ലാഹോര്‍: ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുനര്‍ജ്ജീവിപ്പിക്കണമെന്ന് ഇസ്ലാമബാദ്-റാവല്‍പ്പിണ്ടി ആര്‍ച്ച് ബിഷപ്പ് ജോസഫ് അര്‍ഷാദ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്ലരീതിയിലും വിജയപ്രദമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നിര്‍ജ്ജീവാവസ്ഥയിലാണ്. നിലവില്‍ ഇപ്പോള്‍ ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് മിനിസ്ട്രി ഓഫ് റിലീജിയസ് അഫയേഴ്‌സ് ആന്റ് ഇന്റര്‍ഫെയ്ത്ത് ഹാര്‍മണിയാണ്. പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ അരക്ഷിതമായ ഒരു സാഹചര്യത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നിര്‍ബന്ധിത വിവാഹവും മതപ്പരിവര്‍ത്തനവും ഇവിടെ സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. അദ്ദേഹം വ്യക്തമാക്കി.
2008 നവംബറിലാണ് ആദ്യമായി മിനിസ്ട്രി ഫോര്‍ മൈനോരിറ്റിസ്ഥാപിതമായത്. കത്തോലിക്കാ ഫെഡറല്‍ മിനിസ്റ്റര്‍ ഷഹബാസ് ഭാട്ടിയായിരുന്നു ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ 2011 മാര്‍ച്ചില്‍ അദ്ദേഹം വധിക്കപ്പെട്ടു. അതേ വര്‍ഷം തന്നെ മിനിസ്ട്രി ഫോര്‍ മൈനോരിറ്റി, മിനിസ്ട്രി ഫോര്‍ നാഷനല്‍ ഹാര്‍മ്മണി ആന്റ് മൈനോരിറ്റി അഫയേഴ്‌സ് എന്ന് പുനനാമകരണം ചെയ്യപ്പെട്ടു.