Thursday, October 10, 2024
spot_img
More

    യൗസേപ്പിതാവിന്റെ വണക്കമാസം 14- ാം തീയതി

    “യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി ” (മത്തായി 1:18).

    വി. യൗസേപ്പ് പ്രാര്‍ത്ഥനാജീവിതത്തിന്‍റെ ഉദാത്ത മാതൃക

    വി. യൗസേപ്പ് എന്തെങ്കിലും സംസാരിച്ചതായി നാം വിശുദ്ധ ഗ്രന്ഥത്തില്‍ കാണുന്നില്ല. എന്താണ് ഇതിനു കാരണം? അദ്ദേഹം പ്രാര്‍ത്ഥനയുടെ ഉന്നതമായ അവസ്ഥയില്‍ എത്തിയിരുന്നതിനാലാണ് അധികം സംസാരിക്കാതിരുന്നത് എന്നാണ് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നത്. അതായത് പ്രാര്‍ത്ഥനാജീവിതത്തിന്‍റെ ഉദാത്ത മാതൃകയാണ് വി. യൗസേപ്പ്. അദ്ദേഹം പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നു മനസ്സിലാക്കാവുന്നതാണ്. പരിശുദ്ധ കന്യകാമറിയം ഗര്‍ഭിണിയായി എന്നു കാണപ്പെട്ട അവസരത്തില്‍ വി. യൗസേപ്പ് അസ്വസ്ഥചിത്തനായി.

    കന്യകാമറിയം ഗര്‍ഭിണിയായിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ് എന്ന്‍ ദൈവദൂതന്‍ വന്ദ്യപിതാവിനെ അറിയിക്കുന്നു. ഹേറോദേസ് ശിശുവിനെ വധിക്കുവാനുള്ള ഉപജാപത്തില്‍ ഏര്‍പ്പെടുന്ന വിവരവും ദൈവദൂതനാണ്‌ അദ്ദേഹത്തെ അറിയിക്കുന്നത്. ഈജിപ്തില്‍ നിന്നുള്ള പ്രത്യാഗമനം വത്സലപിതാവ് ദൈവത്തിന്‍റെ പ്രത്യേക നിര്‍ദ്ദേശാനുസരണമാണ് നിര്‍വഹിച്ചത്. അനിതരസാധാരണമായ പ്രാര്‍ത്ഥനാജീവിതം നയിക്കുന്നവര്‍ക്കു മാത്രമേ അത് സാധിക്കുകയുള്ളൂ. തിരുക്കുടുംബം എല്ലാവര്‍ഷവും ഓര്‍ശ്ലം ദൈവാലയത്തില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നു. സുദീര്‍ഘവും ക്ലേശം നിറഞ്ഞതുമായ യാത്ര കഴിച്ച് അവര്‍ ജെറുസലേമില്‍ എത്തിച്ചേര്‍ന്നു. പ്രാര്‍ത്ഥിക്കുന്നതില്‍ അവര്‍ ഏറെ തത്പരരായിരുന്നു എന്നുള്ള വസ്തുത വി. യൗസേപ്പിന്‍റെ പ്രാര്‍ത്ഥനാ തീക്ഷ്ണതയേ എടുത്തു കാട്ടുന്നു.

    പ്രാര്‍ത്ഥനയുടെ ഏറ്റവും ഉന്നതമായ പദവി പ്രഖ്യാപിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു വിശുദ്ധ ത്രേസ്യ. ധ്യാനിക്കുവാന്‍ അറിഞ്ഞുകൂടാത്തവര്‍ വി. യൗസേപ്പിന്‍റെ പക്കല്‍ പോകുവിന്‍. അദ്ദേഹം നിങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കും എന്ന്‍ അമ്മ ത്രേസ്യ പ്രസ്താവിച്ചിട്ടുണ്ടല്ലോ. സ്വന്തം ജീവിതത്തില്‍ ഉണ്ടായ അനുഭവത്തില്‍ നിന്നായിരിക്കണം വി. ത്രേസ്യ ഇപ്രകാരം പറഞ്ഞിട്ടുള്ളത്. ദൈവാരാധനയിലും പ്രാര്‍ത്ഥനയിലും നാമും എത്രമാത്രം തത്പരരായിരിക്കണമെന്ന് വി. യൗസേപ്പിന്‍റെ ജീവിതമാതൃക നമ്മെ പഠിപ്പിക്കുന്നു. കൂടാതെ വിശുദ്ധ യൗസേപ്പ് പ്രവര്‍ത്തിച്ചതെല്ലാം ഈശോയോടുകൂടി, ഈശോയില്‍, ഈശോയ്ക്കു വേണ്ടി ചെയ്തുകൊണ്ട് അദ്ദേഹത്തിന്‍റെ ജീവിതം തന്നെ ഒരു നിരന്തര പ്രാര്‍ത്ഥനയായി രൂപാന്തരപ്പെടുത്തി. നമ്മുടെ അനുദിന ജീവിത ചുമതലകളും ജോലികളുമെല്ലാം ഇപ്രകാരം ചെയ്തുകൊണ്ടും നമുക്കും നമ്മുടെ ജീവിതത്തെ പ്രാര്‍ത്ഥനയാക്കിത്തീര്‍ക്കാം. പ്രഭാതത്തിലെ തന്നെ നിയോഗപ്രകരണത്തിലൂടെ നമുക്ക് അത് നിര്‍വഹിക്കാം.

    സംഭവം

    ഇറ്റലിയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജിയോവാനി എന്ന യുവാവ് 1871-ല്‍ കഠിനരോഗ ബാധിതനായി. സമര്‍ത്ഥരായ അനേകം ഡോക്ടര്‍മാരെക്കൊണ്ട് ചികിത്സ നടത്തിയെങ്കിലും രോഗശമനം ഉണ്ടായില്ല. ഇനി യാതൊരു മാര്‍ഗ്ഗവും അവശേഷിക്കുന്നില്ല എന്ന്‍ അദ്ദേഹത്തിന് ബോദ്ധ്യമായി. ഉണ്ടായിരുന്ന വസ്തുവകകളെല്ലാം വിറ്റ് ആ കുടുംബം ഈ രോഗം മൂലം നിര്‍ദ്ദനാവസ്ഥയിലായിത്തീര്‍ന്നു. കണ്ണീരും കൈയുമായിത്തീര്‍ന്ന കുടുംബാംഗങ്ങള്‍ ഡോക്ടര്‍മാരോട് ഏതെങ്കിലും വിധത്തില്‍ ജിയോവാനിയെ രക്ഷിക്കണമെന്ന് കരഞ്ഞപേക്ഷിച്ചു. പക്ഷേ, ഡോക്ടര്‍മാരുടെ മറുപടി ഇപ്രകാരമായിരുന്നു. ” ഈ രോഗിക്ക് രക്ഷ പ്രദാനം ചെയ്യുവാന്‍ ഇന്നുള്ള യാതൊരു വൈദ്യശാസ്ത്രത്തിനും സാദ്ധ്യമല്ല. ദൈവസഹായം കൊണ്ടു മാത്രം ഒരുപക്ഷേ ഇയാള്‍ രക്ഷപെട്ടേക്കാം.”

    മരണത്തിന്‍റെ വക്കിലെത്തിയെന്നു ബോദ്ധ്യമായിരുന്നതിനാല്‍ ഇടവക വികാരി ജിയോവാനിക്ക് രോഗീലേപനം നല്‍കിയിരുന്നു. മാര്‍ യൗസേപ്പിന്‍റെ ഉത്തമ ഭക്തരായ കുടുംബാംഗങ്ങള്‍ ജിയോവാനിക്കു വേണ്ടി ഈ പുണ്യപിതാവിന്‍റെ പക്കല്‍ സഹായമഭ്യര്‍ത്ഥിച്ചു. എല്ലാവരും മുട്ടുകുത്തി തിരുസ്വരൂപത്തിന്‍റെ മുന്‍പില്‍ അശ്രുകണങ്ങള്‍ ചൊരിഞ്ഞു ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചു. മാര്‍ യൗസേപ്പിന്‍റെ രൂപത്തില്‍ ചുംബിക്കുവാനുള്ള പ്രചോദനം രോഗിക്കുണ്ടായി. ആഗ്രഹം കുടുംബാംഗങ്ങളെ അറിയിച്ചു. അതനുസരിച്ച് രൂപം കൊണ്ടുവന്നു ചുംബിച്ചു. യുവാവില്‍ അത്ഭുതകരമായ രോഗശാന്തിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ക്രമേണ രോഗവിമുക്തി ലഭിക്കുകയും ചെയ്തു.

    ജപം

    പ്രാര്‍ത്ഥനാ ജീവിതത്തില്‍ ഉന്നതമായ പദവി പ്രാപിച്ച വി. യൗസേപ്പേ. അങ്ങ് ദൈവവുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നല്ലോ. അങ്ങ് ചെയ്തതെല്ലാം ഈശോയോടുകൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയുമായിരുന്നു. വത്സലപിതാവേ, ഞങ്ങളും ദൈവാരാധനയിലും പ്രാര്‍ത്ഥനയിലും തീക്ഷ്ണതയുള്ളവരാകുവാന്‍ അനുഗ്രഹിക്കണമേ. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഈശോയോടുകൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയും നിര്‍വഹിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.

    1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

    വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

    കര്‍ത്താവേ, അനുഗ്രഹിക്കണമേ

    (കര്‍ത്താവേ…)

    മിശിഹായെ, അനുഗ്രഹിക്കണമേ.

    (മിശിഹായെ…)

    കര്‍ത്താവേ, അനുഗ്രഹിക്കണമേ.

    (കര്‍ത്താവേ…)

    മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

    (മിശിഹായെ…)

    മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

    (മിശിഹായെ…)

    സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

    (ഞങ്ങളെ അനുഗ്രഹിക്കണമേ)

    ലോകരക്ഷകനായ ക്രിസ്തുവേ,

    പരിശുദ്ധാത്മാവായ ദൈവമേ,

    ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

    .

    പരിശുദ്ധ മറിയമേ,

    (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

    വിശുദ്ധ യൗസേപ്പേ,

    ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

    ഗോത്രപിതാക്കളുടെ പ്രകാശമേ,

    ദൈവജനനിയുടെ ഭര്‍ത്താവേ,

    പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

    ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

    മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

    തിരുക്കുടുംബത്തിന്‍റെ നാഥനേ,

    എത്രയും നീതിമാനായ വി. യൗസേപ്പേ,

    മഹാ വിരക്തനായ വി.യൗസേപ്പേ,

    മഹാ വിവേകിയായ വി. യൗസേപ്പേ,

    മഹാ ധീരനായ വി. യൗസേപ്പേ,

    അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

    മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

    ക്ഷമയുടെ ദര്‍പ്പണമേ,

    ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

    തൊഴിലാളികളുടെ മാതൃകയേ,

    കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

    കന്യകകളുടെ സംരക്ഷകാ,

    കുടുംബങ്ങളുടെ ആധാരമേ,

    നിര്‍ഭാഗ്യരുടെ ആശ്വാസമേ,

    രോഗികളുടെ ആശ്രയമേ,

    മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

    പിശാചുക്കളുടെ പരിഭ്രമമേ,

    തിരുസ്സഭയുടെ പാലകാ,

    ഭൂലോകപാപ….(3)

    (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

    (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

    പ്രാര്‍ത്ഥിക്കാം

    അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

    സുകൃതജപം

    പ്രാര്‍ത്ഥനാജീവിതത്തിന്‍റെ മാതൃകയായ വി. യൗസേപ്പേ, ഞങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണമേ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!