Monday, July 14, 2025
spot_img
More

    നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കാമോ അത്ഭുതം കാണാം: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

    പൗരോഹിത്യസ്വീകരണം കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞ ദിവസം. അന്ന് ഞങ്ങള്‍ മൂന്നുപേര്‍ ഒരു യാത്ര പോവുകയായിരുന്നു. ഞാനാണ് ഡ്രൈവ് ചെയ്തിരുന്നത്. പക്ഷേ അപ്രതീക്ഷിതമായി ഞങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടു. ഞങ്ങള്‍മൂന്നുപേര്‍ ആശുപത്രിയിലായി. എനിക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഫാ. തോമസായിരുന്നു.

    മൂന്നുപേരില്‍ മറ്റേ ആളുടെ അവസ്ഥ ഗുരുതരമാണെന്നും മരിച്ചുപോകാന്‍ സാധ്യതയുണ്ടെന്നും എന്റെ ഇടവകക്കാരനായ ഒരാള്‍ എന്നെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം അത് ഹൃദയഭേദകമായിരുന്നു. ഞാന്‍ കാരണം ഒരാള്‍ ഈ ലോകത്തില്‍ നിന്ന് ഇല്ലാതാവുക. അയാളുടെ കുടുംബം അനാഥമാകുക. മരിക്കുവോളം അതിന്റെ കുറ്റബോധം എന്റെ മനസ്സില്‍ നിന്ന് മായുകയില്ലെന്ന് എനിക്കറിയാമായിരുന്നു. അതെന്നെ ഭയപ്പെടുത്തി. ആരും അടുത്തില്ലാത്ത ആശുപത്രി മുറിയില്‍ ബെഡ്ഷീറ്റുകൊണ്ട് മുഖം മറച്ച് ഞാന്‍ ഉറക്കെകരഞ്ഞു.

    എന്റെ കരച്ചില്‍ കേട്ട് അടുത്ത മുറിയില്‍ നിന്ന് വല്ലവിധേനയും തോമസ് അച്ചന്‍ അടുക്കലെത്തി. എന്റെ കരച്ചില്‍ കണ്ട് അദ്ദേഹം ആശ്വസിപ്പിച്ചു. ഒന്നും സംഭവിക്കുകയില്ലെന്നും ദൈവം കാത്തുകൊള്ളുമെന്നും നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു ജൂലൈ 25 ആയിരുന്നു ആ ദിനം.

    പത്തുവര്‍ഷങ്ങള്‍ കടന്നുപോയി. ഒരു ജൂലൈ 25 ന് കാനഡായിലെ ടൊറന്റോ പള്ളിയില്‍ ആരാധന നടത്തിക്കൊണ്ടിരിക്കവെ ഞാന്‍ ഈ സംഭവം ഓര്‍ത്തു കരഞ്ഞുപോയി. എന്റെ ദൈവം എന്റെ നിലവിളി കേട്ട് ആ ജീവന്‍ മടക്കിത്തന്നുവല്ലോ. അതായിരുന്നു എന്റെ കരച്ചിലിന്റെ കാരണം.

    ദൈവം നമ്മുടെ ഓരോരുത്തരുടെയും കഴിഞ്ഞകാലജീവിതത്തില്‍ ആയിരക്കണക്കിന് നന്മകള്‍ ചെയ്തു തന്നിട്ടുണ്ട്. ഇന്ന് ഒരു ചെങ്കടലിന്റെ മുമ്പിലാണ് നിങ്ങള്‍ നില്ക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഓര്‍മ്മിക്കണം ഇന്നലെ ഈജിപ്തിന്റെ അടിമത്തത്തില്‍ ഞാന്‍ കഴിച്ചുകൂട്ടിയിരുന്ന ഒരു പാളയത്തില്‍ നിന്ന് ദൈവം എന്നെ വിളിച്ചിറക്കിയതാണ്. ദാഹിച്ചുവലഞ്ഞുനില്ക്കുന്ന സന്ദര്‍ഭങ്ങളില്‍ പുറകോട്ടുതിരിഞ്ഞുനോക്കി നമുക്ക് പറയാന്‍ കഴിയണം ഒരു ചെങ്കടല്‍ എന്റെ ജീവിതത്തില്‍ രണ്ടായി വിഭജിക്കപ്പെട്ട അനുഭവമുണ്ടായിട്ടുണ്ട്, പാറയില്‍ നിന്ന് വെള്ളം പൊട്ടിയൊഴുകിയ അനുഭവവും എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.

    ഞാന്‍ തളര്‍ന്നുപോകുകയില്ല. കുറച്ചുകൂടി മുന്നോട്ടുപോകുമ്പോള്‍ ഭക്ഷണം കിട്ടാതെ വലയുന്ന സന്ദര്‍ഭങ്ങളുണ്ടായേക്കാം. അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കണം ആകാശത്തുനിന്ന് മന്ന പൊഴിച്ച് എന്നെ ഒരിക്കല്‍ ഊട്ടിയവനാണ് എന്റെ ദൈവം. കയ്പുള്ള വെള്ളം കുടിക്കേണ്ടി വരുമ്പോള്‍ ഓര്‍മ്മിക്കണം ഈ വെള്ളം മധുരിച്ച അനുഭവങ്ങളും എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.

    ജോര്‍ദ്ദാന്‍ കടക്കാതെ വിഷമിക്കുമ്പോഴും ഓര്‍മ്മിക്കണം കരുത്തനായ ഒരു രാജാവിന്റെ കീഴില്‍ അടിമയായി കഴിഞ്ഞിരുന്ന എന്നെ മോചിപ്പിച്ച് ദൈവം ഇവിടെവരെയെത്തിച്ച നിമിഷങ്ങളെക്കുറിച്ച്.. ദൈവമേ അന്ന് നീ അങ്ങനെ ചെയ്തില്ലേ. എങ്കില്‍ ഇന്ന് നീ അതിലും വലിയ കാര്യങ്ങള്‍ എനിക്കുവേണ്ടി ചെയ്യാന്‍ നീ സര്‍വ്വശക്തനാണല്ലോ.
    ഈ കാലത്തെ മനുഷ്യമക്കളുടെ ഏറ്റവും വലിയ പാപം കഴിഞ്ഞകാലം ദൈവം ചെയ്തുതന്ന നന്മകളെല്ലാം മറന്നുപോയി എന്നതാണ്.

    ഇന്നൊരു പ്രതിസന്ധിയെ നേരിടുമ്പോള്‍ ദൈവമില്ല എന്ന് പറയുകയാണ്. ദൈവം ശക്തനല്ല എന്ന് പറയുകയാണ്. ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. പ്രാര്‍ത്ഥിച്ചിട്ട് കിട്ടാതെവരുമ്പോള്‍ ദൈവത്തെ ഉപേക്ഷിച്ചുപോകുന്നവരുമുണ്ട്. വന്ന വഴി ഒരിക്കലും മറക്കരുത്. വന്ന വഴി മറക്കാത്തവനെ ദൈവം ഉയര്‍ത്തും. അനുഗ്രഹിക്കും. കഴിഞ്ഞകാലത്ത് ദൈവം സഹായിച്ച ഓരോ സന്ദര്‍ഭങ്ങളെയും ഓര്‍ത്തെടുത്ത് നന്ദിപറഞ്ഞ് കരഞ്ഞുപ്രാര്‍ത്ഥിക്കണം.

    രോഗകിടക്കയിലായിരുന്നപ്പോള്‍ നീ എന്നെ സൗഖ്യപ്പെടുത്തിയില്ലേ, കടബാധ്യതയില്‍ നട്ടംതിരിഞ്ഞപ്പോള്‍ നീയെന്നെ സഹായിച്ചില്ലേ.. എന്റെ കുടുംബം വലിയ ബാധ്യതകളിലൂടെ കടന്നുപോയപ്പോള്‍ അന്ന് നീയെന്റെ കുടുംബത്തെ രക്ഷപ്പെടുത്തിയില്ലേ? അപ്രതീക്ഷിതമായി വഴിതുറന്നുതന്ന എത്രയോ സന്ദര്‍ഭങ്ങള്‍.. എനിക്കുവേണ്ടി ദൈവമേ നീ അങ്ങനെ ചെയ്തില്ലേ.. ഇങ്ങനെ പറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കഴിയണം. ദൈവമേ നീ സര്‍വ്വശക്തനല്ലേ, അന്ന് നീയെനിക്കുവേണ്ടി ഇങ്ങനെ ചെയ്തില്ലേ?
    പ്രതിസന്ധികള്‍ക്ക് പരിഹാരം തേടി വരുന്നവരോട് ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. കഴിഞ്ഞകാലത്ത് ദൈവം ഒരുപാട് സഹായിച്ചിട്ടില്ലേ? ഉവ്വ് എന്നാണ് കിട്ടുന്ന മറുപടി. അടുത്തകാലത്ത് ഒരു സ്ത്രീ പ്രാര്‍ത്ഥിക്കാന്‍ വേണ്ടിവന്നപ്പോള്‍ പെട്ടെന്ന് ദൈവാത്മാവ് എനിക്ക് വെളിപ്പെടുത്തിതന്നു, തയ്യല്‍ എന്ന്. ഞാന്‍ അക്കാര്യം ചോദിച്ചപ്പോള്‍ ആ സ്ത്രീ പെട്ടെന്ന് പൊട്ടിക്കരഞ്ഞു. തയ്യല്‍ജോലി ചെയ്തുകഴിഞ്ഞിരുന്ന ഒരു സ്ത്രീയെയാണ് ദൈവം ഇന്ന് സമൃദ്ധിയില്‍ കൊണ്ടുവന്നുനിര്‍ത്തിയിരിക്കുന്നത്. പക്ഷേ സമൃദ്ധിയിലെത്തിക്കഴിയുമ്പോള്‍ പലരും പഴയവഴി മറന്നുപോകുന്നു. ദൈവം നടത്തിയ വഴികള്‍ മറക്കുന്നു.

    അറിവുണ്ടായിക്കഴിയുമ്പോള്‍,പണമുണ്ടായിക്കഴിയുമ്പോള്‍ വന്ന വഴി മറക്കരുതേ. ജീവിതത്തിന് വേണ്ടതെല്ലാം വിരുന്നൊരുക്കി വഴിയരികില്‍ കാത്തുനില്ക്കുന്ന ഒരു അപ്പനെ പോലെ, സ്‌നേഹമുള്ള അമ്മയെപോലെയുളള ദൈവത്തെ മറന്നുപോകരുത്.

    നിയമാവര്‍ത്തനപുസ്തകത്തില്‍ 6 ാം അധ്യായം 10 വാക്യം ഇങ്ങനെ പറയുന്നു. നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് തരുമെന്ന് നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവരോട് ശപഥം ചെയ്ത് നാട്ടിലേക്ക് നിങ്ങളെ കൊണ്ടുവന്ന് നിങ്ങള്‍ പണിയാത്ത വിശാലവും മനോഹരവുമായ നഗരങ്ങളും നിങ്ങള്‍ നിറയ്ക്കാതെ വിശിഷ്ടവസ്തുക്കള്‍ കൊണ്ടുനിറഞ്ഞിരിക്കുന്ന വീടുകളും നിങ്ങള്‍ കുഴിക്കാത്ത കിണറുകളും നിങ്ങള്‍ നട്ടുപിടിപ്പിക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുമരങ്ങളും നിങ്ങള്‍ക്കു നല്കുകയും നിങ്ങള്‍ ഭക്ഷിച്ചു സംതൃപ്തരാവുകയും ചെയ്യുമ്പോള്‍ നിങ്ങളെ അടിമത്തത്തിന്റെ ഭവനത്തില്‍ നിന്നു കൊണ്ടുവന്ന കര്‍ത്താവിനെ മറക്കാതിരിക്കുവാന്‍ സൂക്്ഷിച്ചുകൊള്ളുക.

    എന്റെ ഓര്‍മ്മയ്ക്കുവേണ്ടി ചെയ്യുവിന്‍ എന്നാണ് ക്രിസ്തു അന്ത്യഅത്താഴ വേളയില്‍ ശിഷ്യന്മാരോട് ആവശ്യപ്പെട്ടത്. ഈ ഓര്‍മ്മയില്ലാത്തതുകൊണ്ടാണ് നമ്മള്‍ ഞായറാഴ്ചകളില്‍ വിശുദ്ധ ബലിയില്‍ പങ്കെടുക്കാന്‍ വരാത്തത്. ദൈവം ചെയ്ത കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്ത് നന്ദി പറഞ്ഞാല്‍ ഉണ്ടാകുന്നതാണ് വിശ്വാസം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!