ന്യൂഡല്‍ഹി: ഡല്‍ഹി ലാഡോസറായില്‍ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള ലിറ്റില്‍ ഫഌവര്‍ ദേവാലയം പൊളിച്ചുനീക്കിയതില്‍ വ്യാപകമായ പ്രതിഷേധം. 13 വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ദേവാലയമാണ് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തില്‍ അനധികൃത നിര്‍മ്മാണം എന്നാരോപിച്ച് പൊളിച്ചുനീക്കിയത്. നിര്‍മ്മാണവുമായി ബനധപ്പെട്ട തര്‍ക്കം കോടതിയുടെ പരിഗണനയിലിരിക്കവെയായിരുന്നു ജില്ലാ ഭരണകൂടം നോട്ടീസ് നല്കി രണ്ടു ദിവസത്തിനുള്ളില്‍ ദേവാലയം പൊളിച്ചുമാറ്റിയത്.
നോട്ടീസിന് മറുപടി നല്കാന്‍ പോലും ഭരണകൂടം അവസരം നല്കിയില്ല. മാത്രവുമല്ല പള്ളിയോട് ചേര്‍ന്നുള്ള രണ്ടുകെട്ടിടങ്ങള്‍ ഭാഗികമായി മാത്രം പൊളിച്ച ശേഷമാണ് പളളിയുംഅനുബന്ധ കെട്ടിടങ്ങളും പൂര്‍ണ്ണമായും പൊളിച്ചത്. വിവേചപരമായ നടപടിയാണ് ഭരണകൂടത്തിന്റേതെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. അഞ്ഞൂറോളം കുടുംബങ്ങളാണ് ദേവാലയത്തിന് കീഴിലുണ്ടായിരുന്നത്. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വികാരി ഫാ. ജോസ് കുന്നുംകുഴിലിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ റോഡില്‍ മുട്ടുകുത്തിനിന്ന് പ്രതിഷേധിച്ചു. വിശ്വാസികളുടെ ഹൃദയത്തിന് മുറിവേല്‍പിച്ച നടപടിയാണ് ഭരണകൂടത്തിന്റേതെന്ന് വിശ്വാസികള്‍ അഭിപ്രായപ്പെട്ടു.