നൈജീരിയ: ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ലെഹ് ഷാരിബുവെന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഇപ്പോഴും തടങ്കലില്‍ തുടരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയെ സമീപിച്ചു.
അടുത്തയിടെയാണ് തട്ടിക്കൊണ്ടുപോകപ്പെട്ട 300 ഓളം വിദ്യാര്‍ത്ഥിനികളില്‍ 279 പേരെയും മോചിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഷാരിബുവിന്റെ മാതാപിതാക്കള്‍ തങ്ങളുടെ മകളുടെ മോചനത്തിന് വേണ്ടി പ്രസിഡന്റ് ബുഹാരിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. മൂന്നുവര്‍ഷമായി ലെഹ് ഷാരിബു ബോക്കോ ഹാരം തീവ്രവാദികളുടെ തടവിലാണ്.
2018 ലാണ് തട്ടിക്കൊണ്ടുപോയത്. ക്രിസ്തീയ വിശ്വാസം തള്ളിക്കളയാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് ലെഹ് ഷാരിബു ഇപ്പോഴും തടങ്കല്‍ ജീവിതം തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥിനികളെല്ലാം മോചിതരായിരുന്നു.
താങ്കള്‍ ഫോണ്‍ ചെയ്തപ്പോള്‍ എന്റെ മകളെ എത്രയും പെട്ടെന്ന് മോചിപ്പിക്കാമെന്ന് വാക്കുനല്കിയിരുന്നതാണെന്നും എന്നാല്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും അവള്‍ തടങ്കലില്‍ തന്നെ തുടരുകയാണെന്ന് ഓര്‍മ്മിക്കണമെന്നും മകളുടെ മോചനക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് അമ്മ റെബേക്ക പ്രസിഡന്റിന് എഴുതിയ കത്തില്‍ പറയുന്നു.