മാതാവിന്റെ പിറവിത്തിരുനാളിനൊരുക്കമായിട്ടുള്ള എട്ടുനോമ്പിലേക്ക് നാംപ്രവേശിക്കുകയാണ്. മരിയഭക്തരായ നമ്മെ സംബന്ധിച്ചിടത്തോളം ഈ ദിനങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. വിവിധ മരിയന്‍ തീര്‍തഥാടനകേന്ദ്രങ്ങളില്‍ ഇതോട് അനുബന്ധിച്ച് പ്രത്യേകപ്രാര്‍ത്ഥനാചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ട്.
മണര്‍കാട് പള്ളി, അക്കരപ്പള്ളി, കുറവിലങ്ങാട് പളളി എന്നിങ്ങനെ മരിയന്‍ നാമത്തിലുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ പേരുകള്‍ പ്രത്യേകം എടുത്തുപറയണം. നോമ്പെടുത്തും പ്രായശ്ചിത്തപ്രവൃത്തികള്‍ ചെയ്തും പ്രത്യേക പ്രാര്‍ത്ഥനാനിയോഗങ്ങള്‍ നാം മാതാവിന് സമര്‍പ്പിക്കുകയും ചെയ്യും. വ്യക്തിപരമായ ഈ പ്രാര്‍ത്ഥനകള്‍ക്കൊപ്പം തന്നെ മറ്റ് ചില പ്രാര്‍ത്ഥനാവിഷയങ്ങള്‍ കൂടി സമര്‍പ്പിക്കാന്‍ മറക്കരുത്.
ലോകസമാധാനം എന്നതാണ് അതിലൊരു വിഷയം. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധി നമുക്കറിയാം. അ്ഫ്ഗാനിസ്ഥാന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിരിക്കുന്ന വിവരവും നമുക്കറിയാം. ഈ സാഹചര്യത്തില്‍ നമുക്ക് അഫ്ഗാനിസ്ഥാനെ മാതാവിന്റെ പാദാരവൃന്ദങ്ങളില്‍ പ്രത്യേകമായി സമര്‍പ്പിക്കാം.
മറ്റൊരു വിഷയം നമ്മുടെ സഭയ്ക്കുള്ളിലെ തന്നെ പ്രശ്‌നങ്ങളാണ്. കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് അവിടെയും ഇവിടെയുമായി പല പുകപടലങ്ങളും ഉയര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ? ചിതറിപ്പോയ ശ്ലീഹന്മാരെ പരിശുദ്ധാത്മാഭിഷേകത്തിലൂടെ ഒരുമിച്ചുചേര്‍ത്തത് പരിശുദ്ധ അമ്മയാണെന്ന് നമുക്കറിയാം. ആ അമ്മയെ തന്നെ നമുക്ക് ഈ വിഷയത്തിലും വിളിച്ചപേക്ഷിക്കാം. അനുസരണപ്പെടാനുള്ള സന്മനസ്സും സംവാദത്തിനുള്ള തുറവിയും എല്ലാവര്‍ക്കുമുണ്ടാകട്ടെ. കേള്‍ക്കാനും മനസ്സിലാക്കാനും തിരുത്താനും അംഗീകരിക്കാനും ആദരിക്കാനുമുള്ള സാഹചര്യങ്ങള്‍ സംജാതമാകട്ടെ.
മൂന്നാമതൊരു വിഷയം വര്‍ഗ്ഗീയമായി ചിന്തിക്കുകയും ചേരിതിരിയുകയും ചെയ്യുന്ന നമ്മുടെ പ്രവണതകളാണ്. പുതിയൊരു തരംഗമായി ഇത് മാറിയിരിക്കുകയാണ്. ഇത്തരം പ്രവണതകള്‍ക്ക് അന്ത്യം കുറിക്കാനും നമുക്ക് എ്ട്ടുനോമ്പില്‍ മാതാവിന്റെ മാധ്യസ്ഥം തേടാം…