനോട് ചോദിക്കുന്നു. മുട്ടുകുത്തുന്നവരെല്ലാം വലിയ കാര്യങ്ങളാണ് ചോദിക്കുന്നത്. അല്ലെങ്കില്‍ വലിയ കാര്യങ്ങള്‍ ചോദിക്കാന്‍ വേണ്ടിയാണ് അവര്‍ മുട്ടുകുത്തുന്നത്. നിന്റെ രാജ്യത്തില്‍ എന്റെ രണ്ടുപുത്രന്മാരെയും നിന്റെ ഇരുവശത്തായി ഇരുത്തണമേയെന്നാണ് അമ്മ അഭ്യര്‍ത്ഥിക്കുന്നത്. കുരിശില്‍ വാഴുന്ന ഒരു രാജാവിനെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാന്‍ കഴി്ഞ്ഞില്ല. ലൗകികമായ ചിന്തകള്‍ കൊണ്ടാണ് അവര്‍ ഇപ്രകാരം ആഗ്രഹിക്കുന്നത്. ഈശോയുടെ ജീവിതാനുഭവം രക്തസാക്ഷിത്വത്തില്‍ പങ്കുചേരാന്‍ നമുക്ക് കഴിയുന്നുണ്ടോ? അതാണ് വലിയ കാര്യം.

    സെബദീപുത്രന്മാരുടെ അമ്മ ഇപ്രകാരമൊരു ആവശ്യം ഉന്നയിക്കുന്നതു കേള്‍ക്കുമ്പോള്‍ മറ്റ് ശിഷ്യര്‍ക്ക് അമര്‍ഷം തോന്നുന്നു.കാരണം എല്ലാവരുടെയും മനസ്സിലുള്ളത് ലൗകികമായ ചിന്തകളും ആഗ്രങ്ങളുമാണ്. ലൗകികമായ നേട്ടങ്ങളാണ്. അതിനപ്പുറം ക്രിസ്തു വിചാരിക്കുന്നതുപോലെയുള്ള ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

    ഈശോ വന്നിരിക്കുന്നത് ശ്രൂശൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനാണ്. ഞാന്‍ന ിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടൂകൂടി പങ്കില്ല എന്നാണ് ക്രിസ്തു പത്രോസിനോട് പറയുന്നത്. അപ്പോള്‍ ഈശോ വന്നിരിക്കുന്നത് മറ്റുള്ളവരെ ശുശ്രൂഷിക്കാനാണ്,കഴുകാനാണ്. ഈശോയില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിയും ചെയ്യേണ്ടതും ഇതുതന്നെയാണ്. എല്ലാ ദിവസവും പള്ളിയില്‍ വരുന്നവരുടെയെല്ലാം വിചാരം ഞാന്‍ എന്തോ വ്യത്യസ്തനാണ് എന്നാണ്. ഈശോയുടെ നാമത്തില്‍ നാം ഒന്നായിട്ടുവരുകയാണ്.

    ഒന്നായിത്തീരുന്നതിലൂടെ മാത്രമേ സാത്താന്‍ പരാജയപ്പെടുന്നുള്ളൂ മരണം പരാജയപ്പെടുകയുള്ളൂ. ശുശ്രൂഷിക്കാനും അനേകര്‍ക്ക് മോചനദ്രവ്യമായിമാറാനുമാണ് ക്രിസ്തു വന്നിരിക്കുന്നത്. സജീവമോചനദ്രവ്യമായി കൊടുക്കുന്നതാണ് നാം വിശുദ്ധ കുര്‍ബാനയില്‍ ആഘോഷിക്കുന്നത്. വചനം നമ്മെ കഴുകും. തുടര്‍ന്ന് ശരീരവും രക്തവും നല്കി ജീവന്‍ ലഭിക്കുകയും ചെയ്യും. നന്മ എന്റെ ശരീരത്തില്‍ വസിക്കുന്നില്ല എന്ന് പൗലോസ് ശ്ലീഹ പരിതപിക്കുമ്പോള്‍ വചനം ശ്രവിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ നന്മ വസിക്കുകയാണ് ചെയ്യുന്നത്.

    നമ്മുടെ ശരീരവും ആത്മാവും എല്ലാം റൂഹാലയമാകണം. അപ്പോള്‍ മാത്രമേ പാപത്തെ പരാജയപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ഈശോ നമ്മില്‍ വസിക്കണം. എല്ലാ മനുഷ്യര്‍ക്കും വിശുദ്ധ കുര്‍ബാനയുടെ ഫലം ലഭിക്കുന്നുണ്ട്. കുര്‍ബാനയില്‍ പങ്കെടുക്കുന്ന ഏതാനും ചിലര്‍ക്ക് മാത്രമല്ല അതിന്റെ ഫലം കിട്ടുന്നത്. എല്ലാതലമുറകള്‍ക്കും വേണ്ടിയുള്ള പാപപരിഹാരബലിയാണ് ക്രിസ്തു അര്‍പ്പിച്ചത്.

    മിശിഹാ ജീവിക്കുന്ന ഒരു വിശ്വാസി, സ്തുതി പാടുമ്പോള്‍ എല്ലാവിശ്വാസികളും അതില്‍ പങ്കുചേരുന്നുണ്ട്. യാമപ്രാര്‍ത്ഥനയിലൂടെ നാം മനസ്സിലാക്കുന്നത് അതാണ്. നീ പ്രാര്‍ത്ഥിക്കുന്നതാണ് നീ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് സഭയുടെ പ്രാര്‍ത്ഥനയില്‍ ഒന്നും കൂട്ടിച്ചേര്‍ക്കരുത് എന്ന് പറയുന്നത്. സഭയുടെ പ്രാര്‍ത്ഥനയോട് വിശ്വസ്തരായിരിക്കുക.

    ബൈസൈന്റയിന്‍ സഭയും ലത്തീന്‍ സഭയും തമ്മിലുള്ള വിഭജനം ഉണ്ടായത് പ്രാര്‍ത്ഥനയുടെ കാര്യത്തിലുള്ള ഒരു അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു. ഈശോയോടുള്ള സ്‌നേഹത്തിന്റെ ഏറ്റവുംവലിയ അടയാളമാണ് സഭ പഠിപ്പിക്കുന്ന പ്രാര്‍ത്ഥന അതേ രീതിയില്‍ ചൊല്ലുക എന്നത്. എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുമ്പോള്‍ വിശ്വാസസംബന്ധമായ പ്രശ്‌നമുണ്ടാകും. പ്രാര്‍ത്ഥനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രാര്‍ത്ഥിക്കുന്നതായിരിക്കണം നിന്റെ വിശ്വാസം. പ്രാര്‍ത്ഥിക്കുന്നത് തന്നെയാണ് നീ ജീവിക്കേണ്ടത്. മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!