Wednesday, December 4, 2024
spot_img
More

    ചെയ്തു പോയ തെറ്റുകള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിച്ചപ്പോള്‍ സംഭവിച്ചത്: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍


    വിദേശത്തേക്ക് ഒരു ധ്യാനപ്രോഗ്രാമിന് വേണ്ടി പോകേണ്ട ദിവസത്തിന്റെ തലേന്നാണ് ആ ദമ്പതികള്‍ എന്നെ കാണാനെത്തിയത്. വളരെ ദൂരെ നിന്നായിരുന്നു അവര്‍ എത്തിയത്. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം തേടിയായിരുന്നു അവര്‍ എന്നെ കാണാന്‍ വന്നത്.

    യാത്രയ്ക്കുള്ള തിരക്കിലായതുകൊണ്ട് അധികസമയം അവര്‍ക്കായി ചെലവഴിക്കാന്‍ എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാന്‍ അവരോട് പറഞ്ഞു നാളെ നിങ്ങള്‍ വന്ന് സോജി അച്ചന്റെ അടുക്കല്‍ വന്ന് കുമ്പസാരിക്കുക. ഒരാഴ്ച കഴിഞ്ഞ് ഞാന്‍ വരും. അപ്പോള്‍ നമുക്ക് പ്രാര്‍ത്ഥിക്കാം

    . കുമ്പസാരത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പേപ്പര്‍ കൊടുത്താണ് ഞാന്‍ അവരെ മടക്കി അയച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവരെന്നെ കാണാന്‍ വന്നു. പ്രാര്‍ത്ഥിക്കാനുംപ്രശ്‌നം കൂടുതലായി കേള്‍ക്കാനും ഞാന്‍ സന്നദ്ധനായപ്പോള്‍ അവര്‍ പറഞ്ഞു, അച്ചോ ഞങ്ങള്‍ വന്നത് നന്ദി പറയാന്‍ വേണ്ടിയാണ്. സോജി അച്ചനെ കണ്ടു, സംസാരിച്ചു, ഇനി അച്ചനെയും കണ്ടു സംസാരിക്കാമല്ലോ എന്നോര്‍ത്താണ് ഞങ്ങള്‍ വന്നത്. തുടര്‍ന്ന് അവര്‍ സംസാരിച്ചതിന്റെ ചുരുക്കം ഇതായിരുന്നു. തകര്‍ന്നടിഞ്ഞ ദാമ്പത്യത്തിന്റെ മധ്യേയായിരുന്നു അവര്‍.

    ഇരുവര്‍ക്കും സ്‌നേഹിക്കാനോ ബഹുമാനിക്കാനോ കഴിയുന്നുണ്ടായിരുന്നില്ല. പക്ഷേ കുമ്പസാരിച്ചുകഴിഞ്ഞപ്പോള്‍ അവരുടെ ജീവിതത്തില്‍ അതുവരെയുണ്ടായിരുന്ന അവസ്ഥയ്ക്ക് മാറ്റം വന്നു. ഇതുവരെ പറയാതിരുന്ന പല പാപങ്ങളും തുറന്നുപറഞ്ഞുള്ള കുമ്പസാരമായിരുന്നു അവരുടേത്.

    ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ജീവിതത്തില്‍ പുരോഗതിയില്ലാത്തതിനും ഐശ്യര്യം ഉണ്ടാവാത്തതിനും കാരണം മറച്ചുവച്ചിരിക്കുന്ന പാപങ്ങളാണ്. പാപങ്ങള്‍ ഏറ്റു പറഞ്ഞതോടെ അവരുടെ ജീവിതത്തില്‍ ഐശ്വര്യം തടയപ്പെട്ടു കഴിഞ്ഞിരുന്ന വിവിധ മേഖലകളിലേക്ക് ദൈവത്തിന്റെ അനുഗ്രഹം ഇറങ്ങിവന്നു. പാപം മറച്ചുവയ്ക്കുന്നത് ഐശ്വര്യം നഷ്ടപ്പെടുത്തുന്ന ഒന്നാണ്.

    എന്നാല്‍ പാപം ഏറ്റുപറയുന്നവര്‍ക്ക് ഐശ്വര്യം കിട്ടും. മറ്റൊരു സംഭവം പറയാം. ഒരു പള്ളിയിലെ ധ്യാനം കഴിഞ്ഞ് ഞാന്‍ തിരികെ എന്റെ പള്ളിയിലെത്തി. വീണ്ടും ഓരോരോ തിരക്കുകള്‍. പള്ളിയുമായി ബന്ധപ്പെട്ട് ശുശ്രൂഷ ചെയ്യുന്ന ഒരു ചേട്ടന്‍ എന്നോട് ഒരു ദിവസം പറഞ്ഞു. അച്ചോ ആരോടും ഇങ്ങനെയൊന്നും ചെയ്യരുത്. എന്താണ് കാരണം എന്നറിയാതെ ഞാന്‍ വിഷമിച്ചപ്പോള്‍ അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ആറു ദിവസമായി ഒരു അമ്മച്ചി എന്നെ കാണാന്‍ വരുന്നു. ഞാന്‍ ഇല്ലാത്തതുകൊണ്ട് മടങ്ങിപ്പോകുന്നു.

    അച്ചന് കൃത്യമായി ആ ചേച്ചിയോട് കാര്യം പറഞ്ഞാല്‍ അന്നല്ലേ അവര് വരൂ. ഇത് വെറുതെ അവരെ ബുദ്ധിമുട്ടിക്കാന്‍…

    ആ ചേട്ടന്റെ മനോവിചാരം എനിക്ക് മനസ്സിലായി.

    ഞാന്‍ പറഞ്ഞു എന്റെ ചേട്ടാ ഞാന്‍ പറഞ്ഞിട്ടൊന്നുമല്ല ആ ചേച്ചി വന്നത്. എനിക്കൊട്ട് അവരെ അറിയത്തുമില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ആ ചേച്ചിയുടെ ബുദ്ധിമുട്ടു കണ്ട് ഞാന്‍ അവരുടെ ഫോണ്‍നമ്പര്‍ വാങ്ങിച്ചുവച്ചിട്ടുണ്ട്. അച്ചന്‍ അവരെയൊന്ന് വിളിക്ക്. എന്നിട്ട് വരേണ്ട ദിവസം പറ.
    ഞാന്‍ സമ്മതിച്ചു. അങ്ങനെ ഫോണ്‍ നമ്പര്‍ വാങ്ങി ഞാന്‍ അവരെ വിളിച്ചു. ഞാന്‍ താമസിക്കുന്നതിന്റെ 36 കിലോമീറ്റര്‍ അകലെയാണ് അവരുടെ വീട്. ഞാന്‍സ്വയം പരിചയപ്പെടുത്തിയതിന് ശേഷം ചോദിച്ചു, എന്തിനാണ് ചേച്ചി എന്നെ കാണാന്‍ വന്നത്? ഉടനെ അവര്‍ പറഞ്ഞു, ഞാന്‍ കുമ്പസാരിക്കാന്‍ വന്നതാ. ഞാന്‍ ഞെട്ടി. 36 കിലോമീറ്റര്‍ അകലെനിന്ന് കുമ്പസാരിക്കാന്‍ വേണ്ടി മാത്രമായി എന്റെ അടുക്കലെത്തുകയോ? അതിനിടയില്‍ എത്രയോ പള്ളികളും അച്ചന്മാരുമുണ്ട്. എല്ലാ അച്ചന്മാരുടെയും കുമ്പസാരം ഒരുപോലെയാണെന്നും കര്‍ത്താവ് പാപങ്ങള്‍ ക്ഷമിക്കുമെന്നുമൊക്കെ ഞാന്‍ പറഞ്ഞുവെങ്കിലും ആ അമ്മയ്ക്ക് ഒറ്റ നിര്‍ബന്ധം. എന്റെ ധ്യാനത്തില്‍ പങ്കെടുത്തതായതുകൊണ്ട് എന്റെ അടുക്കല്‍ തന്നെ കുമ്പസാരിക്കണം. എന്റെ ഒരു സമാധാനത്തിന്…

    അങ്ങനെ ആ സ്ത്രീ വന്നു. എഴുതി തയ്യാറാക്കിയ പേപ്പറുമായിട്ടായിരുന്നു വരവ്. ഏറെ സമയമെടുത്ത് നല്ലതുപോലെ ആ അമ്മ കുമ്പസാരിച്ചു. കുമ്പസാരത്തിന് ശേഷം ആ അമ്മ എന്റെ കാല്‍ക്കല്‍ തൊട്ടു. ഞാന്‍ അവരെ അരുതെന്ന് പറഞ്ഞ് പിടിച്ചെണീല്പിച്ചു. ഇനിയെന്താണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് ചോദിച്ചപ്പോള്‍ ആ അമ്മ പറഞ്ഞു. ഞാനും ഭര്‍ത്താവും മക്കളും ഒന്നുപോലെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നു. പകഷേ എത്ര അദ്ധ്വാനിച്ചിട്ടും ഒരുപുരോഗതിയും കാണുന്നില്ല. ഇപ്പോഴും വാടകവീട്ടിലാണ് താമസം. അച്ചന്റെ ധ്യാനത്തില്‍ പങ്കെടുത്തപ്പോള്‍ മനസ്സിലൊരു സംശയം. എന്റെ പാപങ്ങള്‍ കാരണമാണോ കുടുംബത്തില്‍ പുരോഗതിയില്ലാത്തത്. ഏറെ നാളായി നല്ല കുമ്പസാരമൊന്നും നടത്തിയിട്ടില്ലായിരുന്നു. ഇപ്പോഴാണ് അങ്ങനെയൊരു കുമ്പസാരം നടത്തിയത്.

    ഞാന്‍ ആ അമ്മയെ പ്രാര്‍ത്ഥിച്ച് മടക്കി അയച്ചു. കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ കുടമണ്‍ പള്ളിയില്‍ പതിവുപോലെയുളള ധ്യാനത്തിനെത്തിയപ്പോള്‍ ആ അമ്മ എന്നെ കാണാന്‍വന്നു. ഒരു മാസം കൊണ്ടുതന്നെ അവര്‍സ്വന്തമായി പത്തുസെന്‌റ് സ്ഥലം വാങ്ങിയിരിക്കുന്നു. കല്പനലംഘനം വഴി വന്ന തകര്ച്ച കുമ്പസാരത്തിലൂടെ ഏറ്റുപറഞ്ഞുകഴിയുമ്പോള്‍ ആ തകര്‍ച്ചപെട്ടെന്ന് എടുത്തുമാറ്റപ്പെടും.

    നല്ല കുമ്പസാരം നടത്തുന്നതുവഴി ദൈവത്തിന് പ്രത്യേകിച്ച് നേട്ടങ്ങളൊന്നും ഉണ്ടാകുന്നില്ല. എന്നാല്‍ നാം നല്ല കുമ്പസാരം നടത്തുമ്പോള്‍ നമ്മളിലേക്ക് ദൈവികകൃപ ഇറങ്ങിവരും. വ്യക്തിപരമായ ഒരു അനുഭവം കൂടി പറയാം. അനേകനാളുകളായി ഞാന്‍ ആത്മീയമായ ചില കൃപകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥന ഒരു വശത്തുകൂടി മുന്നോട്ടുപോകുമ്പോഴും ഞാന്‍ ആഗ്രഹിക്കുന്ന ദൈവികകൃപകള്‍ എനിക്ക് ലഭിക്കുന്നുണ്ടായിരുന്നില്ല.

    അന്ന് ഞാന്‍ കേരളത്തിലെ ഒരു പ്രശസ്തമായ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷരെ ധ്യാനിപ്പിക്കുകയായിരുന്നു. ധ്യാനത്തിന്റെ ഇടവേളയില്‍ ചാപ്പലില്‍ കയറി കൊന്ത ചൊല്ലിക്കൊണ്ടിരിക്കവെ എനിക്ക് ഭയങ്കരമായ സങ്കടമുണ്ടായി. പ്രത്യേകിച്ച് കാരണങ്ങളൊന്നും ആ സങ്കടത്തിന് പിന്നിലുണ്ടായിരുന്നില്ല. കൊന്തയുടെ നാലാം രഹസ്യത്തിലെത്തിയപ്പോള്‍ ഞാന്‍ ഏങ്ങലടിച്ചുകരഞ്ഞു.

    എന്തിനാണ് കരയുന്നതെന്ന് എനിക്ക് തന്നെ അറിയില്ല. കരച്ചില്‍ ശാന്തമായപ്പോള്‍ ഞാന്‍ സാവധാനം പുറത്തേക്ക് ഇറങ്ങി. അപ്പോള്‍ അവിടെയുള്ള ഒരു സിസ്റ്റര്‍ എന്റെ അടുക്കലേക്ക് വന്നു. കൃത്യമായ സമയം പറഞ്ഞതിന് ശേഷം ആ സിസ്റ്റര്‍ ചോദിച്ചു ഇന്ന സമയത്ത് അച്ചന്‍ എവിടെയായിരുന്നു. ഞാന്‍ അല്പം മടിച്ചാണെങ്കിലും കാര്യം പറഞ്ഞു. അപ്പോള്‍ ആ സിസ്റ്റര്‍ എന്നോട് പറഞ്ഞു, അച്ചന്റെ അടുക്കലേയ്ക്ക് മാതാവ് എന്നെ ഓടിച്ചുവിട്ടതാ. അച്ചന് സമയമുണ്ടെങ്കില്‍ നമുക്ക് ഇത്തിരിനേരം പ്രാര്‍ത്ഥിക്കാം. ഇത്തിരി നേരമെന്ന് പറഞ്ഞ് ഞങ്ങളിരുന്നുവെങ്കിലും കടന്നുപോയത് രണ്ടരമ ണിക്കൂറാണ്.

    ആ പ്രാര്‍ത്ഥനയ്ക്കിടയില്‍ എന്റെ സെമിനാരിജീവിതകാലത്ത് ഞാന്‍ ചെയ്ത മാരകമായ രണ്ടു പാപങ്ങളെക്കുറിച്ച് പരിശുദ്ധാത്മാവ് ബോധ്യം തന്നു. അത് മറ്റൊന്നുമായിരുന്നില്ല ചില പുസ്തകവായനകളിലൂടെ എല്ലാ മതങ്ങളും ഒന്നാണെന്ന ചിന്ത എന്റെ തലയില്‍ കയറിക്കൂടിയിരുന്നു.സെമിനാരിയിലെ ഒരു പൊതുവേദിയില്‍ ഞാന്‍ ഇക്കാര്യം അവതരിപ്പിച്ചതുകൊണ്ട് എന്നെ സെമിനാരിയില്‍ നിന്ന് പറഞ്ഞുവിടണമെന്ന നിര്‍ദ്ദേശം പോലും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇതുവരെ ഞാന്‍ പറഞ്ഞത് ഒരു പാപമാണെന്ന ചിന്ത എനിക്കില്ലാത്തതുകൊണ്ട് അതൊരു കുമ്പസാരത്തില്‍ ഞാന്‍ ഏറ്റുപറഞ്ഞിട്ടുണ്ടായിരുന്നില്ല.

    കത്തോലിക്കാ വിരുദ്ധ ആശയങ്ങള്‍ എഴുതിയിരുന്ന ഒരു ഗ്രന്ഥകാരന്റെ 36 പുസ്തകങ്ങള്‍ ഞാന്‍ വായിക്കുകയും അത് സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇതൊരു തെറ്റായി എനിക്ക് തോന്നിയിരുന്നില്ല. ഈ രണ്ടു തെറ്റുകളാണ് ആ സിസ്റ്ററിലൂടെ പരിശുദ്ധാത്മാവ് എനിക്ക് വെളിപെടുത്തിതന്നത്.

    ഈ രണ്ടു കാര്യങ്ങളും അച്ചനെ കെട്ടിയിട്ടിരിക്കുകയാണെന്നും ഇതൊരു കുമ്പസാരത്തിലൂടെ ഏറ്റുപറഞ്ഞാല്‍ അച്ചനെ ബന്ധിച്ചിട്ടിരിക്കുന്ന കെട്ട് അഴിയുമെന്നും ആ സിസ്റ്റര്‍ എന്നോട് പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ കണ്ണീരോടെ കുമ്പസാരിച്ചു. അടുത്തദിവസം തിരികെ എന്റെ മുറിയിലെത്തിയപ്പോള്‍ ഞാന്‍ ആപുസ്തകങ്ങള്‍ മുഴുവന്‍ കത്തിച്ചുകളഞ്ഞു. തൊട്ടടുത്ത ദിവസം മുതല്‍ തന്നെ എന്റെ ശുശ്രൂഷാജീവിതത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി.

    അനുതപിക്കാതെ കിടക്കുന്ന പാപം നമ്മുടെ കൃപകളെ തടസ്സപ്പെടുത്തും. പാപം മറച്ചുവയ്ക്കുന്നവന് ഐശ്വര്യമുണ്ടാവില്ല. അതേറ്റുപറഞ്ഞ് കുമ്പസാരിക്കുന്നവന് കരുണ ലഭിക്കും. അവന്‍ ഐശ്വര്യം പ്രാപിക്കും.

    ഒര ുദിവസം ഞാന്‍ കര്‍ത്താവിനോട് കരഞ്ഞുപ്രാര്‍ത്ഥിച്ചത് ഒരു കാര്യമായിരുന്നു. ഇനിയും ഞാന്‍ കുമ്പസാരക്കൂട്ടില്‍ ഏറ്റുപറയാത്ത ഏതെങ്കിലും പാപമുണ്ടെങ്കില്‍ അത് എനിക്ക് കാണിച്ചുതരണം. ഒരു ദിവസം ഞാന്‍ ഉച്ചയ്ക്ക് കിടന്നുറങ്ങുമ്പോള്‍ ഒരു സ്വപ്‌നം കണ്ടു. ആ സ്വപ്‌നം ഇതായിരുന്നു , റീജന്‍സി കാലത്ത് ക്രൈസ്തവകാഹളം മാസികയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. ആ സമയം അവിടെ ജോലി ചെയ്യുന്ന ഒരു വ്യക്തി എന്റെ നാളും തീയതിയും ചോദിച്ചു മനസ്സിലാക്കി എനിക്ക് കമ്പ്യൂട്ടര്‍ ജാതകം എടുത്തുതന്നിരുന്നു.

    ജാതകത്തില്‍ അന്നും ഇന്നും വിശ്വാസമില്ലായിരുന്നുവെങ്കിലും ഞാന്‍ ആ ജാതകം എന്റെ അലമാരയില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ടായിരുന്നു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞ സംഭവമാണ് പരിശുദ്ധാത്മാവ് ഒരു സ്വപ്‌നത്തില്‍ എനിക്ക് വെളിപെടുത്തിതന്നത്. ഞാന്‍ ഉടനെ തന്നെ കുമ്പസാരം നടത്തുകയും ആ ജാതകം കണ്ടുപിടിച്ചു കത്തിച്ചുകളയുകയും ചെയ്തു.

    കൃപയില്‍ വളരാന്‍ അഭിഷേകത്തില്‍ വളരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആത്മശോധന നടത്തി പാപം ഏറ്റുപറഞ്ഞ് കുമ്പസാരിക്കുക. അതുവഴി നമ്മെ കെട്ടിവരിഞ്ഞിരിക്കുന്ന പല ബന്ധനങ്ങളും അഴിഞ്ഞുപോകും. സാമ്പത്തികമായി അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാവും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!