ബ്രിസ്റ്റോള്‍:പതിനഞ്ചു വര്‍ഷത്തെ സേവനങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഫാ. ജോയ് വയലില്‍ സിഎസ് ടിക്ക് ഹൃദ്യമായ യാത്ര അയപ്പ് നല്കി. സീറോമ ലബാര്‍ കമ്മ്യൂണിറ്റിയുടെ തുടക്കക്കാലത്താണ് 2006 ല്‍ ഓക്‌സ്‌ഫോര്‍ഡില്‍ പഠിക്കാനായി അദ്ദേഹം ഇവിടെയെത്തിയത്.
2006 മുതല്‍ 2021 വരെ നീണ്ട പതിനഞ്ചുവര്‍ഷക്കാലം ഫാ. ജോയ് യുടെ സേവനങ്ങള്‍ രൂപതയ്ക്കും വിശ്വാസികള്‍ക്കും ഏറെ അനുഗ്രഹപ്രദമായിരുന്നു. വാല്‍സിംങ്ഹാം തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചതും ദ:ുഖവെള്ളിയാഴ്ചയുടെ ഭാഗമായി മാൽവേൺ മല കയറ്റത്തിന് ആരംഭം കുറിച്ചതും യൂറോപ്പിലെ തന്നെ ആദ്യത്തെ ബൈബിള്‍ കലോത്സവമായ ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് നേതൃത്വം നല്കിയതും ജോയി അച്ചന്റെ മഹത്തായ സംഭാവനകളില്‍ ചിലതുമാത്രമാണ്.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മതബോധന ഡയറക്ടറായും സേവനം ചെയ്ത അദ്ദേഹം ദമ്പതിവര്‍ഷം, യുവജനവര്‍ഷം, കുടുംബവര്‍ഷം തുടങ്ങിയ ആചരണങ്ങളിലും മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.
ഫാ. പോള്‍വെട്ടിക്കാട്ട്, ട്രസ്റ്റി ഷാജിവര്‍ഗീസ്, ഡീക്കന്‍ ജോസഫ് ഫിലിപ്പ് എന്നിവര്‍ യാത്രഅയപ്പു വേളയില്‍ പ്രസംഗിച്ചു. കേരളത്തില്‍ സെമിനാരി അധ്യാപകനായി ഫാ. ജോയി വയലില്‍ തന്റെ ശുശ്രൂഷയുടെ അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കും.
മരിയന്‍ മിനിസ്ട്രിയുടെയും മരിയന്‍പത്രത്തിന്റെയും വളര്‍ച്ചയില്‍ ഫാ. ജോയി വയലില്‍ സിഎസ്ടിയുടെ സംഭാവനകള്‍ നിസ്തുലമായിരുന്നു.പുതിയ ശുശ്രൂഷാമേഖലയിലേക്ക് കാലെടുത്തുവയ്ക്കുന്ന അച്ചന് മരിയന്‍ പത്രത്തിന്റെ എല്ലാവിധ ഭാവുകങ്ങളും പ്രാര്‍ത്ഥനകളും..