Saturday, December 21, 2024
spot_img
More

    വചനം പഠിച്ചാല്‍ മതി, കുടുംബത്തിലെ പ്രശ്‌നങ്ങള്‍ മാറിക്കിട്ടും: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

    പ്രലോഭനങ്ങളെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് സാത്താന്‍ ഈശോയെ പരീക്ഷിച്ചതിനെക്കുറിച്ചാണ്. യേശു സാത്താനാല്‍ പരീക്ഷിക്കപ്പെടുന്നതിനെക്കുറിച്ച് മത്തായിയുടെ സുവിശേഷം നാലാം അധ്യായത്തിലും മര്‍ക്കോസിന്റെ സുവിശേഷം ഒന്നാം അധ്യായത്തിലും ലൂക്കാ സുവിശേഷം നാലാം അധ്യായത്തിലും നാം വായിക്കുന്നുണ്ട്.

    യേശുവിനെ പിശാച് പരീക്ഷിക്കാന്‍ വരുന്ന സമയത്ത് ഈശോയോട് സാത്താന്‍ പറയുന്നത് നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകളോട് അപ്പമാകാന്‍ കല്പിക്കുക എന്നാണ്. രണ്ടാമത്തെ പ്രലോഭനം ദേവാലയത്തിന്റെ മുകളിലേക്ക് കൊണ്ടുപോയി അവിടെ നിന്ന് ചാടാനാണ്. നിന്റെ കാല്‍വഴുതിയാല്‍ കാത്തുരക്ഷിക്കാന്‍ ദൈവദൂതന്മാരുണ്ടല്ലോ എന്ന് സങ്കീര്‍ത്തനവചനവും സാത്താന്‍ ഉദ്ധരിക്കുന്നുണ്ട്. മൂന്നാമത്തെ പ്രലോഭനം ലോകത്തിന്റെ സമസ്തസൗഭാഗ്യങ്ങളും സമ്പാദ്യങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് നീയെന്നെ കുമ്പിട്ടാരാധിച്ചാല്‍ ഇതെല്ലാം നിനക്ക് തരാം എന്നാണ്.

    ഇതൊക്കെ വായിച്ചുകേള്‍ക്കുമ്പോള്‍ നമ്മുടെ ധാരണ സാത്താന്‍ യേശുവിനെ ബാഹ്യമായി തന്നെ പ്രലോഭിപ്പിച്ചുവെന്നും സാത്താന്‍ അക്ഷരാര്‍ത്ഥത്തില്‍ യേശുവിനെ കൂട്ടിക്കൊണ്ടുപോയി ഓരോന്നും കാണിച്ചുപ്രലോഭിപ്പിച്ചുവെന്നുമാണ്. എന്നാല്‍ അത് തെറ്റാണ്. യേശു അനുസരണയുള്ള കുഞ്ഞാടിനെ പോലെ സാത്താനെ പിന്തുടര്‍ന്നുപോകുകയോ സാത്താന്‍ അങ്ങനെ യേശുവിനെ കൊണ്ടുപോകുകയോ ചെയ്തിട്ടില്ല. അതായത് യേശുവിനെ സാത്താന്‍ മലയുടെ മുകളിലേക്കോ ദേവാലയത്തിന്റെ മുകളിലേക്കോ കൂട്ടിക്കൊണ്ടുപോയിട്ടില്ല.

    യേശു നേരിട്ട പ്രലോഭനം ബാഹ്യമായിരുന്നില്ല ആന്തരികമായിട്ടായിരുന്നു. അതായത് ഈ പ്രലോഭനങ്ങളൊക്കെ യേശു അനുഭവിച്ചത് തന്റെ ഉള്ളില്‍ നിന്നു തന്നെയായിരുന്നു. യേശുവിന്റെ വെളിയിലല്ല മനസ്സിനകത്താണ് സാത്താന്‍ പ്രലോഭനം വിതച്ചത്. യേശുവിനെ സാത്താന്‍ പരീക്ഷിക്കുന്നത് അവിടുത്തെ ചിന്തകളിലാണ്. നാല്പതു ദിനരാത്രങ്ങള്‍ ഉപവസിച്ചുകഴിയുമ്പോള്‍ യേശുവിന്റെ മനസ്സിലേക്ക് സാത്താന്‍ കൊടുക്കുന്ന ചിന്തകളാണ്, പ്രലോഭനങ്ങളാണ് ഇവയെല്ലാം.

    ദേവാലയത്തിന്റെ മുകളില്‍ നിന്ന് ചാടി പോപ്പുലാരിറ്റി നേടുക. പ്രാര്‍ത്ഥിക്കാന്‍ മലമുകളിലേക്ക് പോകുമ്പോള്‍ കൊടുക്കുന്ന പ്രലോഭനമാണ് എന്തിനാണ് കുരിശില്‍ കയറാന്‍ പോകുന്നത്, സാത്താനോട് അഡ്ജസ്റ്റ് ചെയ്താല്‍ എല്ലാ സുഖങ്ങളും അനുഭവിക്കാമല്ലോ. ഇതാണ് പ്രലോഭനം.

    പ്രലോഭനം നടക്കുന്നത് മനസ്സിലാണ്. വ്യഭിചാരം ചെയ്യാനും കൊള്ളനടത്താനും മദ്യപിക്കാനും ഒക്കെയുള്ള പ്രലോഭനം നടക്കുന്നത് മനസ്സിലാണ്. പിശാച് പരീക്ഷിക്കുന്നത് മുഴുവന്‍ മനസ്സിലാണ്. മനസ്സില്‍ പിശാച് വന്ന് പരീക്ഷിക്കുമ്പോള്‍ യേശു എന്താണ് ചെയ്തത്? യേശു സാത്താനെ ചീത്ത വിളിച്ചോ.. പരുഷമായ വാക്കുകള്‍ കൊണ്ടോ അസഭ്യഭാഷണം കൊണ്ടോ നേരിട്ടോ.. ഒന്നും ചെയ്തില്ല യേശു വെല്ലുവിളിച്ചില്ല, ശബ്ദ കോലാഹങ്ങള്‍ നടത്തിയില്ല.

    നിയമാവര്‍ത്തനപുസ്തകം ആറാം അധ്യായത്തിലെയും എട്ടാം അധ്യായത്തിലെയും മൂന്നുവചനങ്ങള്‍ അതേപടി പറഞ്ഞു. പിശാച് വന്ന് ഒരു പ്രലോഭനം വച്ചുനീട്ടുമ്പോള്‍ വചനം പറഞ്ഞ് നേരിടുന്ന യേശുവിനെയാണ് നാം ഇവിടെ കാണുന്നത്. നിങ്ങള്‍ക്ക് ഒരു വ്യക്തിയോട് ക്ഷമിക്കാന്‍ കഴിയാതെ വരുമ്പോള്‍, നിങ്ങള്‍ക്ക് ഒരു പാപംചെയ്യാന്‍ തോന്നുമ്പോള്‍ അതിനെ നേരിടേണ്ടത് വചനം ഉപയോഗിച്ചായിരിക്കണം. നമ്മുടെ തലയ്ക്കുള്ളില്‍ നിറയെ വചനമുണ്ടായിരിക്കണം. നല്ലവരാകാന്‍, കുടുംബങ്ങള്‍ രക്ഷപ്പെടാന്‍, മക്കള്‍ നല്ലവരാകാന്‍, വചനം അറിയണം. വചനം പഠിക്കണം. നിങ്ങളുടെ സകല പ്രശ്‌നത്തിനുമുളള പരിഹാരം വചനങ്ങളിലുണ്ട്.

    എന്നാല്‍ നാം വചനം തലയ്ക്കകത്തേക്ക് കയറ്റുന്നില്ല. പകരം സീരിയല്‍ കയറ്റി, സിനിമ കയറ്റി, പത്രവാര്‍ത്ത കയറ്റി, അയല്‍ക്കാരന്റെ കുറ്റം കയറ്റി. ഫലമോ തിരുവചനം പ്രയോഗിക്കാനുളള സാധ്യത ഇല്ലാതായി. അതുകൊണ്ട് തിരുവചനം പഠിക്കണം. എഴുതിയെടുത്ത് പഠിക്കണം. വചനം പഠിക്കുമ്പോള്‍,വചനം പ്രയോഗിക്കുമ്പോള്‍ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ മാറിക്കിട്ടും.

    ഒരു ധ്യാനപ്രോഗ്രാമിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്ന ഒരു ദിവസത്തെ അനുഭവം ഓര്‍മ്മവരുന്നു. അടുത്ത ദിവസമാണ് പ്രോഗ്രാം. കുമ്പസാരിപ്പിക്കാനും വിശുദ്ധ കുര്‍ബാന ചൊല്ലാനും പ്രസംഗിക്കാനുമെല്ലാം ഞാന്‍ മാത്രമേയുള്ളൂ. എന്തോ അകാരണമായ ഭയം ഉള്ളില്‍ നിറഞ്ഞു. എന്തിനെന്നില്ലാത്ത അസ്വസ്ഥതകള്‍..വല്ലാത്ത സങ്കടം വന്നു. നാളെരാവിലെ അഞ്ചുമണിക്ക് സ്‌റ്റേജില്‍ കയറേണ്ടതാണ്. രാത്രി ഒമ്പതുമണിയാകാതെ ഇറങ്ങാന്‍ പറ്റില്ല.

    പക്ഷേ എനിക്ക് രാത്രിയില്‍ ഉറങ്ങാന്‍ പോലും കഴിയുന്നില്ലല്ലോ.. ഞാന്‍ നിലവിളിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് പരിശുദ്ധാത്മാവ് എനിക്കൊരു വെളിച്ചം ഉള്ളില്‍ തന്നു. ബൈബിള്‍ തുറന്ന് സങ്കീര്‍ത്തനം വായിക്കുക. സങ്കീര്‍ത്തനം മൂന്നാം അധ്യായം, നാലും അഞ്ചും ആറും വായിക്കാനാണ് പരിശുദ്ധാത്മാവ് പറഞ്ഞത്. ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു. തന്റെ വിശുദ്ധപര്‍വതത്തി്ല്‍ നിന്ന് അവിടുന്ന്എനിക്ക് ഉത്തരമരുളുന്നു. ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു. ഉണര്‍ന്നെണീല്ക്കുന്നു. എന്തെന്നാല്‍ ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്. എനിക്കെതിരെ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.

    ഈ വചനങ്ങള്‍ ആവര്‍ത്തിച്ചുപറയാനും പരിശുദ്ധാത്മാവ് എന്നോട് നിര്‍ദ്ദേശിച്ചു. ഞാന്‍ പത്തുതവണ ഈ വചനം പറഞ്ഞുപ്രാര്‍ത്ഥിച്ചു. അതോടെ എന്നെ വരിഞ്ഞുമുറുക്കിയിരുന്ന ഭയവും സങ്കടവും എല്ലാം വിട്ടുപോയി. അടുത്ത ദിവസം വളരെ ഉന്മേഷത്തോടെ ക്ലാസെടുക്കാന്‍ എനിക്ക് സാധിച്ചു. ഇതാണ് വചനത്തിന്റെ ശക്തി. വചനം പറഞ്ഞു പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന്റെ ശക്തി നമ്മളില്‍ നിറയുകയും നാം വചനത്താല്‍ ശുദ്ധീകരിക്കപ്പെടുകയും ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!