യോഹന്നാന്റെ സുവിശേഷം 21 ാം അധ്യായം 15 മുതല്ക്കുള്ള തിരുവചനങ്ങളില്‍ നാം ഇങ്ങനെ വായിക്കുന്നുണ്ട് യോഹന്നാന്റെ പുത്രനായ ശിമയോനേ നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുണ്ടോ? യേശു മൂന്നുതവണയാണ് ഈ ചോദ്യം ചോദിച്ചത്. മൂന്നാമത്തെ ചോദ്യവും കേട്ടപ്പോള്‍ പത്രോസ് ദു:ഖിതനായി എന്നും നാം വായിക്കുന്നു. എന്തുകൊണ്ട് ഈശോ മൂന്നുതവണ ഈ ചോദ്യം ചോദിച്ചു. പല വ്യാഖ്യാനങ്ങളും നാം വചനപ്രഘോഷണ വേദിയില്‍ ഇതിന് നല്കാറുണ്ട്.
എന്റെ മനസ്സില്‍ തോന്നിയ ധ്യാനം ഇതാണ്. അതായത് പത്രോസിനെ ബോധ്യപ്പെടുത്തുന്ന തലമാണ് ഇവിടെയുളളത്. നീ പറഞ്ഞത് ശരിയാണോ എന്ന് നമ്മള്‍ ചില വ്യക്തികളോട് ഒന്നും രണ്ടും വട്ടം ചോദിക്കാറുണ്ട്. മൂന്നാം തവണയും ചോദിക്കുമ്പോഴായിരിക്കും അവര്‍ പറഞ്ഞത് സത്യമാണെന്നോ അല്ലെങ്കില്‍ നുണയാണെന്നോ അവസാനമായിട്ട്പറയുന്നത്.. എല്ലാവരെക്കാളും ഉപരിയായി നീയെന്നെ സ്‌നേഹിക്കുന്നുണ്ടോയെന്നാണ് ഈശോ ചോദിക്കുന്നത്. മൂന്നുരീതിയിലാണ് നാം പ്രതികരിക്കുന്നത്.
ഒന്ന് നാവിലൂടെയുള്ള മറുപടി. അധരവ്യായാമം.രണ്ട് ബുദ്ധിയിലൂടെയുള്ള മറുപടി. വായന, ചിന്ത എന്നിവയിലൂടെയുള്ള മറുപടി. മൂന്നാമത്തേത് ഹൃദയത്തില്‍ നിന്നുള്ള മറുപടിയാണ്.
ഈശോയെ ഞാന്‍ സ്‌നേഹിക്കുന്നു എന്ന മറുപടി എന്റെ ഹൃദയത്തില്‍ നിന്നാണ് ഉണ്ടാവേണ്ടത്. സുവിശേഷവല്ക്കരണം നമ്മുടെ ഇടയില്‍ ശക്തമാകണമെങ്കില്‍ ഈശോയോടുള്ള സ്‌നേഹം നമ്മുടെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്നുണ്ടാവണം. സുവിശേഷപ്രഘോഷണമേഖലയില്‍ നാം എവിടെയെങ്കിലും അസ്വസ്ഥതകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഒരു കാരണം നാം അതിനെ പെര്‍ഫോമന്‍സ് മാത്രമായിട്ട് കാണുന്നു എന്നതാണ്.
നാവിലൂടെ വരുന്ന, വെറും ഉപരിപ്ലവമായ സംഭവമായിട്ട് അത് മാറുന്നു. രണ്ടാമത്തേത് ഫിലോസഫിക്കല്‍ തോട്ടായിരിക്കും നല്കുന്നത്. ബുദ്ധിയുടെ, വായനയുടെ തലത്തില്‍ നിന്നുള്ളതാണ് അത്. അതുകൊണ്ടൊന്നും നമുക്ക് ക്രിസ്തുവിന്റെ സാക്ഷിയാകാന്‍ കഴിയില്ല. അതിനപ്പുറമുള്ള ഒന്നുണ്ട്. ഹൃദയത്തില്‍ നിന്നുള്ളതാണ് അത്. പരിശുദ്ധഅമ്മയില്‍ നിന്നുളള മറുപടി നോക്കുക. അത് ഹൃദയത്തില്‍ നിന്നുള്ളതായിരുന്നു.
ഈശോയെ അത്യധികം സ്‌നേഹിച്ചുകൊണ്ടുള്ളതായിരുന്നു. ഈശോയോടുള്ള സ്‌നേഹം കൊണ്ടാണ് നാം ഓരോന്നും ചെയ്യുന്നതെങ്കില്‍ അവിടെ അപ്പോള്‍തന്നെ സുവിശേഷവല്ക്കരണം ആരംഭിക്കുന്നു. ഈശോയോടുള്ള അത്യഗാധമായ സ്‌നേഹത്തില്‍ നിന്നാണ് സുവിശേഷപ്രഘോഷണം ഉണ്ടാകുന്നത്.
പത്രോസിന്റെ ഉള്ള്ം കരയുന്നത് നാം കാണുന്നു. ശരിക്കും ഉള്ളില്‍ നിന്ന് ദൈവരാജ്യത്തിന്റെ വചനം വരുമ്പോള്‍ അവിടെ വലിയൊരു മാനസാന്തരം ഉണ്ടാകുന്നു. സൗഖ്യം ഉണ്ടാകുന്നു. അടുത്തൊരു കാര്യം പത്രോസിനോട് പറയുന്നത്, പ്രായമാകുമ്പോള്‍ നീ നിന്റെ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്റെ അരമുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്ക് നിന്നെ കൊണ്ടുപോവുകയും ചെയ്യും എന്നാണ്.
ശരിക്കും സുവിശേഷപ്രഘോഷണം ആത്മാര്‍ത്ഥമാകുമ്പോള്‍ അവിടെയൊരു സഹനത്തിന്റെ തലമുണ്ട്. മരണത്തിന്റെ തലമുണ്ട്. അവിടെ എല്ലാവരും നമ്മുടെ വാക്കുകളോ ചിന്താഗതികളോ സ്വീകരിക്കുമെന്ന് നിര്‍ബന്ധമില്ല. ശരിക്കും ഈശോയോടുള്ള സ്‌നേഹത്തില്‍ നിന്ന് നാം സുവിശേഷപ്രവര്‍്ത്തനത്തിന് ഇറങ്ങുമ്പോള്‍ അവിടെ ത്യാഗവും ഒറ്റപ്പെടുത്തലും പീഡനങ്ങളും അപമാനങ്ങളും നിന്ദനങ്ങളും താരമത്യപഠനങ്ങളും എല്ലാം സംഭവിക്കും.
വിശുദ്ധിയെന്ന പുണ്യം നമ്മിലുണ്ടെങ്കില്‍, സുവിശേഷപ്രഘോഷണത്തിന് ഇറങ്ങിത്തിരിക്കുന്ന വ്യക്തികളിലെ ആത്മശുദ്ധിയുണ്ടെങ്കില്‍ വിശുദ്ധി തന്നെ അവിടെ വര്‍ക്കൗട്ടാകും. ലോകത്തില്‍ നിന്നുളള അകല്‍ച്ചയുണ്ടാകണം. അതിന് പകരം അംഗീകാരം, പദവി,പ്രശസ്തി… ഇങ്ങനെ കളര്‍ഫുള്ളാക്കാന്‍ നോക്കരുത്. സ്‌നേഹം ഐക്യം കൂട്ടായ്മ..ഇതാണ് വേണ്ടത്. വിശുദ്ധിയുള്ള ഒരാള്‍ ഉണ്ടെങ്കില്‍ അയാള്‍ക്ക് ചുറ്റും തന്നെ സുവിശേഷപ്രഘോഷണം നടക്കും.
പല കാര്യങ്ങളില്‍ നാം ജാഗ്രത പുലര്‍ത്തിയെങ്കില്‍ മാത്രമേ സുവിശേഷപ്രഘോഷണം നല്ല രീതിയില്‍ നടക്കുകയുള്ളൂ. ഈശോ മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. ഈശോയെ കൊടുക്കുക എന്നതുമാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. മറ്റ് യാതൊരു ഓഫറുകളും നാം ആര്‍ക്കും കൊടുക്കാന്‍ പാടില്ല. ഈശോയെ കൊടുക്കുക എന്നതുമാത്രമായിരിക്കണം സുവിശേഷപ്രഘോഷകന്റെ ഹൃദയത്തിലെ സ്വരം. വേറെയൊന്നും പ്രതീക്ഷിക്കരുത്. ഈശോയെ കൊടുക്കുന്നവരായി മാറുക.
അത്തരമൊരു തലത്തെക്കുറിച്ച് നാം ആഴത്തില്‍ ആലോചിക്കണം. സുവിശേഷപ്രഘോഷകര്‍ക്ക് ഏകമനസും, ഏകാഭിപ്രായവും ഉണ്ടായിരിക്കണം. സ്‌നേഹത്തില്‍ ഐക്യത്തില്‍ കൂട്ടായ്മയില്‍ ആയിരിക്കണം സുവിശേഷപ്രഘോഷണം നടക്കേണ്ടത്. നമ്മുക്കിടയില്‍ ഭിന്നിപ്പുണ്ടാകരുത്.
സുവിശേഷവേലയ്ക്ക് പോകുന്നവരില്‍ കുറവുകള്‍ ഉണ്ടാകും. ഇഷ്ടംപോലെയുണ്ടാകാം. പക്ഷേ അതിനെ പൊലിപ്പിക്കരുത്. മറിച്ച് അവരിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയുകയും അവരെയോര്‍ത്ത് നന്ദിപറയുകയും ചെയ്യുക. നമ്മുടെ സുവിശേഷപ്രഘോഷണം സഭാത്മകമായിരിക്കണം. ബലിപീഠത്തിലേക്ക്, കൂദാശകളിലേക്ക് ദൈവജനത്തെ കൂട്ടിക്കൊണ്ടുവരുന്നതാകണം. എല്ലാ ആത്മാക്കളെയും തിരുസഭയില്‍ കൂദാശയ്ക്ക് കൂട്ടിച്ചേര്‍ക്കുക.
(ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിച്ച സുവിശേഷത്തിന്റെ ആനന്ദം എന്ന പ്രോഗ്രാമില്‍ നടത്തിയപ്രസംഗത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍)