അന്ന് ആ പെസഹാതിരുനാള്‍ ഗൂഢാലോചനയുടെ ഒരു തിരുനാള്‍ കൂടിയായിരുന്നു.
അടുത്തുവരുന്ന പെസഹാതിരുനാളിന് അറുക്കപ്പെടുന്ന കുഞ്ഞാടിനെ അധികാരകേന്ദ്രങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പെസഹായായിരുന്നു അത്. പുരോഹിതപ്രമുഖന്മാരും നിയമജ്ഞരും ഒരുമിച്ച് കൂടിയാലോചിച്ചത് പെസഹാ എങ്ങനെ ആചരിക്കാം എന്നല്ല പെസഹായുടെ ആധ്യാത്മികയതയുമല്ല മറിച്ച് നിന്നെ എങ്ങനെ വകവരുത്താന്‍ കഴിയും എന്നാണ്.
കര്‍ത്താവേ ഓരോ പെസഹായുടെയും ആത്മീയാചരണത്തെ വികലമാക്കുന്നത് ഇതുപോലെയുള്ള ചില ഗൂഢാലോചനകളാണ്. എങ്ങനെ ആരെ എപ്പോള്‍ എവിടെവച്ച് വകവരുത്താന്‍ കഴിയും? എന്റെ മനസ്സും പതറിപ്പോയി ചിലപ്പോള്‍ ഈ ഗൂഢാലോചനയുടെ പങ്കുകാരനായി ഞാനും മാറിത്തീരാറുണ്ട്. ഓരോ പെസഹായുടെ തനിയാവര്‍ത്തനങ്ങളായ വിശുദ്ധ ബലിയിലും ഈ ഗൂഢാലോചനകള്‍ മറനീക്കി പുറത്തുവരുന്നത് ഞാനും അനുഭവിക്കാറുണ്ട്.
കര്‍ത്താവേ എന്നെ നീ മാറ്റിനിര്‍ത്തണമേ. എന്നെപോലെ അനേകായിരങ്ങളെ നീ മാറ്റിനിര്‍ത്തണമേ. പെസഹായെ പെസഹായായി ആചരിക്കുവാനുള്ള ആത്മീയശക്തി എനിക്ക് നല്കണമേ.
ഓരോ ഗൂഢാലോചനയും ഓരോ ഇടപെടലുകളും നിനക്കെതിരായിട്ടുള്ളതാണെന്ന് തിരിച്ചറിയാനുളള പ്രകാശം എനിക്ക് നല്കണമേ. സ്വാര്ത്ഥതാല്പര്യങ്ങള്ക്ക് വേണ്ടി , സ്വന്തം ഇഷ്ടങ്ങളെ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി വഴികളാലോചിക്കുമ്പോള് അവിടെ മുറിവേല്‍ക്കുന്നത് ് നീയാണെന്ന് തിരിച്ചറിയാന്‍, അവിടെ വധിക്കപ്പെടാനുള്ള നിരപരാധി നീയാണെന്ന് തിരിച്ചറിയാനുള്ള വിവേകം നല്കിയാലും. കുരിശ് ഏല്പിച്ചുകൊടുക്കപ്പെടുമ്പോള് കുരിശനടിയില് വന്നുനില്ക്കുന്നത് എന്നും നീതന്നെയാണെന്ന ആത്മീയത നീയെനിക്ക് നല്കിയാലും.
നിരപരാധിയുടെ തോളിന്മേല് ഏല്പിക്കപ്പെടുന്ന കുരിശുകളെ മാറ്റിനിര്‍ത്താനുള്ള ആത്മധൈര്യം നീയെനിക്ക് നല്കിയാലും.
ഫാ.ടോമി എടാട്ട്