Sunday, February 16, 2025
spot_img
More

    ദൈവം പ്രതിസന്ധികള്‍ തരുന്നത് വിശ്വാസത്തില്‍ വളര്‍ത്താന്‍ വേണ്ടി: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

    ദൈവത്തിന്റെ കാര്യത്തിന് വേണ്ടി ഇറങ്ങിത്തിരിക്കുന്നുവോ നമ്മുടെ ഭൗതികാവശ്യങ്ങള്‍ ദൈവം നിറവേറ്റിത്തരും. ഇതാണ് അത്ഭുതം. വിശുദ്ധ ഗ്രന്ഥത്തിലും ലോകത്തിലെ വിവിധഭാഗങ്ങളിലും ഈ അത്ഭുതം നമുക്ക് കാണാന്‍ കഴിയും.

    ഞാന്‍ എന്റെ ഒരു അനുഭവം പറയാം. അടുത്തയിടെ ഞാന്‍ ഒരു മിണ്ടാമഠത്തില്‍ പോയിരുന്നു. മുപ്പതോളം പേരുളള മിണ്ടാമഠം. ലോക്ക് ഡൗണ്‍ കാലത്ത് പുറത്തുള്ളവര്‍ക്കുപോലും ഭക്ഷണം കിട്ടാന്‍ ബുദ്ധിമുട്ടു വരുന്ന സമയത്ത് ഇവരെങ്ങനെയാണ് ജീവിക്കുന്നതെന്ന് പലരും ഓര്‍ക്കുന്നുണ്ടാവും. അപ്പോഴാണ് അവര്‍ തങ്ങളുടെ ജീവിതത്തിലെ ഒരു അനുഭവം പറഞ്ഞത്. തിരുവോസ്തി ഉണ്ടാക്കുന്ന ഒരു മിഷ്യന്‍ അവര്‍ക്കാവശ്യമായിരുന്നു.

    എന്നാല്‍ അതിന്റെ ചെലവ് ഒരു കോടി രൂപയാണ്. അത്രയും തുക ഈ കന്യാസ്ത്രീകള്‍ക്ക് ഉണ്ടാക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ ഒരു വ്യക്തിയിലൂടെ ദൈവം അവരുടെ ജീവിതത്തില്‍ ഇടപെട്ടു. അദ്ദേഹം ഈ കന്യാസ്ത്രീകള്‍ക്ക് ഒരു കോടി വിലയുള്ള തിരുവോസ്തി നിര്‍മ്മിക്കാനുള്ള മിഷ്യന്‍ വാങ്ങികൊടുത്തു. ദൈവത്തിന് വേണ്ടി നാം ജീവിക്കുന്നുണ്ടോ അപ്പോള്‍ നമുക്കാവശ്യമുള്ളത് കൃത്യസമയത്ത് നല്കാന്‍ ദൈവം ബാധ്യസ്ഥനാണ്.

    ദൈവത്തിന്റെ വചനം അനുസരിക്കാനോ അവിടുത്തെ സ്വരം ശ്രവിക്കാനോ നാം ചെറുതായിട്ടെങ്കിലും ശ്രമിച്ചുതുടങ്ങിയാല്‍ ദൈവം നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ ചെയ്യും. എല്ലാ കാര്യങ്ങളും ദൈവം അപ്പോള്‍ മുതല്‍ നിറവേറ്റിത്തരും. ഏലിയായ്ക്ക് കാക്ക അപ്പം കൊണ്ടുവന്നുകൊടുത്തതുപോലെയുള്ള അത്ഭുതങ്ങള്‍ നമ്മുടെ ജീവിതത്തിലും നിറവേറും.

    ഇന്നത്തെ സാഹചര്യത്തില്‍ കാക്കയ്ക്ക് പകരം ഒരു വ്യക്തിയായിരിക്കും അല്ലെങ്കില്‍ ഒരു കമ്പനിയായിരിക്കും ചിലപ്പോള്‍ ഒരുകൂട്ടം ആളുകളായിരിക്കും. ദൈവത്തിന് ദൈവത്തിന്റെ വഴിയുണ്ട്, അത് കൊണ്ടുവന്നുതരാന്‍. എന്നാല്‍ കുറെക്കഴിയുമ്പോള്‍ നമ്മുടെ ദൈവാശ്രയബോധം കുറയും. ഏലിയായക്കും അതു സംഭവിച്ചു. അരുവിയിലേക്കും കാക്കയിലേക്കും നോക്കുകയല്ലാതെ ദൈവത്തിലേക്ക് നോക്കാന്‍ ഏലിയാ മറന്നു.

    അപ്പോഴാണ് അരുവി വറ്റുകയും കാക്ക വരാതാകുകയും ചെയ്തത്. പിന്നീടാണ് ദൈവം സെറേഫാത്തിലെ വിധവയുടെ സമീപത്തേക്ക് പ്രവാചകനെ അയ്ക്കുന്നത്. അവിടെ താമസിക്കുമ്പോഴാണ് വിധവയുടെ മകന്‍ മരിക്കുന്നതും വിധവ പ്രവാചകനെ ചോദ്യം ചെയ്യുന്നതും. വിധവയുടെ മകന്റെ ജീവനറ്റ ശരീരവുമായി മുകളിലേക്ക് പോകുന്ന പ്രവാചകന്‍ ആ ശരീരത്തിലേക്ക് വീണുകിടന്ന് ദൈവത്തോട് നിലവിളിച്ച് അപേക്ഷിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലൂം ദൈവം നമ്മെ വൈതരണികളിലൂടെയും പ്രശ്‌നങ്ങളിലൂടെയും കടത്തിവിടും. പ്രശ്‌നങ്ങള്‍ അനുവദിച്ചുതരും. എന്തിനാണ് അത്? ദൈവത്തെ ആശ്രയിക്കുന്നവര്‍ക്കും അന്വേഷിക്കുന്നവര്‍ക്കും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? അതിനുള്ള വിശദീകരണം ഇതാണ്.

    ദൈവം നമ്മുടെ വിശ്വാസം വളര്‍ത്തുന്നത് ഘട്ടംഘട്ടമായിട്ടാണ്. ഏലിയായെ തന്നെ നമുക്കെടുക്കാം. ക്ഷാമകാലത്ത് തന്നെ പോറ്റിയ ദൈവത്തിന്റെ ശക്തി പ്രവാചകന്‍ തിരിച്ചറിഞ്ഞു. ഇത് വിശ്വാസത്തിന്റെ ഒന്നാം ഘട്ടം. രണ്ടാം ഘട്ടത്തില്‍ മരിച്ചവരെ പോലും ഉയിര്‍പ്പിക്കാന്‍ കഴിവുള്ള ദൈവത്തിന്റെ ശക്തി പ്രവാചകന്‍ തിരിച്ചറിയുകയാണ്.

    മൂന്നാമത്തെ ഘട്ടത്തില്‍ ഇതിനെക്കാള്‍ വലിയ അത്ഭുതങ്ങള്‍ക്ക് പ്രവാചകന്‍ സാക്ഷിയാകുന്നുണ്ട്. ഈ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് വേണ്ടിയാണ് പ്രവാചകന്റെ ജീവിതത്തില്‍ ദൈവം പ്രതിസന്ധികളും പ്രയാസങ്ങളും അനുവദിക്കുന്നത്.

    എല്ലാ പ്രതിസന്ധിയും നമ്മുടെ വിശ്വാസം വളര്‍ത്താന്‍ വേണ്ടിയുള്ളതാണ്. വിശ്വാസജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രതിസന്ധിയും വിശ്വാസം വളര്‍ത്താന്‍ വേണ്ടിയുള്ളതാണ്. നമുക്ക് ഏതെങ്കിലും രീതിയില്‍ വിശ്വാസം വളര്‍ന്നിട്ടുണ്ടെങ്കില്‍ അത് പ്രതിസന്ധിയിലൂടെ കടന്നുപോയതുകൊണ്ടുമാത്രമാണ്. അപ്രതീക്ഷിതമായ സഹനങ്ങളെ നേരിട്ടതുകൊണ്ടാണ് നമ്മുടെ വിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നത്.

    ഓരോ പ്രായത്തിലും ഓരോ ഘട്ടത്തിലും നമുക്ക് ക്രൈസിസ് നേരിടേണ്ടിവരാറുണ്ട്. ഈ പ്രതിസന്ധികള്‍ നമ്മെ കുറെക്കൂടി വിശ്വാസിയാക്കും. കാരണം നാം തിരിച്ചറിയുന്നു, ദൈവം അതില്‍ ഇടപെടുന്നുവെന്ന്. 2000 ല്‍ നാം നേരിട്ട പ്രതിസന്ധിയെ ദൈവം എത്ര മനോഹരമായിട്ടാണ് മറികടക്കാന്‍ സഹായിച്ചതെന്ന് 2021 ല്‍ നില്ക്കുമ്പോള്‍ നാം തിരിച്ചറിയുന്നു. എങ്കില്‍ 2021 ല്‍ നേരിടുന്ന പുതിയ പ്രതിസന്ധിയെ മറികടക്കാന്‍ ദൈവം അതിലും മനോഹരമായി ഇടപെടുമെന്ന് നാം വിശ്വസിക്കണം.

    ദൈവം പ്രതിസന്ധികള്‍ തരുന്നത് നമ്മുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണെന്ന് മറക്കരുത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!