ഇഡോനേഷ്യ: ഇഡോനേഷ്യയിലെ തിയോളജി ആന്റ് ഫിലോസഫി സ്‌കൂളിന്റെ തലവനായ ഫാ. ഓട്ടോ ഗുസ്റ്റി മാഡുങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ കത്തോലിക്കാവിശ്വാസികളുടെ ശക്തമായ രോഷപ്രകടനം.
മെയ് 23 ന് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇതിന് കാരണം. വ്യക്തിപരമായ എന്റെ അഭിപ്രായം സാധിക്കുമെങ്കില്‍ കത്തോലിക്കാ സഭ സ്വവര്‍ഗ്ഗവിവാഹത്തെ അംഗീകരിക്കണമെന്നാണ്. ലെഡാലേറോ കത്തോലിക്കാ സ്‌കൂള്‍ ഓഫ് ഫിലോസഫിയുടെ റെക്ടറും ഡിവൈന്‍ വേര്‍ഡ് സന്യാസസമൂഹാംഗവുമായ വൈദികന്‌റെ ഈ അഭിപ്രായപ്രകടനമാണ് വിശ്വാസികളുടെ രോഷത്തിന് വഴിതെളിച്ചത്.
ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ഫോര്‍ ഡിവേഴ്‌സിറ്റി ഗ്രൂപ്പ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ നിന്നുള്ള അഭിപ്രായപ്രകടനമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.
ഇതെന്തൊരു കാഴ്ചപ്പാടാണ്? വിശ്വാസികള്‍ ചോദിക്കുന്നു. സാത്താന്റെ ഇത്തരം കെണികളില്‍ ഞങ്ങളെ വീഴ്ത്തരുത്. ലിബറല്‍ തിയോളജിയുടെ ഭാഗമാണ് ഇങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങള്‍. ഇത് കത്തോലിക്കാസഭയെ നശിപ്പിക്കും. വിശ്വാസികള്‍ രോഷത്തോടെ പ്രതികരിക്കുന്നു.