Saturday, July 12, 2025
spot_img
More

    കര്‍ത്താവില്‍ ആശ്രയിച്ചാല്‍ അവിടുന്ന് ആരെയും കൈവിടുകയില്ല: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

    പ്രസ്റ്റണ്‍: കര്‍ത്താവില്‍ ആശ്രയിച്ചാല്‍ അവിടുന്ന് ആരെയും കൈവിടുകയില്ലെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. സ്വര്‍ഗ്ഗത്തിന്റെ അനുഭവത്തില്‍ ആയിരിക്കുന്ന ദിവസമാണ് ഞായര്‍ എന്നും അദ്ദേഹം പറഞ്ഞു.

    നസ്രായനായ ഈശോയെ ബാഹ്യമായി കാണാന്‍ ശിഷ്യന്മാര്‍ക്ക് സാധിച്ചിരുന്നു. അല്പസമയം കഴിഞ്ഞാല്‍ നിങ്ങളെന്നെ കാണുകയില്ലഎന്ന് ഈശോ പറയുമ്പോള്‍ അത് ഈശോയുടെ മരണത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. അതുവരെ നരനയനങ്ങള്‍ കൊണ്ട് കാണാന്‍ കഴിഞ്ഞിരുന്ന യേശുവിനെ മരണത്തിന് ശേഷം ബാഹ്യമായ കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കാതെയായി.

    വീണ്ടും അല്പസമയം കഴിഞ്ഞാല്‍ നിങ്ങളെന്നെ കാണും എന്നതുകൊണ്ട് ഈശോ ഇവിടെ ഉദ്ദേശിക്കുന്നത് തന്റെ ഉയിര്‍പ്പിനെക്കുറിച്ചാണ്. ലാസര്‍ ഉയര്‍ത്തതുപോലെയല്ല ക്രിസ്തു ഉയിര്‍ത്തത്. ലാസറിന് ബയോളജിക്കലായിട്ടുളള ഉയിര്‍പ്പാണ് സംഭവിച്ചത്. പക്ഷേ ക്രിസ്തുവിന്റെ ഉയിര്‍പ്പ് അത്തരത്തിലുള്ളതായിരുന്നില്ല.

    ബാഹ്യമായ കണ്ണുകള്‍ കൊണ്ട് യോഹന്നാന്‍ ക്രിസ്തുവിനെ കണ്ടിട്ടുണ്ട്. എന്നാല്‍ അത്തരം നോട്ടം കൊണ്ട് വിശ്വാസത്തിലേക്ക് വരാന്‍ സാധിക്കുകയില്ല. ജ്ഞാനത്തിന്റെ ആത്മാവിനെ ലഭിക്കണം എങ്കില്‍ മാത്രമേ ക്രിസ്തുവിനെ കാണാന്‍ കഴിയൂ. ഹൃദയത്തിന്റെ കണ്ണ് തുറക്കുക പ്രധാനപ്പെട്ട കാര്യമാണ്. സുറിയാനി പാരമ്പര്യത്തില്‍ കൃത്യമായി ഒരു പ്രബോധനമുണ്ട്. ലൂമിനസ് ഐ എന്നതാണ് അത്.

    പ്രകാശിതമായ കണ്ണ്. പ്രകാശിതമായ കണ്ണ് എന്നത് തുറക്കപ്പെട്ട ഹൃദയമാണ്. ഈശോയുടെ എല്ലാ അനുഭവങ്ങളിലും പിതാവായ ദൈവം കൂടെയുണ്ടായിരുന്നു. ദു:ഖവെള്ളിയുടെ പ്രസവവേദന ക്രിസ്തു അനുഭവിക്കുമ്പോള്‍ അതിന്റെ ഫലം സമാധാനമാണ്. അതുകൊണ്ടാണ് കുരിശില്‍ വച്ചുതന്നെ ഈശോ നല്ല കള്ളനോട് പറയുന്നത് നീ ഇന്ന് പറുദീസായിലായിരിക്കും എന്ന്.

    , പറുദീസാ എന്നത് സ്വര്‍ഗ്ഗീയമായ ഐക്യമാണ്. ദു:ഖവെള്ളിയും ദു:ഖശനിയും ഇല്ലാതെ ആര്‍ക്കും പിതാവുമായുള്ള ഐക്യത്തിലായിരിക്കാന്‍ സാധിക്കുകയില്ല. മിശിഹായുടെ പ്രബോധനം കാരുണ്യവും പ്രത്യാശയും കൃപയും ആയുസും നന്മയുമെല്ലാമാണ്. മിശിഹായുടെ പ്രബോധനത്താലാണ് നമുക്ക് കാഴ്ച ലഭിക്കുന്നത്.

    കുരിശിനെ ആശ്ലേഷിക്കാതെ ആര്‍ക്കും സമാധാനം ഉണ്ടാവുകയില്ല. മഹത്വത്തിന്റെ കാഴ്ച കാണാന്‍ ഈശോയുടെ കണ്ണ് ലഭിക്കണം. എല്ലാ മനുഷ്യരോടും സമാധാനത്തിലായിരിക്കാനും വിശുദ്ധി പ്രാപിക്കാനും എല്ലാവരും ശ്രമിക്കണമെന്നാണ് അപ്പസ്‌തോലന്‍ ഓര്‍മ്മിപ്പിക്കുന്നത്.

    നസ്രായനായ ഈശോയിലൂടെ മാത്രം പിതാവായദൈവത്തെ കാണുന്നു. നമ്മള്‍ ഇപ്പോഴും സമയം പാഴാക്കിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ ഇപ്പോഴും വിജാതീയരെപോലെയാണ് ജീവിക്കുന്നത്.

    ഈശോ സാധ്യമാക്കിയ രക്ഷ നമുക്ക് പ്രാപിക്കാന്‍ സാധിക്കുന്നില്ല. ഈശോയില്‍ എല്ലാവരും വിശ്വസിക്കുന്നു. പക്ഷേ ഈശോ അവരെ വിശ്വസിക്കുന്നില്ല. കാരണം അവരുടെ ഉള്ളിലുള്ളത് എന്താണെന്ന് ഈശോ മനസ്സിലാക്കിയിരുന്നു. ഉയിര്‍പ്പ് എന്താണെന്ന് നാം ഇനിയും മനസ്സിലാക്കിയിട്ടില്ല. സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുളള അകലം ഇല്ലാതകുന്നതാണ് ഉയിര്‍പ്പ്. നമ്മള്‍ ഇപ്പോഴും അന്ധരാണ്. ഹൃദയം കൊണ്ട് നാം ഇപ്പോഴും അന്ധരാണ്.അന്ധരല്ലെങ്കില്‍ നാംഇപ്പോഴും ഇങ്ങനെ ഇരിക്കില്ല. ശ്ലീഹന്മാരെ പോലെ, പൗലോസിനെപോലെ നാം ജീവിക്കും.

    ഈശോമിശിഹായെ അറിയുക എന്നതാണ് നിത്യജീവന്‍. നിങ്ങള്‍ ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കുകയാണ് എന്തിനെന്നല്ലേ നിങ്ങളെ പോലെ അവരെയും ആക്കിത്തീര്‍ക്കുവാന്‍. അന്ധകാരത്തിലാക്കാന്‍. ഈശോ പ്രകാശമായിരുന്നു. പ്രകാശത്തിലുള്ളവര്‍ പ്രകാശത്തിലൂടെ വഴി നയിക്കുന്നു.അകലെയുള്ള ഒരു വ്യക്തിയെപോലെയാണ് നാം ദൈവത്തോട്‌സംസാരിക്കുന്നത്. എന്നാല്‍ അത് അങ്ങനെയല്ല.ദൈവവും ആലയവും തമ്മില്‍ അകലമില്ല. ദൈവം രക്ഷിക്കുന്നവന്‍ മാത്രമല്ല നമ്മെ പവിത്രീകരിക്കുന്നവന്‍കൂടിയാണ്. ദൈവികരാക്കുന്നവനാണ്. ദൈവികത പകര്‍ന്നുകൊടുക്കേണ്ട ശുശ്രൂഷയായിരിക്കണം സുവിശേഷവല്ക്കരണം. കര്‍ത്താവില്‍ ആശ്രയിച്ചു കഴിഞ്ഞാല്‍ അവിടുന്ന് ആരെയും കൈവിടുകയില്ല. മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!