Friday, December 6, 2024
spot_img
More

    പതിമൂന്നാം ദിവസം മുതൽ പത്തൊൻപതാം ദിവസം വരെയുള്ള (രണ്ടാം ഘട്ടം ) ഒരുക്ക പ്രാർത്ഥനകൾ


    2 -ാം ഘട്ടം , ആദ്യ ആഴ്ച, ആത്മജ്ഞാനം

    ഒരുക്കപ്രാർത്ഥനകളിൽ ആദ്യഭാഗം (1 മുതൽ 7 വരെ ) ജഡമോഹങ്ങളിൽ നിന്നുള്ള നമ്മുടെ സ്വയംവിശുദ്ധീകരണത്തിനും, പ്രതിഷ്ഠാ ഒരുക്കത്തിനായി പ്രാർത്ഥിച്ചൊരുങ്ങുന്നതിനും വേണ്ടിയുള്ള പ്രത്യേകപ്രാർത്ഥനകളാണ്. (താല്പര്യമുള്ളവർക്ക് ഈ ആഴ്ചയിൽ കരുണക്കൊന്ത കൂടി ചൊല്ലാവുന്നതാണ്) തുടർന്നുള്ള 3 പ്രാർത്ഥനകളാണ് ( 8,9,10 ) വി.ലൂയിസ് ഡി മോൺഫോർട്ട് നിർദ്ദേശിക്കുന്നത് പ്രതിഷ്ഠാ ഒരുക്കത്തിന് നിർബന്ധമായും പ്രാർത്ഥിക്കേണ്ടത്

    ✝️ വിശുദ്ധ കുരിശിന്റ അടയാളം.
    〰️〰️〰️〰️〰️〰️〰️〰️〰️
    1️⃣ മരിയൻ പ്രാർത്ഥന

    നാരകീയ സർപ്പത്തിന്റെ തലയെ തകർത്ത പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെയും ഞങ്ങളുടെ കുടുംബങ്ങളുടെയും കൂട്ടായ്മകളുടെയും തിരുസഭയുടെയും സൃഷ്ടപ്രപഞ്ചത്തിന്റെയും നാശത്തെ ആഗ്രഹിക്കുന്ന പിശാചിന്റെ എല്ലാ കുടിലതന്ത്രങ്ങളെയും അമ്മയുടെ കാൽക്കീഴിൽ കൊണ്ടുവന്ന് തകർത്തു കളയണമേ. ആമ്മേൻ.

    പ്രതിഷ്ഠാ നവീകരണ സുകൃതജപം ( ഹൃദ്ദിസ്ഥമാക്കിക്കൊണ്ട് എല്ലായ്പ്പോഴും ചൊല്ലേണ്ടത് )

    അമ്മേ മാതാവേ, ഞാൻ മുഴുവനും എനിക്കുള്ളതെല്ലാം അമ്മയുടേതാണ്. ഈശോയെ ഞാൻ മുഴുവനും എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്.

    2️⃣ കരുണയുടെ സുകൃതജപം

    ഈശോയുടെ തിരുവിലാവിൽനിന്നും ഞങ്ങൾക്ക് കാരുണ്യശ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു ( 3 പ്രാവശ്യം )

    3️⃣ മനസ്താപ പ്രകരണം

    എന്റെ ദൈവമേ / ഏറ്റം നല്ലവനും/ എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാൻ യോഗ്യനുമായ/ അങ്ങേയ്ക്കെതിരായി പാപം ചെയ്തുപോയതിനാൽ/ പൂർണ്ണഹൃദയത്തോടെ ഞാൻ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു/ അങ്ങയെ ഞാൻ സ്നേഹിക്കുന്നു/ എന്റെ പാപങ്ങളാൽ/ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും / സ്വർഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അർഹനായി (അർഹയായി) ത്തീർന്നതിനാലും/ ഞാൻ ഖേദിക്കുന്നു/ അങ്ങയുടെ പ്രസാദവരസഹായത്താൽ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും/ മേലിൽ പാപം ചെയ്യുകയില്ലെന്നും ഞാൻ ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു
    പാപം ചെയ്യുക എന്നതിനേക്കാൾ
    മരിക്കാനും ഞാൻ
    സന്നദ്ധനാ(യാ)യിരിക്കുന്നു.

    4️⃣ ക്രിസ്താനുകരണ ജപം
    ( 11 -ാം ക്ളെമന്റ് മാർപാപ്പ രചിച്ചതും സ്വർഗ്ഗത്തിന് ഏറ്റം പ്രീതികരവുമായ അനുദിനപ്രാർത്ഥന )

    കർത്താവേ , ഞാൻ വിശ്വസിക്കുന്നു ; എന്റെ വിശ്വാസം . വർദ്ധിപ്പിക്കണമേ . ഞാൻ ശരണപ്പെടുന്നു ; ദൃഢതരമായി ഞാൻ ശരണപ്പെടട്ടെ . ഞാൻ അങ്ങയെ സ്നേഹിക്കുന്നു ; കൂടുതൽ തീക്ഷ്ണതയോടെ ഞാൻ അങ്ങയെ സ്നേഹിക്കട്ടെ . ഞാൻ അനുതപിക്കുന്നു ; കൂടുതലായി ഞാൻ അനു തപിക്കട്ടെ . എന്റെ സൃഷ്ടാവായി അങ്ങയെ ഞാൻ ആരാധിക്കുന്നു ; എന്റെ അന്ത്യമായി ഞാൻ അങ്ങയെ കാത്തിരിക്കുന്നു ; നിത്യോപകാരിയായി അങ്ങയെ ഞാൻ സ്തുതിക്കുന്നു . എന്റെ പരമരക്ഷകനായി അങ്ങയെ ഞാൻ വിളിച്ചപേക്ഷിക്കുന്നു .അങ്ങയുടെ വിജ്ഞാനത്തിൽ എന്നെ നയിക്കണമേ . അങ്ങയുടെ നീതി എന്നെ നിയന്ത്രിക്കട്ടെ ; അങ്ങയുടെ കാരുണ്യം എന്നെ സുഖപ്പെടുത്തട്ടെ ; അങ്ങയുടെ ശക്തി എന്നെ രക്ഷിക്കട്ടെ . അങ്ങയെപ്പററി വിചാരിക്കുന്നതിന് എന്റെ ചിന്തകളേയും അങ്ങയെപ്പററി സംസാരിക്കുന്നതിന് എന്റെ വാക്കുകളേയും അങ്ങയുടെ പരിശുദ്ധ ഇഷ്ടം പോലെയാകുന്നതിന് എന്റെ പ്രവൃത്തികളേയും അങ്ങയുടെ കൂടുതൽ മഹത്വത്തിന് എന്റെ സഹനങ്ങളേയും ഞാൻ അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു . അങ്ങ് ആഗ്രഹിക്കുന്നതുതന്നെ , അങ്ങ് ആഗ്രഹിക്കു ന്നതുപോലെ , അങ്ങ് ആഗ്രഹിക്കുന്നതുവരെ ഞാനാഗ്രഹിക്കുന്നു . എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കാനും എന്റെ മനസ്സിനെ ശക്തിപ്പെടുത്താനും എന്റെ ശരീരത്തെ പവിത്രീകരിക്കാനും എന്റെ ആത്മാവിനെ വിശുദ്ധീകരിക്കാനും ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു .കഴിഞ്ഞ കാലത്തെ പാപങ്ങളോർത്തു ഞാൻ കരയട്ടെ ; ഭാവി പ്രലോഭനങ്ങൾ തള്ളിക്കളയട്ടെ ; എന്റെ തിന്മയിലേയ്ക്കുള്ള ചാച്ചിലുകളെ ഞാൻ തിരുത്തട്ടെ ; പരിശുദ്ധമായ പുണ്യങ്ങൾ അഭ്യസിക്കട്ടെ . എന്റെ ദൈവമേ , അങ്ങയോടുള്ള സ്നേഹം എനിക്കു തരിക ; എന്നെ വെറുക്കാനും അയൽക്കാരെപ്രതി തീക്ഷ്ണത പ്രദർശിപ്പിക്കാനും ലോകത്തെ നിന്ദിക്കാനും എനിക്കു കൃപചെയ്യണമേ . ഞാൻ സദാ തലവന്മാരെ അനുസരിക്കാനും കീഴുള്ള വരെ സഹായിക്കാനും എന്റെ സ്നേഹിതന്മാരോട് വിശ്വസ്തത കാണിക്കാനും എന്റെ ശത്രുക്കളോടു ക്ഷമിക്കാനും ഇടവരട്ടെ . ആഹ്ലാദ തൃഷ്ണയെ പ്രായശ്ചിത്തം കൊണ്ടും അത്യാഗ്രഹത്തെ ഔദാര്യം കൊണ്ടും കോപത്തെ ശാന്തതകൊണ്ടും മന്ദതയെ തീക്ഷ്ണത കൊണ്ടും ഞാൻ കീഴ്പ്പെടുത്തട്ടെ . എന്റെ ആസുത്രണങ്ങളിൽ വിവേകവും ആപത്തുകളിൽ സ്ഥിരതയും അനർത്ഥങ്ങളിൽ ക്ഷമയും ഐശ്വര്യങ്ങളിൽ വിനയവും എനിക്കു തരിക . കർത്താവേ , പ്രാർത്ഥനയിൽ ശ്രദ്ധയും ഭക്ഷണത്തിൽ മിതത്വവും കൃത്യനിർവ്വഹണത്തിൽ ഉത്സാഹവും പ്രതിജ്ഞകളിൽ ദാർഢ്യവും എനിക്കു നൽകുക . എന്റെ പ്രകൃതിയെ നിയന്ത്രിക്കുന്നതിലും വരപ്രസാദം നേടാൻ വേണ്ടി യത്നിക്കുന്നതിലും ദൈവകല്പനകൾ അനുസരിക്കുന്നതിലും നിത്യരക്ഷയ്ക്കുവേണ്ടി കഷ്ടപ്പെടുന്നതിലും ഞാൻ ജാഗ്രത പ്രകാശിപ്പിക്കുമാറാകട്ടെ . കർത്താവേ , ഈ ലോകത്തിന്റെ നിസ്സാരത്വവും ദിവ്യവരങ്ങളുടെ മഹത്വവും സമയത്തിന്റെ ഹ്രസ്വതയും നിത്യത്വത്തിന്റെ ദൈർഘ്യവും എന്നെ പഠിപ്പിക്കണമേ . ഞാൻ എന്നും മരണത്തിന് ഒരുങ്ങിയിരിക്കുവാനും വിധിയെ ഭയപ്പെടാനും നരകത്തെ ഒഴിഞ്ഞുമാറാനും സ്വർഗ്ഗത്തിന് അർഹമായിത്തീരാനും എനിക്ക് കൃപചെയ്യണമേ . ആമ്മേൻ .

    5️⃣ വിമലഹൃദയ പ്രതിഷ്ഠാജപം

    ( ജ്ഞാനസ്നാനവ്രതം നവീകരിച്ചു കൊണ്ടുള്ള അനുദിനപ്രതിഷ്ഠാജപം )
    ദൈവമാതാവും അമലോൽഭവയുമായ പരിശുദ്ധ കന്യകാമറിയമേ, ദൈവത്തിന്റെയും സകലസ്വർഗ്ഗവാസികളുടെയുംസാന്നിധ്യത്തിൽ ഞാൻ അങ്ങയെ എൻറെ മാതാവുംരാജ്ഞിയുമായിപ്രഖ്യാപിക്കുന്നു.പിശാചിനെയും അവൻറെ എല്ലാപ്രവൃർത്തികളെയുംആഘോഷങ്ങളെയുംപരിത്യജിച്ചു കൊണ്ട് അങ്ങേ വിമലഹൃദയത്തിന് ഞാൻഎന്നെത്തന്നെപ്രതിഷ്ഠിക്കുന്നു. എൻറെ ആത്മാവിനെയും ശരീരത്തെയും ബുദ്ധിയെയും മനസ്സിനെയും ഹൃദയത്തെയും അവയുടെ എല്ലാ കഴിവുകളോടും കൂടെ ഞാൻ അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു എൻറെ എല്ലാ സൽപ്രവൃത്തികളും പരിഹാരപ്രവൃത്തികളും അവയുടെ യോഗ്യതകളും ലോകമെങ്ങും അർപ്പിക്കപ്പെടുന്ന ദിവ്യബലിയുടെ യോഗ്യതകളോട് ചേർത്ത് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻകാഴ്ചവയ്ക്കുന്നു.കാലത്തിലും നിത്യതയിലും ദൈവമഹത്വത്തിനുംആത്മാക്കളുടെ രക്ഷയ്ക്കുമായി അങ്ങേ ഹിതാനുസരണംഅവവിനിയോഗിച്ചു കൊള്ളണമേ.
    ആമ്മേൻ.

    പരിശുദ്ധമറിയത്തിന്റെ വിമലഹൃദയമേ
    ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമെ.

    വിശുദ്ധ യൗസേപ്പിൻ്റെ നിർമ്മല ഹൃദയമേ,
    ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

    യേശുവിന്റെ തിരുഹൃദയമേ,
    ഞങ്ങളുടെമേൽ കരുണയുണ്ടാകണമെ.

    യേശുവിൻറെ അമൂല്യരക്തമേ
    ഞങ്ങൾക്ക് സംരക്ഷണമേകണമേ.

    പ്രതിഷ്ഠാ നവീകരണ സുകൃതജപം ( ഹൃദ്ദിസ്ഥമാക്കിക്കൊണ്ട് എല്ലായ്പ്പോഴും ചൊല്ലേണ്ടത് )

    ” അമ്മേ മാതാവേ, ഞാൻ മുഴുവനും എനിക്കുള്ളതെല്ലാം അമ്മയുടേതാണ്.ഈശോയെ ഞാൻ മുഴുവനും എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്.

    6️⃣ വി.ജത്രൂദിൻ്റെ പ്രാർത്ഥന

    (ശുദ്ധീ കരണാത്മാക്കളുടെ മോചനത്തിനും പാപികളുടെ മാനസാന്തരത്തിനും വേണ്ടിയുള്ള പ്രാർത്ഥന )

    നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായയേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കൾക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

    ✝1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

    7️⃣ തിരുരക്താഭിഷേകപ്രാർത്ഥന

    പിതാവായ ദൈവമേ, അവിടത്തെ തിരുക്കുമാരന്റെ വില തീരാത്ത തിരുരക്തത്തിന് ഈ ലോകത്തെ മുഴുവൻ രക്ഷിക്കുവാൻ ശക്തിയുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.ഏറ്റു പറയുന്നു. ആ വിശ്വാസം ഞാൻ പ്രഖ്യാപിക്കുന്നു: ആ അമൂല്യമായ തിരുരക്തം കൊണ്ട് എന്റെ പഞ്ചേന്ദ്രിയങ്ങളെയും, ബുദ്ധിയെയും, മനസസിനെയും, ഹൃദയത്തെയും, ആത്മാവിനെയും, എന്നെത്തന്നെ പൂർണ്ണമായും അതുപോലെ തന്നെ എന്റെ പ്രിയപ്പെട്ടവരെയും എന്റെ ഭവനത്തെയും അതിന്റെ പരിസരങ്ങളെയും അഭിഷേകം ചെയ്യണമേ, ദുഷ്ടാരൂപിയുടെ എല്ലാ അലട്ടലുകളിൽ നിന്നും, ഞെരുക്കങ്ങളിൽ നിന്നും, അപകടങ്ങളിൽ നിന്നും, ഒരുക്കമില്ലാത്ത മരണത്തിൽ നിന്നും, എല്ലാവരെയും സംരക്ഷിക്കണമേ, ഈശോയേ, ഞാൻ അങ്ങയേ ആരാധിക്കുന്നു, സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു. ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ഈശോയേ, പാപിയായ എന്റെമേൽ കരുണയായിരിക്കണമേ ആമ്മേൻ.

    പരിശുദ്ധ പിതാവിൻ്റെയും തിരുസഭയുടെയും നിയോഗങ്ങൾക്കായി
    1സ്വർഗ്ഗ 1നന്മ 1ത്രീത്വ .

    (ആത്മ വിശുദ്ധീകരണത്തിൻ്റെ ഈ ആഴ്ചയിൽ കരുണക്കൊന്ത ചൊല്ലുന്നത് എറെ ഫലദായകമാണ്)


    ✝️ വി.ലൂയിസ് ഡി മോൺഫോർട്ട് നിർദ്ദേശിച്ചിട്ടുള്ള പ്രത്യേകപ്രാർത്ഥനകൾ

    8️⃣ പരിശുദ്ധാത്മാവിനോടുള്ള ലുത്തിനിയ

    (മറുപടിയായി ‘ഞങ്ങളുടെമേൽ കൃപ ചൊരിയണമേ’ എന്നു പ്രാർത്ഥിക്കുക)

    പരിശുദ്ധാത്മാവായ ദൈവമേ, പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവേ, പിതാവിന്റെയും പുത്രന്റെയും ജീവനായ പരിശുദ്ധാത്മാവേ, പിതാവിനും പുത്രനും സമനായ പരിശുദ്ധാത്മാവേ,
    പിതാവിന്റെയും പുത്രന്റെയും സ്നേഹമായ പരിശുദ്ധാത്മാവേ,
    സർവശക്തനായ പരിശുദ്ധാത്മാവേ, ജീവദാതാവായ പരിശുദ്ധാത്മാവേ, സ്നേഹദാതാവായ പരിശുദ്ധാത്മാവേ,
    ശക്തിദാതാവായ പരിശുദ്ധാത്മാവേ, ഞങ്ങളിൽ വസിക്കുന്ന പരിശുദ്ധാത്മാവേ,
    സഹായകനായ പരിശുദ്ധാത്മാവേ, സർവനന്മസ്വരൂപിയായിരിക്കുന്ന പരിശുദ്ധാത്മാവേ,
    കരുണയാകുന്ന പരിശുദ്ധാത്മാവേ, നീതിയുടെ ഉറവിടമാകുന്ന പരിശുദ്ധാത്മാവേ,
    ഭയമകറ്റുന്ന പരിശുദ്ധാത്മാവേ, പ്രത്യാശ നല്കുന്ന പരിശുദ്ധാത്മാവേ,
    ജ്ഞാനം നല്കുന്ന പരിശുദ്ധാത്മാവേ,
    ബുദ്ധി നല്കുന്ന പരിശുദ്ധാത്മാവേ, അറിവു നല്കുന്ന പരിശുദ്ധാത്മാവേ, വിവേകം നല്കുന്ന പരിശുദ്ധാത്മാവേ,
    ആലോചന നല്കുന്ന പരിശുദ്ധാത്മാവേ,
    ദൈവഭക്തി നല്കുന്ന പരിശുദ്ധാത്മാവേ,
    ദൈവഭയം നല്കുന്ന പരിശുദ്ധാത്മാവേ,
    ആത്മശക്തി നല്കുന്ന പരിശുദ്ധാത്മാവേ,
    സ്നേഹമാകുന്ന പരിശുദ്ധാത്മാവേ,
    ശാന്തി നല്കുന്ന പരിശുദ്ധാത്മാവേ, ആനന്ദമാകുന്ന പരിശുദ്ധാത്മാവേ, ക്ഷമ നല്കുന്ന പരിശുദ്ധാത്മാവേ,
    ദയ നല്കുന്ന പരിശുദ്ധാത്മാവേ,
    നന്മ നല്കുന്ന പരിശുദ്ധാത്മാവേ, സൗമ്യശീലം നല്കുന്ന പരിശുദ്ധാത്മാവേ,
    ബ്രഹ്മചര്യം നല്കുന്ന പരിശുദ്ധാത്മാവേ,
    അനുസരണം നല്കുന്ന പരിശുദ്ധാത്മാവേ,
    വിശ്വാസം നല്കുന്ന പരിശുദ്ധാത്മാവേ,
    സകലത്തെയും പവിത്രീകരിക്കുന്ന പരിശുദ്ധാത്മാവേ,
    സകലത്തെയും ശക്തിമത്കരിക്കുന്ന പരിശുദ്ധാത്മാവേ, പ്രലോഭനങ്ങളിൽനിന്ന് വിമോചിപ്പിക്കുന്ന പരിശുദ്ധാത്മാവേ, സാത്താന്റെ കുടിലതന്ത്രങ്ങളിൽനിന്നു ഞങ്ങളെ രക്ഷിക്കുന്ന പരിശുദ്ധാത്മാവേ,
    പ്രതികൂല സാഹചര്യങ്ങൾ അതിജീവിക്കാൻ ശക്തി നല്കുന്ന പരിശുദ്ധാത്മാവേ,
    വചനം ഹൃദയത്തിൽ സംഗ്രഹിപ്പിക്കുന്ന പരിശുദ്ധാത്മാവേ, വിശുദ്ധ കുർബാനയിൽ നിറഞ്ഞിരിക്കുന്ന പരിശുദ്ധാത്മാവേ, കൂദാശകളിലൂടെ ഞങ്ങളെ പവിത്രീകരിക്കുന്ന പരിശുദ്ധാത്മാവേ,
    ജീവജലത്തിന്റെ അരുവിയായ പരിശുദ്ധാത്മാവേ,
    നിത്യജീവനിലേക്ക് എന്നെ നയിക്കുന്ന പരിശുദ്ധാത്മാവേ,
    എന്റെ ഹൃദയത്തിലേക്ക് ചൊരിയപ്പെട്ടിരിക്കുന്ന സ്നേഹമേ.

    9️⃣ പ്രഭയോലും സമുദ്രതാരമേ സ്വസ്തി

    (വി. ബൊനവെഞ്ചർ രചിച്ച വിശ്വ പ്രസിദ്ധ മരിയൻ കീർത്തനം )

    പ്രഭയോലും സമുദ്രതാരമേ സ്വസ്തി
    ദേവമാതേ നീ അനുഗ്രഹീത
    പാപലേശമേശിടാത്ത കന്യേധന്യേ
    സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ.
    ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
    മോദമോടതു നീ സ്വീകരിച്ചു
    മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ
    ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ.
    അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ
    അന്ധതയിൽ ജ്യോതിസാകൂ തായേ
    സർവ്വരോഗവുമകറ്റണേ അമ്മേ
    സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ.
    ദൈവിക വചനമാമേശുനാഥൻ
    നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
    നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
    ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും.
    സർവ്വത്തിലും അതിശയമാകും കന്യേ
    ശാന്തരിലതീവ ശാന്തയാം നീ
    രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
    വിശുദ്ധിയോടെ പാലിക്കൂ തായേ.
    കന്മഷമേശാതെ കാത്തിടൂ നീ
    സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ
    യേശുവിൽ ആമോദമെന്നുമെന്നന്നേക്കും
    ആസ്വദിപ്പോളം കാത്തിടൂ തായേ.
    അത്യുന്നസുരലോകത്തെങ്ങും സദാ
    സർവ്വശക്തനാം ത്രിത്വൈക ദേവാ
    പിതാവേ, പുത്രാ, റൂഹായേ സ്തുതി
    എന്നുമെന്നന്നേക്കുമാമ്മേനാമ്മേൻ.

    🔟 പരിശുദ്ധ ദൈവമാതാവിന്റെ ലുത്തിനിയ (ലൊറേറ്റോ ലുത്തിനിയ)

    കർത്താവേ, അനുഗ്രഹിക്കണമേ – കർത്താവേ അനുഗ്രഹിക്കണമേ. മിശിഹായേ, അനുഗ്രഹിക്കണമേ – മിശിഹായേ അനുഗ്രഹിക്കണമേ.
    കർത്താവേ, അനുഗ്രഹിക്കണമേ – കർത്താവേ അനുഗ്രഹിക്കണമേ. മിശിഹായേ, ഞങ്ങളുടെ പ്രാർഥന കേൾക്കണമേ
    മിശിഹായേ ഞങ്ങളുടെ പ്രാർഥന കേൾക്കണമേ.
    സ്വർഗസ്ഥനായ പിതാവായ ദൈവമേ , ഞങ്ങളെ അനുഗ്രഹിക്കണമേ
    ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ
    പരിശുദ്ധാത്മാവായ ദൈവമേ,
    ഞങ്ങളെ അനുഗ്രഹിക്കണമേ
    ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

    (ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്നു പ്രാർത്ഥിക്കുക)

    പരിശുദ്ധ മറിയമേ,
    ദൈവത്തിന്റെ പരിശുദ്ധ ജനനീ, കന്യകകൾക്കു മകുടമായ നിർമല കന്യകേ,
    മിശിഹായുടെ മാതാവേ, ദൈവവരപ്രസാദത്തിന്റെ മാതാവേ, ഏറ്റവും നിർമലയായ മാതാവേ, അത്യന്ത വിരക്തയായ മാതാവേ, കളങ്കമറ്റ കന്യകയായ മാതാവേ,
    ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
    കന്യാത്വത്തിന് ഭംഗംവരാത്ത മാതാവേ,
    സ്നേഹത്തിന് ഏറ്റവും യോഗ്യയായ മാതാവേ,
    അദ്ഭുതത്തിന് വിഷയമായ മാതാവേ,
    സദുപദേശത്തിന്റെ മാതാവേ, സ്രഷ്ടാവിന്റെ മാതാവേ, രക്ഷിതാവിന്റെ മാതാവേ,
    ഏറ്റവും വിവേകമതിയായ കന്യകേ, വണക്കത്തിന് ഏറ്റവും യോഗ്യയായ കന്യകേ,
    സ്തുതിക്കു യോഗ്യയായ കന്യകേ, മഹാവല്ലഭയായ കന്യകേ,
    കനിവുള്ള കന്യകേ,
    ഏറ്റവും വിശ്വസ്തയായ കന്യകേ, നീതിയുടെ ദർപ്പണമേ, ദിവ്യജ്ഞാനത്തിന്റെ സിംഹാസനമേ, ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ,
    ആത്മജ്ഞാന പൂരിത പാത്രമേ, ബഹുമാനത്തിന്റെ പാത്രമേ, അദ്ഭുതകരമായ ഭക്തിയുടെ പാത്രമേ,
    ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ,
    ദാവീദിന്റെ കോട്ടയേ,
    നിർമലദന്തം കൊണ്ടുള്ള കോട്ടയേ, സ്വർണാലയമേ,
    വാഗ്ദാനത്തിന്റെ പേടകമേ, സ്വർഗത്തിന്റെ വാതിലേ,
    ഉഷകാല നക്ഷത്രമേ,
    രോഗികളുടെ ആരോഗ്യമേ, പാപികളുടെ സങ്കേതമേ, പീഡിതരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞീ, പൂർവപിതാക്കന്മാരുടെ രാജ്ഞീ, ദീർഘദർശികളുടെ രാജ്ഞീ, ശ്ലീഹാമാരുടെ രാജ്ഞീ, വേദസാക്ഷികളുടെ രാജ്ഞീ, വന്ദകന്മാരുടെ രാജ്ഞീ, കന്യകകളുടെ രാജ്ഞീ,
    സകല വിശുദ്ധരുടെയും രാജ്ഞീ, അമലാദ്ഭവയായ രാജ്ഞീ,

    സ്വർഗാരോപിതയായ രാജ്ഞീ, പരിശുദ്ധ ജപമാലയുടെ രാജ്ഞീ, കർമലസഭയുടെ അലങ്കാരമായ രാജ്ഞീ,
    സമാധാനത്തിന്റെ രാജ്ഞീ,

    ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.
    ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ കർത്താവേ, ഞങ്ങളുടെ പ്രാർഥന കേൾക്കണമേ. ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ
    കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

    ✝️ MARIAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY ✝️

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!