ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ ഭരണകൂടത്തിന്റെ കിരാതമുറകള്‍ക്ക് പുതിയ മുഖം. കഴിഞ്ഞ ആഴ്ചകളിലായി 450 കത്തോലിക്കാ വീടുകള്‍ പാക്കിസ്ഥാനില്‍ തകര്‍ക്കപ്പെട്ടു. ആയിരത്തോളം ക്രൈസ്തവരുടെ വീടുകള്‍ വരും ദിവസങ്ങളില്‍ ഇടിച്ചുനിരത്തുമെന്നാണ് അറിയിപ്പ്. ഗവണ്മെന്റ് അധികാരികള്‍ വഴിയാണ് വീടുകള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നത്.
40 വര്‍ഷം മുമ്പ് നിര്‍മ്മിക്കപ്പെട്ട വീടുകളാണ് സര്‍ക്കാര്‍ വകഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന കാരണം പറഞ്ഞ് തകര്‍ത്തുകൊണ്ടിരിക്കുന്നത്. കടലിലേക്കുള്ള മഴവെള്ളം തടഞ്ഞുനിര്‍ത്താന്‍ ഈ വീടുകള്‍ കാരണമാകുന്നുവെന്നും തന്മൂലം വെള്ളപ്പൊക്കം ഉണ്ടാകുന്നുവെന്നുമാണ് വിശദീകരണം. എന്നാല്‍ നിയമപരമായ എല്ലാവിധ അവകാശങ്ങളും സൗകര്യങ്ങളോടും കൂടിയാണ് ഇവര്‍ ഇത്രയും വര്‍ഷം ഇവിടെ കഴിഞ്ഞിരുന്നത്.
പാക്കിസ്ഥാനിലെ ഹൈദരബാദിലെ കാലി മോറിയില്‍ ഈ മാസം പാതിയോടെ ഡസന്‍കണക്കിന് വീടുകളാണ് തകര്‍ക്കപ്പെട്ടത്. ഇവിടേയ്ക്ക് ആദ്യമായി കുടിയേറിയത് ക്രൈസ്തവര്‍ അവരില്‍ കത്തോലിക്കരുമായിരുന്നു. കഴിഞ്ഞ ആറുദിവസം കൊണ്ട് 450 ക്രൈസ്തവ കുടുംബങ്ങള്‍ക്കാണ് തല ചായ്ക്കാന്‍ ഇടം ഇല്ലാതായത്.