ലാഹോര്‍: കോവിഡ് മൂലം റദ്ദ് ചെയ്തിരുന്ന മരിയന്‍ തീര്‍ത്ഥാടനം കര്‍ശനമായ നിബന്ധനകളോടെ നടപ്പിലാക്കാന്‍ ഒടുവില്‍ അനുവാദം കിട്ടി. മറിയാമബാദ് ഗ്രാമത്തിലെ നാഷനല്‍ മരിയന്‍ ഷ്രൈനിലെ വാര്‍ഷിക തീര്‍ത്ഥാടനം നടത്താനാണ് അനുവാദം ലഭിച്ചിരിക്കുന്നത്. ഹോളി മേരി മദര്‍ ഓഫ് മേഴ്‌സി എന്ന പേരിലാണ് തീര്‍ത്ഥാടനം സംഘടിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ പത്തു മുതല്‍ പന്ത്രണ്ടു വരെ തീയതികളിലാണ് തീര്‍ത്ഥാടനം.
വര്‍ഷം തോറും 1.2 മില്യന്‍ തീര്‍ത്ഥാടകരാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം തീര്‍ത്ഥാടനം ഒഴിവാക്കണമെന്ന് പഞ്ചാബ് ഗവണ്‍മെന്റ് ലാഹോര്‍ അതിരൂപതയോട് ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാന്‍ അടുത്തയിടെയാണ് കോവിഡ് മൂന്നാം തരംഗത്തില്‍ നിന്ന് മുക്തമായത്. രാജ്യവ്യാപകമായി കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുനീക്കുകയും ചെയ്തിട്ടുണ്ട്.
കോവിഡ് 19 പോസിറ്റിവിറ്റി നിരക്ക് മൂന്നു ശതമാനത്തില്‍ താഴെയാണ്. തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നവര്‍ വാക്‌സിനേറ്റ് ചെയ്തിരിക്കണം എന്നത് നിര്‍ബന്ധമാണ്.