കൊച്ചി: ജീവസമൃദ്ധിയുടെ സന്ദേശം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി ഫാമിലികമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള പ്രോലൈഫ് സമിതി പുറത്തിറക്കിയ ജീവസമൃദ്ധി എന്ന ആല്‍ബത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന:സാക്ഷിയുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം അബോര്‍ഷനെതിരെ സംസാരിക്കാതിരിക്കാനാവില്ല. ക്രൈസ്തവരുടെ വിശ്വാസം ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നാണ്. ജീവന്‍ രൂപപ്പെടുന്ന ആദ്യനിമിഷം മുതല്‍ അന്ത്യനിമിഷംവരെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് തന്റെ ഛായയിലും സാദൃശ്യത്തിലുമാണ്. തന്റെ ദൗത്യം തുടരാന്‍ വേണ്ടിയാണ് ദൈവം മനുഷ്യന് ജന്മം നല്കിയിരിക്കുന്നത്.
എന്നാല്‍ ദൈവത്തിന്റെ പദ്ധതിക്ക് വിരുദ്ധമായിട്ടാണ് മെഡിക്കല്‍ ടെര്‍മിനേഷന്‍ ആക്ട് പ്രവര്‍ത്തിക്കുന്നത്. ഈ നിയമം പ്രാബല്യത്തില്‍ വന്നിട്ട് അമ്പതു വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞു. അതിന് പുറമെ ഏറ്റവും പുതിയ പരിഷ്‌ക്കാരമനുസരിച്ച് അഞ്ചുമാസം വരെയുള്ള ഗര്‍ഭാവസ്ഥയിലും കുഞ്ഞിനെ വേണമെങ്കില്‍ അബോര്‍ഷന്‍ ചെയ്ത് നശിപ്പിക്കാമെന്നാണ്.
മറ്റ് പലരാഷ്ട്രങ്ങളുടെയും ചുവടുപിടിച്ചാണ് ഭാരതത്തിലും ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്. ഈ നിയമത്തിനെതിരെ ശബ്ദിക്കേണ്ടത് നമ്മുടെ കടമയാണ്. ജീവന്റെ മൂല്യത്തെക്കുറിച്ച് നാം ബോധവല്‍ക്കരിക്കേണ്ടതുണ്ട്. ജീവന്‍ രൂപമെടുത്താല്‍ അതിനെ സംരക്ഷിക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തില്‍ ഭീഷണിനേരിടുന്ന ജീവന്‍ നമുക്ക് സംരക്ഷിക്കണം. പ്രോലൈഫ് സമിതിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ജീവന്റെ സംരക്്ഷണത്തിന് വേണ്ടിയുള്ള ജീവസംരക്ഷണദിനത്തിന് എല്ലാവരും പ്രോത്സാഹനവും പിന്തുണയും നല്കണം. അബോര്‍ഷനിലൂടെ ഇല്ലാതാക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, കരുണക്കൊന്ത ചൊല്ലുക, 24 മണിക്കൂര്‍ ഉപവാസം, രണ്ടുമിനിറ്റ് നേരം മരണമണി മുഴക്കുക എന്നിവയെല്ലാം ഈ ദിവസം ചെയ്യേണ്ടതായ പദ്ധതികളാണ്. ജീവന്റെ മൂല്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ജീവന്റെ മഹത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം കൂടുതല്‍ പങ്കെടുക്കുന്നതിനും പ്രേരണ നല്കുന്നതാണ് ജീവസമൃദ്ധി എന്ന ആല്‍ബം എന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അഭിപ്രായപ്പെട്ടു.
എസ് തോമസും ലിസി സന്തോഷും ചേര്‍ന്നാണ് ഈ സിഡിയിലെ ഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വഹിച്ചിരി്ക്കുന്നത്. കെസ്റ്റര്‍, രാജേഷ് എച്ച്, ശ്രുതി ബെന്നി, ആര്‍ഷ ഷാജി എന്നിവരാണ് ഗായകര്‍. മനോരമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയും ഈ ഗാനം കേള്‍ക്കാവുന്നതാണ്.