ഒലിവുമലയ്ക്ക് ഒരുകഥ പറയാനുണ്ട്. ജറുസലേമില്‍ ദൈവികരഹസ്യങ്ങളുടെ ചുരുളഴിച്ച്, ദൈവസ്‌നേഹത്തിന്റെ മഹാപ്രവാഹത്തെക്കുറിച്ച് തന്റെ ജനത്തോട് സംസാരിച്ച ഈശോ രാത്രിയില്‍ വന്ന് വിശ്രമിച്ചത് ഒലിവുമലയുടെ ഓരത്താണ്. ആ മലയ്ക്ക് യേശുവിന്റെ സ്വപ്‌നങ്ങളറിയാം, യേശുവിന്റെ ചുടുനിശ്വാസങ്ങളറിയാം. യേശുവിന്റെ ചിന്ത കടന്നുപോകുന്ന വഴികളുമറിയാം.
കര്‍ത്താവേ, ഒരു രാത്രിയെങ്കില്‍ ഒരു രാത്രി നീ ഒലിവുമലയ്ക്കരികില്‍ ശാന്തമായി വിശ്രമിച്ചു. ഒരുപാട് പ്രതിസന്ധികള്‍ക്കിടയില്‍ ശാന്തമായി വിശ്രമിക്കാന്‍ ഇടമില്ലാതെ അലയുകയാണ് ഞാന്‍.
എല്ലാ ഭയങ്ങളില്‍ നിന്നും എല്ലാ പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും മാറി ഒരു നിമിഷം ഒന്ന് വിശ്രമിക്കാന്‍ ഇടം തേടുകയാണ് ഞാന്‍. ഒലിവുമലയുടെ നിശ്ശബ്ദതയും ഗാംഭീര്യവുംശാന്തതയും ഒക്കെ കര്‍ത്താവേ, നിനക്ക് ഒരുക്കിയ വിശ്രമസ്ഥലമായിരുന്നു. എനിക്ക് അങ്ങനെയൊരു ഇടം ഇല്ലാതെപോകുന്നതിന്റെ വേദന എന്റെ ഹൃദയത്തിലുണ്ട്.
കര്‍ത്താവേ, ഇന്ന് ഞാന്‍ തിരുമാറോട് ചേര്‍ന്നുനില്ക്കട്ടെ. ഇന്ന് ഞാന്‍ ഭയപ്പെട്ടോടി വരുമ്പോള്‍ എനിക്കൊരാശ്വാസം നല്കാന്‍ അങ്ങയുടെ തിരുവിലാവിലേക്ക് എന്നെ ഒന്ന് ചേര്‍ത്തുപിടിക്കണമേ. അസ്വസ്ഥതകള്‍ ഒന്നൊന്നായി ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ ഭയം എന്നെ ഒന്നായി മൂടുമ്പോള്‍ അങ്ങയുടെ വക്ഷസിലേക്ക് ഒന്ന് മുഖം അമര്‍ത്തി, അങ്ങയുടെ നെഞ്ചിടിപ്പിനെ എന്റെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്താന്‍ ഈ ഒലിവുമലയുടെ ചുറ്റുപാടുകളില്‍ നിന്ന് കര്‍ത്താവേ നിന്നോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഫാ. ടോമി എടാട്ട്