കുരിശിന്റെ നിഴല്‍ വീണ വഴിയില്‍

ജീവിതത്തിലെ മഹാപ്രതിസന്ധിയുടെ നിമിഷത്തിലും പതിവ് തെറ്റിക്കാതെ നീ നടന്നുപോയത് ഒലിവുമലയിലേക്കാണ്. നിരപരാധിയായിരിക്കെ കുറ്റക്കാരാനായി വിധിക്കപ്പെടുമെന്ന് നല്ല ഉറപ്പുണ്ടായിട്ടും ശിഷ്യന്മാരെല്ലാവരും തന്നെ വിട്ട് ഓടിയകലുമെന്ന് അങ്ങേയറ്റം ബോധ്യപ്പെട്ടിട്ടും അവസാന നിമിഷം അടുത്തെത്തുന്നുവെന്നു ആഴത്തിലറിഞ്ഞിട്ടും നീ പതിവ് തെറ്റിച്ചില്ല.

പതിവുപോലെ നീ ഒലിവുമലയിലേക്ക് പ്രാര്‍ത്ഥിക്കാനായി പോയീ എന്നത് സുവിശേഷകന്‍ എഴുതിവച്ചിരിക്കുന്നത് അത്ഭുതത്തോടെയാണ് ഞാന്‍ കാണുന്നത്. എന്റെ ജീവിതത്തില്‍ സാധാരണയില്‍ കവിഞ്ഞ ഒരു അസ്വസ്ഥത കടന്നുവരുമ്പോള്‍ ചെറിയൊരു താളം തെറ്റലുണ്ടായോയെന്ന് സന്ദേഹിക്കുമ്പോള്‍ വല്ലാതെ പകച്ചുപോകുന്ന എന്റെ ജീവിതത്തോട് നീ പറഞ്ഞുതരുന്ന സന്ദേശം പതിവു തെറ്റിക്കാതെ ജീവിതത്തില്‍ കടന്നുചെല്ലാന്‍ കഴിയുന്ന പ്രാര്‍ത്ഥനയുടെ ഒരു ഒലിവുമല സൂക്ഷിച്ചുവയ്ക്കണം എന്നു തന്നെയാണ്.

ജീവിതത്തിലെ വലിയ ദുരിതമുഖത്തെ നീ നേരിട്ടത് ഈ ഒലിവുമലയുടെ ബലത്തിലാണ്. അവിടെ നിന്നുകൊണ്ടാണ് നീ പിതാവുമായി സംസാരിച്ചത് എന്ന് ഞാന്‍ തിരിച്ചറിയുകയാണ്. കര്‍ത്താവേ വല്ലാതെ ഒറ്റപ്പെട്ടുപോകുമ്പോഴും ജീവിതത്തിലെ പ്രതിസന്ധികള്‍ തിരമാലകള്‍ കണക്കെ അടിച്ചുകയറി എന്റെ ചുവടു പറിച്ചുകളയുമ്പോഴും എനിക്ക് കടന്നുപോകാന്‍ ഒരു ഒലിവുമല ഉണ്ടായിരിക്കണമെന്ന സത്യം ഞാന്‍ തിരിച്ചറിയുന്നു.

അവിടെ നീ പിതാവുമായി സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തതുപോലെ കര്‍ത്താവേ നിന്നോട് സംസാരിച്ചിരുന്ന് ആത്മീയബലം നേടാന്‍ എല്ലാവരെയും പിന്നിലാക്കി ഒരുകല്ലേറുദൂരം മാറി ഒലിവുമലയുടെ ഓരത്തുപോയിരിക്കുവാന്‍ നീയെന്നെ അനുഗ്രഹിക്കണം. കര്‍ത്താവേ അങ്ങയുടെ ശക്തിസ്രോതസ് ഈ ഏകാന്തതയുടെ, ആത്മീയതയുടെ ഒലിവുമലയായിരുന്നുവെന്ന് എന്നെ പഠിപ്പിക്കുമ്പോള്‍ ആ ഒലിവുമലയിലേക്ക് നീയെന്നെ കൊണ്ടുപോകണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

നീ പ്രാര്‍ത്ഥിച്ച ഒലിവുമലയുടെ അരികിലേക്ക് എന്നെ കൂടി തോളത്ത് കൈയിട്ട് നീ കൊണ്ടുപോകണം. എവിടെയും പതറിപ്പോകാതെയിരിക്കാന്‍ ഒലിവുമലയുടെആത്മീയ രഹസ്യം അങ്ങെനിക്ക് നല്കണം.

ആമ്മേന്‍

ഫാ.ടോമി എടാട്ട്‌

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates