ഈ കാലഘട്ടം ആത്മീയനിദ്രയില്‍ നിന്നുണര്‍ന്ന് എണീല്‌ക്കേണ്ട സമയമാണ്. ഈ കാലഘട്ടത്തിന്റെ പ്രത്യേകത ആമോസ് 8 :11 ല്‍ പറയുന്നതുപോലെയാണ്.ദേശത്ത് ക്ഷാമം അയ്ക്കുന്ന നാളു വരുന്നു. ….ദൈവവചനത്തിന് വേണ്ടിയുള്ള ക്ഷാമം. ഓരോ സൃഷ്ടിയും ദൈവവചനത്തിന് വേണ്ടി ദാഹിക്കുന്ന കാലമാണ്. അതുകൊണ്ട് സുവിശേഷവല്ക്കരണവും സുവിശേഷപ്രഘോഷണവും ഈ കാലഘട്ടത്തില്‍ അത്യന്താപേക്ഷിതമാണ്. ഈ ക്ഷാമം തീര്‍ക്കുകയാണ് സുവിശേഷവേലയിലൂടെ സംഭവിക്കേണ്ടത്.
പരിശുദ്ധ കന്യാമറിയമാണ് നമുക്ക് ഇതിന് മാതൃക. ആദ്യത്തെ സദ് വാര്‍ത്തയ്ക്ക് മറിയമാണ് സമ്മതം മൂളിയത്. ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വചനം എന്നില്‍ നിറവേറട്ടെ എന്ന മറിയത്തിന്റെ വാക്ക് സുവിശേഷത്തിന് വേണ്ടിയുള്ള ആദ്യത്തെ സമര്‍പ്പണവാക്യമായിരുന്നു.
സമര്‍പ്പണം മാത്രമല്ല പിന്നീടുള്ള തിരുവചനങ്ങളില്‍ തിടുക്കപ്പെട്ട് യാത്രയാകുന്ന മറിയത്തെയും നാം കണ്ടുമുട്ടുന്നു. സുവിശേഷത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുകയും ശുശ്രൂഷ ചെയ്യുകയും ചെയ്തപ്പോള്‍ മറിയത്തിന്റെ ഉള്ളിലുണ്ടായ ആനന്ദം എന്റെ ചിത്തം രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു എന്ന തിരുവചനത്തിലൂടെ പ്രകടമാകുന്നു.
അതുകൊണ്ട് പരിശുദ്ധ കന്യാമറിയത്തിലൂടെ നമുക്കും യഥാര്‍ത്ഥ സുവിശേഷത്തില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. കര്‍ത്താവിന്റെ വചനമാണ് എനിക്ക് ആനന്ദം എന്ന് സങ്കീര്‍ത്തനങ്ങളില്‍ നാം കാണുന്നുണ്ട്. കര്‍ത്താവിന്റെ പ്രമാണത്തില്‍ ആനന്ദം കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ നശിച്ചുപോകുമായിരുന്നുവെന്നും സങ്കീര്‍ത്തനകാരന്‍ പറയുന്നു.
ഇങ്ങനെ സങ്കീര്‍ത്തനകാരന്‍ കണ്ടെത്തിയതുപോലെയുളള സന്തോഷം നാം കണ്ടെത്തിക്കഴിയുമ്പോള്‍ നമ്മുടെ രൂപതകളിലും നാം ആയിരിക്കുന്ന ഇടങ്ങളിലുമെല്ലാം സുവിശേഷത്തിന്റെ ആനന്ദമുണ്ടാകും. ഏതെങ്കിലും ഒരു വചനം സ്വീകരിച്ചുകൊണ്ട് ആ വചനത്തിന് വേണ്ടി നമ്മുടെ ജീവിതം മാറ്റിവയ്ക്കുക. വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ചെയ്തതുപോലെ.. നമ്മുടെ ഉള്ളിലെ വിശുദ്ധനും വിശുദ്ധയും പുറത്തേക്ക് വരുന്നത് വചനത്തിന്റെ മുമ്പിലുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെയാണ്.
എന്റെ ചെറുപ്പകാലത്ത് തന്നെ എനിക്ക് ദൈവവചനത്തോട് വലിയൊരാകര്‍ഷണം കിട്ടിയിരുന്നു. ആ ആകര്‍ഷണത്തിന്റെ വെളിച്ചത്തിലാണ് വചനത്തിന് വേണ്ടിയുള്ള ദാഹം, വിശപ്പ് ആരംഭിച്ചത്. വചനത്തിന് വേണ്ടി ഏറെ ദാഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അതുകൊണ്ട് പിന്നീട് ദൈവവചനം മാത്രം പ്രസംഗിക്കുക. ദൈവവചനത്തിന് വേണ്ടി മാത്രം ജീവിതം നീക്കിവയ്ക്കുക. ഇങ്ങനെയൊരു ചിന്ത എന്റെ ഉള്ളില്‍ അലയടിക്കാന്‍ തുടങ്ങി.
ജെറമിയ പ്രവാചകന്റെ പുസ്തകത്തില്‍ പറയുന്നതുപോലെ കര്‍ത്താവിന്റെ വചനം ഞാന്‍ കണ്ടെത്തുകയും അത് ഉളളില്‍ നിറഞ്ഞപ്പോള്‍ ഞാന്‍ യഥാര്‍്ത്ഥ ആനന്ദം അനുഭവിക്കുകയും ചെയ്തു. എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ കല്പനകള്‍ പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കും ഞാനും എന്റെ പിതാവും അവനോടൊപ്പം വാസം ചെയ്യും എന്ന യോഹന്നാന്‍ ശ്ലീഹായുടെ തിരുവചനത്തിലൂടെ പരിശുദ്ധ ത്രീത്വവുമായുള്ള ഐക്യം ലഭിക്കും എന്ന ഉറച്ച ബോധ്യം എനിക്ക് ലഭിക്കുകയായിരുന്നു. അവരുടെ പ്രവൃത്തികളെല്ലാം ദൈവഐക്യത്തില്‍ നിന്നായിരുന്നു എന്നും യോഹന്നാന്‍ ശ്ലീഹ പറയുന്നുണ്ട്. സുവിശേഷവേലയിലുള്ള എല്ലാ പ്രവൃത്തികളുും ദൈവവുമായുള്ള ഐക്യത്തില്‍ വന്നാല്‍ ദൈവത്തിന്റെ കൃപ നമ്മളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും.അങ്ങനെ കര്‍ത്താവിന്റെവചനം നമുക്കും അനേകര്ക്കും ആനന്ദമായി മാറും. അതോടൊപ്പം തന്നെ ദൈവം കൂട്ടായ്മയില്‍ വളരെ ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യും.