ന്യൂഡല്‍ഹി: അന്ധേരിയ മോഡിലെ ഇടിച്ചുനിരത്തിയ ലിറ്റില്‍ ഫഌവര്‍ സീറോ മലബാര്‍ കത്തോലിക്കാപള്ളി പുനനിര്‍മ്മിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതിനിധികളായി പള്ളി സന്ദര്‍ശിച്ച എഎംപി എംഎല്‍എ മാരായ സോമനാഥ് ഭാരതിയും നരേഷ് യാദവും ഉറപ്പുനല്കി. മുന്‍കേന്ദ്രമന്ത്രി പ്രഫ. കെവി തോമസ്, പള്ളി വികാരി ഫാ. ജോസ് കന്നും കുഴി, ഇടവക പ്രതിനിധികള്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയിലാണ് വാക്ക് നല്കിയത്.
ക്രൈസ്തവവിശ്വാസികളുടെ വികാരം പൂര്‍ണ്ണമായും മാനിക്കുമെന്നും നിയമപരമായി പുതിയ പള്ളി പണിയുന്നതിന് നിയമവിദഗ്ദരും ഉദ്യോഗസ്ഥരും പള്ളി അധികാരികളുമായി ചര്‍ച്ച നടത്തുമെന്നും കത്തോലിക്കാ വിശ്വാസികള്‍ക്കൊപ്പമാണ് ഡല്‍ഹി സര്‍ക്കാരെന്നും നേതാക്കള്‍ അറിയിച്ചു. സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനുളള അവസരമാക്കി മാറ്റാനുള്ള ചിലരുടെ ശ്രമങ്ങളെ ചെറുത്തു തോല്പിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിയാണ് പള്ളി തകര്‍ക്കിന് വഴി തെളിച്ചത്. നോട്ടീസില്‍ ഉദ്ധരിക്കുന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവ് മറ്റൊരു സമൂദായത്തിന്റെ അനധികൃത ക്ഷേത്രം ഒഴിപ്പിക്കുന്നതിനുളളതാണ്.
ഏതെങ്കിലും ഒരു സ്ഥാപനത്തെയോ വ്യക്തിയെയോ തിരഞ്ഞുപിടിച്ചു ഒഴിപ്പിക്കരുതെന്ന കോടതി ഉത്തരവും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവും പാലിക്കപ്പെട്ടിട്ടില്ല. നേതാക്കള്‍ ചൂണ്ടിക്കാട്ടി.