കാനഡ: മിസിസാഗ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും രൂപതാധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലിലിന്റെ സ്ഥാനാരോഹണവും ഇന്ന് നടക്കും. സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മ്മികത്വം വഹിക്കും. ബിഷപ് മാര്‍ ജോസ് കല്ലുവേലിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. പൊതു സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായിരിക്കും.
സീറോ മലബാര്‍ സഭയെ കനേഡിയന്‍ സംസ്‌കാരത്തില്‍ വേരുറപ്പിക്കുക എന്നതാണ് രൂപതയുടെ സ്ഥാപനലക്ഷ്യമെന്ന് ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ പറഞ്ഞു. ഇവിടെ ജനിച്ചുവളര്‍ന്ന കുട്ടികള്‍ രണ്ടുതരം സംസ്‌കാരങ്ങളുടെ ഭാഗമാണ്. വീടുകളിലെ കേരളസംസ്‌കാരവും പൊതു ഇടങ്ങളിലെ കനേഡിയന്‍ സംസ്‌കാരവും. ഇതു രണ്ടിനെയും പൂര്‍ണ്ണമായും സ്വീകരിക്കാനോ തള്ളാനോ പുതിയ തലമുറയിലെ കുട്ടികള്‍ക്ക് കഴിയുന്നില്ലെന്നും ഇത് അവരില്‍ വ്യക്തിത്വപ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും ബിഷപ് കല്ലുവേലില്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ ആദ്യതലമുറയെ ഉള്‍ക്കൊണ്ടുതന്നെ പുതുതലമുറയെ ഇവിടെ വേരുറപ്പിക്കുക എന്നതാണ് രൂപതയുടെ ആദ്യവര്‍ഷങ്ങളിലെ മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നുവര്‍ഷക്കാലത്തെ ദൈവജനത്തിന്റെയും വൈദികരുടെയും സമര്‍പ്പിതരുടെയും കൂട്ടായപ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇന്ന് മിസിസാഗ രൂപത എന്ന യാഥാര്‍ത്ഥ്യത്തില്‍ എത്തിനില്ക്കുന്നത്.
2015 ഓഗസ്റ്റ് ഒന്നിന് സീറോ മലബാര്‍ അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റായി ഉയര്‍ത്തിയ മിസിസാഗയെ 2018 ഡിസംബര്‍ 22 ന് ഫ്രാന്‍സിസ് മാര്‍പാപ്പ രൂപതയായി ഉയര്‍ത്തുകയായിരുന്നു.