Wednesday, December 4, 2024
spot_img
More

    സത്യാത്മാവ്‌ വരുമ്പോൾ…

    പരിശുദ്ധാത്മാവിന്റെ ആഗമനത്താൽ ശക്തരായിത്തീർന്ന ശിഷ്യന്മാരുടെ ജീവിതം പിന്നീട്‌ എപ്രകാരമായിരുന്നു എന്നത്‌ ചരിത്രമാണ്‌. ഉത്ഥിതനായ കർത്താവിനെ പലവേളകളിൽ അവർ കാണുകയും പലതും മനസിലാക്കുകയും ചെയ്തിരുന്നിട്ടും അവരെ ഭയം വല്ലാതെ ഗ്രസിച്ചിരുന്നു. എന്നാൽ, പന്തക്കുസ്താദിനത്തിലെ ആത്മാഭിഷേകം അവരെ ഭയവിമുക്തരാക്കുകയും, പുതിയ സൃഷ്ടികളാക്കിത്തീർക്കുകയും അങ്ങനെ ലോകമെങ്ങും തങ്ങളുടെ ഗുരുവും നാഥനുമായിരുന്ന കർത്താവിനെ പ്രഘോഷിക്കാൻ അവർ സന്നദ്ധരാവുകയും ചെയ്തു. ഈശോയിൽ നിന്ന്‌ കാണുകയും കേൾക്കുകയും ചെയ്തതെല്ലം അവരുടെ ഉള്ളിൽ ഉറപ്പുള്ള ബോധ്യമായി മാറുന്നതിനും അത്‌ ജീവിതമാക്കി മാറ്റുന്നതിനും അവരെ തുണച്ചത്‌ ഈശോ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിന്റെ ആവാസമാണ‍്‌ അല്ലതെ മറ്റൊന്നുമല്ല.

    യോഹന്നാന്റെ സുവിശേഷത്തിൽ നാമിങ്ങനെ വായിക്കുന്നു, “സത്യാത്മാവ്‌ വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക്‌ നയിക്കും അവൻ സ്വമേധയാ ആയിരിക്കില്ല സംസാരിക്കുന്നത്‌. അവൻ കേൾക്കുന്നത്‌ മാത്രം സംസാരിക്കും” (യോഹ. 16:13,14). സത്യാത്മാവ്‌ നമ്മുടെ സമൂഹങ്ങളിൽ സത്യമായും വന്നുവോ, വന്നെങ്കിൽ ഈ ആത്മാവ്‌ അവിടെ കുടികൊള്ളുന്നുവോ എന്നീ ചിന്തകൾ എപ്പോഴും നല്ലതാണ്‌. എത്രയോ വർഷങ്ങളായി നമ്മൾ പന്തക്കുസ്താ തിരുനാൾ ആഘോഷിക്കാൻ തുടങ്ങിയിട്ട്‌. സഭയുടെ ആരംഭംതന്നെ സത്യാത്മാവ്‌ ശിഷ്യരിൽ വന്നുചേർന്ന ഈ തിരുനാളിനോട്‌ ചേർത്താണ്‌. എന്നിട്ടും എന്തേ സത്യമായതിന്റെ ഒപ്പം നിൽക്കാനും സത്യസന്ധരാകാനും നമുക്ക്‌ കഴിയാതെ പോകുന്നു. പരിശുദ്ധാത്മാഭിഷേകത്താൽ തുടക്കം കുറിച്ച സഭയുടെ ഇന്നത്തെ തനയരായ നമുക്ക്‌ ഈശോയുടെ ശിഷ്യരുടേതുപോലെ ജീവിക്കാൻ സാധിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നത്‌ പലയിടങ്ങളിൽ നിന്നുമുയരുന്ന ആത്മാർത്ഥമായ പ്രാർത്ഥനയാണ്‌. നമ്മുടെ ജീവിതത്തിൽ ഈശോയുടെ വാഗ്ദാനവും പരിശുദ്ധവുമായ ആത്മാവിന്റെ വാസം ഇല്ലാ, അല്ലെങ്കിൽ, അന്യമാകുന്നു എന്നല്ലേ ഇതിനർത്ഥം?

    സത്യം മാത്രമേ സമാധാനത്തിന്‌ വഴിയൊരുക്കൂ. സത്യത്തിന്‌ വിലകൽപ്പിക്കാത്തിടത്ത്‌ ജീവിതം ദുഃസ്സഹമായിരിക്കും എന്നാർക്കാണറിയാത്തത്‌. സത്യാത്മാവിന്റെ സാന്നിധ്യമുള്ളിടത്ത്‌ സാഹോദര്യവും സന്തോഷവും പരസ്പര സ്നേഹവുമുണ്ടാകും. അവിടെ അസത്യത്തിനും നുണകൾക്കും ഒരിക്കലും സ്ഥാനമുണ്ടാകില്ല. അതിനാലാകാം “സ്നേഹത്തേക്കാൾ, പണത്തേക്കാൾ, പ്രശസ്തിയേക്കാൾ എനിക്ക്‌ സത്യം നൽകുക” എന്ന്‌ ഏതോ മഹദ്‌വ്യക്തി പറഞ്ഞുവച്ചത്‍‌. സോറൻ കീർക്കഗാഡ്‌ എന്ന തത്വചിന്തകൻ പറയുന്നതിങ്ങനെയാണ്‌. “സത്യം എല്ലായ്പ്പോഴും ന്യൂനപക്ഷത്തിൽ നിലനിൽക്കുന്നു, ന്യൂനപക്ഷം എല്ലായ്പ്പോഴും ഭൂരിപക്ഷത്തേക്കാൾ ശക്തമാണ്‌, കാരണം ഇത്തരം ന്യൂനപക്ഷങ്ങൾ പൊതുവെ രൂപപ്പെടുന്നത്‌ ശരിക്കും സത്യമുള്ളവരാലാണ്‌. അതേസമയം ഭൂരിപക്ഷത്തിന്റെ ശക്തി വെറും മിഥ്യയാണ്‌, അഭിപ്രായമില്ലാത്ത സംഘങ്ങളാൽ രൂപീകൃതമായതാണ്‌”. ഈശോയുടെ ശിഷ്യർ വളരെ കുറച്ചുപേർ മാത്രമായിരുന്നു. എന്നിട്ടും ആ ന്യൂനപക്ഷം സത്യാത്മാവിനാൽ നിറഞ്ഞവരായിരുന്നതിനാൽ അവർ വളരെ ശക്തരായിരുന്നു എന്നത്‌ കാലം തെളിയിച്ച വസ്തുതയാണ്‌. കീർക്കഗാഡിന്റെ വാക്കുകൾ എത്രയോ സത്യം.

    പന്തക്കുസ്താ തിരുനാൾ ദിനത്തിൽ സത്യാത്മാവിനെ സ്വീകരിച്ച്‌ നട്ടെല്ലുനിവർത്തി, ഭയം ലേശവും കൂടാതെ സത്യം പ്രഘോഷിച്ച പത്രോസിനേയും കൂട്ടരേയും പോലെ സത്യം പറയാൻ നമുക്കും ആഗ്രഹിക്കാം. പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും സത്യത്മാവ്‌ അവരെ പഠിപ്പിക്കുകയും അവർ അത്‌ ജീവിക്കുകയും ചെയ്തപ്പോൾ അവരുടെ ഗുരുവിനെപ്പോലെ അവരിൽ മിക്കവർക്കും പീഡകളേറ്റ്‌ ജീവൻ വെടിയേണ്ടിവന്നു. അതാണവർ സത്യാത്മാവിനെ സ്വീകരിച്ചതിന്റെ പേരിൽ കൊടുത്ത വില.

    അസത്യങ്ങളും നുണകളുംകൊണ്ട്‌ കെട്ടിപ്പടുക്കുന്നതിന്‌ അധികം ആയുസ്സുണ്ടാകില്ല അതെപ്പോഴെങ്കിലും തകർന്നു വീഴും നിശ്ചയം. എന്നാൽ ദൈവാത്മാവിന്റെ നിമന്ത്രണങ്ങളോട്‌ ചേർന്ന്‌ ജീവിതത്തെ ക്രമീകരിക്കുമ്പോൾ ആ ജീവിതം സംതൃപ്തി നിറഞ്ഞതാകും. സത്യാത്മാവിന്റെ അഭിഷേകം ഉള്ളവർക്ക്‌, എൻ എൻ കക്കാടിന്റെ കവിതയുടെ പേര്‌ സൂചിപ്പിക്കുന്നതുപോലെ സ്വന്തം ജീവിതത്തെ നോക്കി “സഫലമീ യാത്ര” എന്ന്‌ എന്ന്‌ ആത്മാർത്ഥമായി പറയുവാനും കഴിയും. ഈ വലിയ സാഫല്യത്തിലേക്കും സമാധാനത്തിലേക്കും എത്തിച്ചേരാൻ സാധിക്കുന്നവിധം നമ്മുടെ ജീവിതങ്ങളിലേക്ക്‌ ആത്മാവ്‌ ഇറങ്ങിവരട്ടെ.

    എല്ലാവർക്കും സത്യാത്മാവിന്റെ നിറസാന്നിധ്യമുള്ള പന്തക്കുസ്താ തിരുനാൾ മംഗളങ്ങൾ പ്രാർത്ഥനാപൂർവം നേരുന്നു.

    പോൾ കൊട്ടാരം കപ്പൂച്ചിൻ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!