Saturday, March 15, 2025
spot_img
More

    ഈ വസ്ത്രങ്ങള്‍ ധരിച്ചാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിക്കാം


    ധരിക്കുന്ന വസ്ത്രം ഒരാളുടെ വ്യക്തിത്വം അനാവരണം ചെയ്യുന്നു എന്ന് നമുക്കറിയാം. അതുകൊണ്ട് വീട്ടില്‍ ധരിക്കുന്നതുപോലെയുള്ള വേഷമല്ല നാം പുറത്ത് പോകുമ്പോള്‍ ധരിക്കുന്നത്. പുറത്തു ധരിക്കുന്ന വസ്ത്രമാണെങ്കിലും സാഹചര്യത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച് വ്യത്യസ്തമായിരിക്കാന്‍ നാം ഓരോരുത്തരും ശ്രദ്ധിക്കാറുണ്ട്.

    എന്നാല്‍ ഒരു ക്രൈസ്തവനും കത്തോലിക്കനും എന്ന നിലയില്‍ ഓരോരുത്തരും ഏത് അവസ്ഥയിലും ധരിക്കേണ്ട വസ്ത്രമുണ്ട് എന്നാണ് പരിശുദ്ധ കന്യാമറിയം പറയുന്നത്. അമ്മയുടെ ജീവിതത്തില്‍ നിന്നാണ് നാം ഈ പാഠം പഠിക്കുന്നത്. എന്തൊക്കെയാണ് നാം ധരിക്കേണ്ട വസ്ത്രങ്ങള്‍?

    എളിമയുടെ വസ്ത്രം: പരിശുദ്ധ അമ്മ എന്നും എളിമയുള്ള വ്യക്തിയായിരുന്നു. ദൈവത്തിനും മനുഷ്യരുടെയും ഇടയില്‍ എളിമയുടെ വസ്ത്രം ധരിച്ചായിരുന്നു അമ്മ ജീവിച്ചത്. അമ്മയുടെ എളിമയും ലാളിത്യവുമായിരുന്നു ദൈവപുത്രന്റെ അമ്മയാകാനുള്ള മഹാഭാഗ്യം അവള്‍ക്ക് നേടിക്കൊടുത്തത്. അതുകൊണ്ട് നാം എപ്പോഴും എളിമയുടെ വസ്ത്രം ധരിക്കുന്നവരായിരിക്കണം. ചിലപ്പോള്‍ ഭൗതികമായി നമുക്ക് സമ്പത്തും സല്‍പ്പേരും പ്രശസ്തിയും സൗന്ദര്യവും പദവിയും കാണുമായിരിക്കും. പക്ഷേ അഹങ്കരിക്കരുത്. നാളെ നമുക്കെന്തു സംഭവിക്കുമെന്ന് നമുക്കറിയില്ല. അതുകൊണ്ട് എളിമയുടെ വസ്ത്രം അഴിച്ചുവയ്ക്കാതെ നടക്കുക.

    കരുണയുടെ വസ്ത്രം: മറ്റുളളവരോട് കരുണയുള്ളവരായിരിക്കുക. ദയ കാണിക്കുക, അന്ന് കാനായിലെ കല്യാണ വീട്ടില്‍ മറിയം ഇടപെട്ട സാഹചര്യം ഓര്‍മ്മിക്കുക. അമ്മയ്ക്ക് അവരോട് ദയ തോന്നി. സഹതാപം തോന്നി. ജീവിതത്തില്‍ ചുറ്റുമുള്ളവരോടെല്ലാം കരുണ കാണിക്കു. ദയയോടെ പെരുമാറൂ. അതതാണ് കത്തോലിക്കന്റെ മറ്റൊരു വിശേഷപ്പെട്ട വസ്ത്രം.

    നന്ദിയുടെ വസ്ത്രം.: പരിശുദ്ധമറിയം എപ്പോഴും നന്ദിയുള്ളവളായിരുന്നു. സ്വര്‍ഗ്ഗത്തെ സന്തോഷപ്പെടുത്തുന്ന വലിയൊരു പുണ്യമാണ് നന്ദി. നന്ദിയുള്ള മനുഷ്യരെ നാം പോലും ഇഷ്ടപ്പെടുന്നുണ്ട്. ചെയ്തുതന്ന ഉപകാരങ്ങളെ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും. ഓരോ നന്മകളെയും നന്ദിയോടെ ഓര്‍മ്മിക്കുക. ദൈവത്തോടും മനുഷ്യരോടും നന്ദിയുള്ളവരായിരിക്കുക.

    മേല്പ്പറഞ്ഞ മൂന്നു വസ്ത്രങ്ങള്‍ അണിയുക. ജീവിതത്തില്‍ വിജയിക്കാന്‍ നമുക്ക് ഇതിലും എളുപ്പമുള്ള മറ്റൊരു വഴിയില്ല. അതുകൊണ്ട് എളിമയും ദയയും നനന്ദിയും നമ്മുടെ വസ്ത്രമാക്കി നമുക്ക് ജീവിക്കാം. ദൈവം അപ്പോള്‍ നമ്മെ അനുഗ്രഹിക്കുക തന്നെ ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!