Wednesday, December 4, 2024
spot_img
More

    ജൂലൈ 18 നെൽസൺ മണ്ടേല ദിനം. നെൽസൺ മണ്ടേല: അനീതിക്കെതിരായ തളരാത്ത സമരവീര്യം/ ടോണി ചിറ്റിലപ്പിള്ളി


    ഈ ലോക ജീവിതത്തിൽ വലിയ വലിയ സ്വപ്നങ്ങള്‍ കാണുകയും വളരെ ഉയര്‍ന്ന വിജയങ്ങള്‍ സ്വന്തമാക്കുകയും ചെയ്തവരുടെ പ്രചോദിപ്പിക്കുന്ന ജീവിത കഥകളില്‍ നിന്ന് നമുക്ക് പഠിക്കാന്‍ ഏറെയുണ്ട്.മനുഷ്യജീവിതത്തില്‍ തന്നെ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയതായിരുന്നു ഇവരില്‍ ചിലരുടെ സ്വപ്നങ്ങള്‍.ഇവര്‍ സ്വപ്നം കാണാന്‍ ധൈര്യപ്പെട്ടില്ലായിരുന്നെങ്കില്‍ ഇന്നത്തെ പല ജീവിത സൗകര്യങ്ങളും നമുക്ക് അന്യമായേനെ.അങ്ങനെയുള്ള ഒരാളാണ് നെൽസൺ മണ്ടേല.

    മനുഷ്യാവകാശ അഭിഭാഷകൻ,അന്താരാഷ്ട്ര സമാധാന പാലകൻ, സ്വതന്ത്ര ദക്ഷിണാഫ്രിക്കയുടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റ് എന്നീ നിലകളിൽ നെൽസൺ മണ്ടേല തന്റെ ജീവിതം മാനവിക സേവനത്തിനായി നീക്കിവച്ചു.മനുഷ്യാവകാശപ്പോരാട്ടങ്ങളുടെയും സ്വാതന്ത്ര്യസമരങ്ങളുടെയും എക്കാലത്തെയും വലിയ പ്രതീകമായാണ് നെൽസൺ മണ്ടേലയെ ലോകം നോക്കിക്കാണുന്നത്.

    നെൽസൺ മണ്ടേലയുടെ ബഹുമാനാർത്ഥം യു.എൻ ആഘോഷിക്കുന്ന ഒരു അന്താരാഷ്ട്രദിനമാണ് മണ്ടേല ദിനം.മണ്ടേലയുടെ ജന്മദിനമായ ജൂലായ് 18 നാണ് മണ്ടേലദിനം ആഘോഷിക്കുന്നത്.2009 ലാണ് യുണൈറ്റഡ് നേഷൻസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.2010 ജൂലായ് 18 നാണ് ആദ്യ മണ്ടേലദിനം ആഘോഷിച്ചത്.ആഗോളമായി പ്രവർത്തിക്കാനുള്ള ആഹ്വാനവും,ഓരോ മനുഷ്യനും ലോകം മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്നും ഒരു പ്രഭാവം ഉണ്ടാക്കാമെന്നുമുള്ള ആശയമാണ് മണ്ടേല ദിനം മുന്നോട്ടുവയ്ക്കുന്നത്.

    ഏതെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങളെയോ പിന്തുണയ്‌ക്കുന്നതിനും പ്രാദേശിക സമൂഹത്തിൽ സേവനം  ചെയ്യാൻ 67 മിനിറ്റ് സമയം ഉപയോഗിക്കാൻ മണ്ടേല ദിനസന്ദേശം ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.67 മിനിറ്റ് എന്നത് പ്രതീകാത്മകമായി മണ്ടേല മനുഷ്യാവകാശങ്ങൾക്കായി പോരാടിയ വർഷങ്ങളെയും വർണ്ണവിവേചനം നിർത്തലാക്കുന്നതിനെയും പ്രതിനിധീകരിക്കുന്നു.

    1993-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക്‌ ഡിക്ലർക്കിനോടൊപ്പം പങ്കിട്ടു.ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി 1990 ൽ ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയനുമായിരുന്നു അദ്ദേഹം.”ലോങ് വോക് റ്റു ഫ്രീഡം ആണ് ആത്മകഥ”.

    വര്‍ണ്ണവിമോചനത്തിന്റെ കൂരിരുട്ടില്‍ നിന്നും സ്വതന്ത്ര്യത്തിന്റെ ഉജ്ജ്വല പ്രകാശത്തിലേയ്ക്ക് അദ്ദേഹം ദക്ഷിണാഫ്രിക്കയെ നയിച്ചു.അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗത്തിന് സ്വാതന്ത്ര്യത്തിന്റേതായ സ്വപ്നങ്ങൾ പകർന്ന് വിവേചനത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിക്കാൻ അവർക്ക് ഊർജം നൽകി അദ്ദേഹം നടത്തിയ രാഷ്ട്രീയ ഇടപെടലുകളിൽ ആവേശം കൊള്ളാത്തവർ കുറവായിരിക്കും.

    “ദാരിദ്ര്യവും അനീതിയും അസമത്വവും ലോകത്ത് നിലനിൽക്കുന്നിടത്തോളം കാലം നമുക്കാർക്കും യഥാർത്ഥ വിശ്രമം ലഭിക്കില്ല” എന്ന മണ്ടേലയുടെ വാക്കുകൾ പുരോഗമനാഭിമുഖ്യമുള്ള ലോകജനതയുടെ ആപ്തവാക്യമാണ്.ഗാന്ധിയന്‍ ദര്‍ശനങ്ങളെയും അഹിംസാധിഷ്ഠിത സമരങ്ങളെയും ആദരിച്ച മണ്ടേല നടത്തിയ സമരം മാനവരാശിക്കാകമാനം പ്രചോദനമരുളുന്നതാണ്.

    പദവികളെയല്ല മനുഷ്യനെയാണ് മണ്ടേല എന്നും ആദരിച്ചിരുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ മനുഷ്യനും മനുഷ്യത്വത്തിനും മാത്രമായിരുന്നു എന്നും സ്ഥാനം. വഹിച്ച പദവികളേക്കാള്‍, പുലര്‍ത്തിയ മനോഭാവംകൊണ്ട് ലോകമെങ്ങുമുള്ള മനസ്സില്‍ വെളിച്ചമായി നിറഞ്ഞു കത്താന്‍ ആ കറുത്ത സൂര്യന് കഴിഞ്ഞതും അതുകൊണ്ടുതന്നെ.

    1999 ജൂൺ വരെ പ്രസിഡണ്ട്‌ സ്ഥാനത്ത്‌ തുടർന്ന മണ്ടേല, വർണ്ണവിവേചനത്തിൽനിന്നും ന്യൂനപക്ഷഭരണത്തിൽനിന്നും രാജ്യത്തെ ഐക്യത്തിലേക്ക്‌ നയിച്ചത്‌ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു.76  വയസ്സിൽ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്നും പൂർണ്ണമായി വിരമിച്ചു.വളരെ ലളിതമായ ജീവിതം നയിച്ച ഒരു വ്യക്തിയായിരുന്നു മണ്ടേല,മദ്യപാനം പുകവലി എന്നീ ശീലങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. തന്റെ വികാരങ്ങൾ പുറത്തു പ്രകടിപ്പിക്കാതെ, തന്നിലേക്കുതന്നെ അടക്കിവെക്കുന്ന ഒരു പ്രകൃതക്കാരനായിരുന്നു അദ്ദേഹം.

    2013 ഡിസംബർ 5ന് തന്റെ 95-ആം വയസ്സിൽ നെൽസൺ മണ്ടേല അന്തരിച്ചു. ജോഹന്നാസ് ബർഗിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു അന്ത്യം.ഡിസംബർ 15ന് എല്ലാ വിധ ബഹുമതികളോടും കൂടെ മണ്ടേലയുടെ ശവസംസ്കാരചടങ്ങുകൾ നടത്തി തൊണ്ണൂറോളം രാഷ്ട്രങ്ങളുടെ പ്രതിനിധികൾ മണ്ടേലയുടെ അന്ത്യയാത്രക്കു സാക്ഷ്യം വഹിക്കുവാനായി ദക്ഷിണാഫ്രിക്കയിൽ വന്നു ചേർന്നിട്ടുണ്ടായിരുന്നു.

    “പ്രതിസന്ധികൾ ചിലരെ തകർക്കുന്നു, മറ്റുചിലരെ വാർക്കുന്നു. പരിശ്രമിച്ചുകൊണ്ടേയിരിക്കുന്ന ഒരു പാപിയുടെ ആത്മാവിനെ ഛേദിക്കാൻ എത്ര മൂർച്ചയുള്ള ആയുധത്തിനും സാധ്യമല്ല.അതായത് അന്ത്യത്തിലാണെങ്കിലും എഴുന്നേൽക്കാൻ കഴിയുമെന്നുള്ള പ്രത്യാശപുലർത്തുന്ന വ്യക്തിയെത്തന്നെ.ഇന്നത്തെ ലോകം ഏറ്റവും ആവശ്യപ്പെടുന്നത് സ്നേഹമാണ്. അതു ഭവനത്തിൽനിന്നാരംഭിച്ച് സമൂഹത്തിലേക്കു സംക്രമിക്കണം”. കാലികപ്രാധാന്യമുള്ള മണ്ടേലയുടെ വാക്കുകൾ ഈ ദിനത്തിൽ നമുക്ക് പ്രചോദനം പകരട്ടെ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!