Tuesday, July 1, 2025
spot_img
More

    ഈശോയ്ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കുന്നവരായി മാറുക: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

    പ്രസ്റ്റണ്‍: നാമമാത്ര ക്രൈസ്തവരായി ജീവിക്കാതെ ഈശോയ്ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുന്നവരായി നാം മാറണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. അപ്പോള്‍ അവിടുത്തെ പോലെ നാമും അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരായി മാറും.

    കര്‍്ത്താവിന്റെ പ്രിയപ്പെട്ടവരെല്ലാം അവിടുത്തെ പാടിപ്പുകഴ്ത്താനും സ്തുതിക്കാനുമായി ഒന്നിച്ചുചേരുന്ന ദിവസമാണ് ഞായര്‍. ദൈവഹിതം അനുസരിക്കുന്ന എല്ലാവര്‍ക്കും ദൈവഭവനത്തില്‍ സ്ഥാനമുണ്ട്. ദൈവത്തിന്റെ പദ്ധതി മാത്രമേ നിലനി്‌ല്ക്കുകയുളളൂ. മനുഷ്യന്റെ പദ്ധതികളോട് ആരൊക്കെ സഹകരിച്ചാലും ആ വ്യക്തിയുടെ മരണത്തിന് ശേഷം അവരെല്ലാം ചിതറിക്കപ്പെടും.

    സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലതും സമയത്തിന്റെ പൂര്‍ണ്ണതയില്‍ മിശിഹായില്‍ എല്ലാം ഏകീകരിക്കപ്പെടും. ദൈവശാസ്ത്രത്തിന്റെ വലിയൊരു കാര്യമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. ഈശോമിശിഹാ ശരീരത്തിന്റെ ശിരസായിട്ട് വരുന്നു. ഈശോയ്ക്ക് അത്രയധികം പ്രാധാന്യം കൊടുത്തിട്ടാണോ നാം നമ്മുടെ ക്രിസ്തീയ ജീവിതം മുന്നോട്ടകൊണ്ടുപോകുന്നതെന്ന് നാം ആത്മശോധന നടത്തണം.

    ഒരു ആട്ടിന്‍കൂട്ടവും ഇടയനുമാകും എന്ന് ക്രിസ്തു പ്രവചിക്കുന്നുണ്ട്.ഈ ലോകത്തിലെ ഭരണകര്‍ത്താവിനെ കാണുന്നതുപോലെ നാം ക്രിസ്തുവിനെ കാണരുത്. സര്‍വ്വജ്ഞനായ ഭരണകര്‍ത്താവ് എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അത്തരമൊരു ധാരണ നമ്മുടെ ഉള്ളില്‍ കടന്നുകൂടാനിടയുണ്ട്. താനാകുന്ന ഭവനത്തില്‍ എല്ലാവരെയും ഒരുമിച്ചുചേര്‍ക്കുന്ന പരിപാലകനാണ് ഈശോ.

    നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുതെന്ന് ക്രിസ്തു പറയുന്നു. പിതാവില്‍ വിശ്വസിക്കുവിന്‍, പുത്രനില്‍ വിശ്വസിക്കുവിന്‍, റൂഹായില്‍ വിശ്വസിക്കുവിന്‍. എന്നില്‍ അനേകം വാസസ്ഥലമുണ്ടെന്നും ഈശോ പറയുന്നു. വാസസ്ഥലമൊരുക്കാനായിട്ടാണ് ഈശോ പോകുന്നത്. പിതാവിന്റെ മഹത്വത്തിലേക്ക് പ്രവേശിക്കുന്ന ഈശോയെ നാം കാണുന്നുണ്ട്. ശരീരത്തില്‍ കാണപ്പെട്ട ഈശോ പിതാവിന്റെ മഹത്വത്തിലേക്ക് പ്രവേശിക്കുന്നു. ഈശോയാകുന്നു വഴിയും സത്യവും ജീവനും.

    വാഗ്ദത്തഭൂമിയിലേക്കാണ് പഴയനിയമത്തിലെ ജനത ചെങ്കടല്‍ കടന്ന് പ്രവേശിച്ചതെങ്കില്‍ പുതിയ നിയമത്തില്‍ മിശിഹായിലൂടെ ഈശോയുടെ ശരീരം,മരണം ഉത്ഥാനം എന്നിവയിലൂടെ നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന നിത്യജീവനിലേക്കാണ് നാം പ്രവേശിക്കുന്നത്. പെസഹായിലൂടെ നാം വാഗ്ദത്തം പ്രാപിച്ചിരിക്കുകയാണ്. ഞാനാകുന്നു വഴിയും സത്യവും ജീവനും എന്നാണ് ക്രിസ്തു പറയുന്നത്.

    നാം ഈശോയിലാണെങ്കില്‍ നാം വഴിയിലാണ്.. വഴിയെന്ന് പറയുമ്പോള്‍നാം മനസ്സിലാക്കേണ്ടത് സത്യമായ ദൈവം തന്നെയാണ്. വിശുദ്ധി തന്നെയാണ്. നസ്രായനായ ഈശോയെ കാണുമ്പോള്‍നാം പിതാവിനെയാണ് കാണുന്നത്. പിതാവിനെ ആര്‍ക്കും കാണാന്‍ സാധിക്കില്ല. എന്നാല്‍ പിതാവ് എന്താണ് എന്ന് നാം മനസ്സിലാക്കുന്നത്പുത്രനിലൂടെയാണ്. എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നുവെന്നാണ് ഈശോ പറയുന്നത്.

    ത്രീതൈ്വകദൈവം എന്ന് പറയുമ്പോള്‍ നാം മനസ്സിലാക്കുന്നത് പരസ്പര അനുസരണമാണ്. ഈശോ മനുഷ്യനാണെങ്കിലും ഓരോ പ്രവൃത്തിയും ദൈവത്തിന്റെ പ്രവൃത്തിയാണ്. എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും എന്ന് ക്രിസ്തു പറയുന്നു.

    വിശ്വാസി ചെറുതാകണം. ഈ ശിശുവിനെ പോലെ ചെറുതാകണം എന്നതാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനുളള യോഗ്യതയായി ക്രിസ്തു പറയുന്നത്. ആരാണ് ഈ ശിശു? അത് ക്രിസ്തു തന്നെയാണ്. എല്ലാം സൃഷ്ടിച്ച ദൈവം ഏറ്റവും ചെറുതായി നില്ക്കുകയാണ്.ഈ ശിശുവിനെ പോലെ ചെറുതാകുന്നവന്‍ മാത്രം സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കും.

    ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ക്രിസ്ത്യാനികളായ നമുക്ക് എന്തുകൊണ്ടാണ് ഈശോ ചെയ്ത പ്രവൃത്തികള്‍ ചെയ്യാന്‍ സാധിക്കാത്തത്? ലോകസ്ഥാപനത്തിന് മുന്നേയുള്ളപ്രവൃത്തിയാണ് രക്ഷാകരപ്രവൃത്തി. മിശിഹായുടെ അമൂല്യമായ രക്തത്താല്‍ രക്ഷിക്കപ്പെട്ട സഭയാണ് നമ്മുടേത്. നമുക്ക് ഇനിയും അത് ബോധ്യമായിട്ടില്ല.

    ഇനി ഈശോയ്ക്ക് നിന്റെ കണ്ണല്ലാതെ വേറെ കണ്ണില്ല, നിന്റെ കരമല്ലാതെ വേറെ കരമില്ല എന്നാണ് അമ്മത്രേസ്യാ പറയുന്നത്. പക്ഷേ ഇപ്പോഴും ഈശോയ്ക്കു വേണ്ടി നമ്മെതന്നെ വി്ട്ടുകൊടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. നമ്മള്‍ ഓരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്. പക്ഷേ നാം നമ്മുടെ സമയവും ക്രൈസ്തവജീവിതവും വെറുതെ പാഴാക്കുകയാണ്.

    നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും ഞാന്‍ പ്രവൃത്തിക്കും എന്ന് ഈശോ വാക്കു നല്കുന്നുണ്ട്. സ്വയം ചെറുതാകുന്നവരോടാണ് ക്രിസ്തു ഇത് പറയുന്നത്. പേരില്‍ ക്രൈസ്തവരായി ജീവിക്കുന്ന നമ്മോടല്ല ക്രിസ്തു ഇത് പറയുന്നത്.

    അനുതാപവും മാനസാന്തരവും ദൈവത്തിന്റെ പ്രവൃത്തിയാണ്. എസ്തപ്പാനോസ് എന്ന വ്യക്തിയുടെ ചുരുങ്ങിയ സമയം കൊണ്ട് സാവൂളിന്‌റെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടായി. പൗലോസിന്റെ പ്രവൃത്തി വഴി സഭയില്‍ അനേകം മാറ്റങ്ങളുണ്ടായി. എന്നാല്‍ ഇവിടെ എസ്തപ്പാനോസിന്റെ സഹനമാണ് അടിസ്ഥാനമായത്. അവരുടെ പാപം അവരുടെ മേല്‍ ആരോപിക്കരുതേ എന്നാണ് എസ്തപ്പാനോസ് പ്രാര്‍ത്ഥിച്ചത്. കര്‍ത്താവായ ഈശോമിശിഹായ്ക്ക് സമര്‍പ്പിച്ചുകൊണ്ട് എസ്തപ്പാനോസിനെ പോലെ പ്രാര്‍ത്ഥിച്ചുകൊണ്ട് നമുക്ക് മുന്നോട്ടുപോകാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!