Wednesday, April 30, 2025
spot_img
More

    ഈശോ പണം ചെലവഴിച്ച രീതി: ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍

    ഈശോമിശിഹാ ദാരിദ്ര്യം പിടിച്ച രീതിയിലാണ് ജീവിച്ചതെന്നാണോനിങ്ങള്‍ വിശ്വസിക്കുന്നത്? ഒരിക്കലുമല്ല. ഈശോയുടെ അങ്കി പങ്കിട്ടെടുത്തു എന്ന് പറയുന്നതു തന്നെ ഉദാഹരണം. തുന്നല്‍ക്കൂടാതെ നെയ്യപ്പെട്ട മേല്‍ത്തരം അങ്കിയായിരുന്നു ഈശോമിശിഹായുടേത്. അതായത് നല്ല വിലകൊടുത്തു വാങ്ങിയതുതന്നെയായിരുന്നു ഈശോയുടെ അങ്കിയെന്നാണ്. സുവിശേഷവേലയാണ്, ശുശ്രൂഷയാണ് എന്നെല്ലാം പറഞ്ഞ് കീറിയത് ഇട്ടുനടക്കേണ്ട കാര്യമില്ലെന്ന് പറയാനാണ് ഇതുപറഞ്ഞത്.

    വൃത്തിയായി നടക്കുക. മനോഹരമായി നടക്കുക. അത്യാവശ്യം വൃത്തിയായി വസ്ത്രം ധരിക്കുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്ത ആളുതന്നെയാണ് ഈശോമിശിഹാ. ഇതിനെല്ലാം ഈശോയ്ക്ക് കാശുവേണമായിരുന്നു.

    ചില സമ്പന്ന സ്ത്രീകള്‍ ഈശോയെ സാമ്പത്തികമായി സഹായിച്ചിരുന്നതായി ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ പണം ഈശോ വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കാശ് ഈശോ എന്തിനാണ് വിനിയോഗിച്ചത്? ഇക്കാര്യം എനിക്കും നിങ്ങള്‍ക്കും ബാധകമാണ്.

    രണ്ടു കാര്യങ്ങള്‍ക്കായാണ് കര്‍ത്താവ് പണം ഉപയോഗിച്ചത്. യോഹന്നാന്റെ സുവിശേഷം 13 ാം അധ്യായം 27 മുതല്ക്കുള്ള വാക്യങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിത്തരുന്നു. നമുക്കാവശ്യമുള്ള കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കാനും പാവങ്ങളെ സഹായിക്കാനുമായി പണം ചെലവഴിക്കാനാണ്, ഖജാന്‍ജിയായ യൂദാസിനോട് ഈശോ ആവശ്യപ്പെട്ടിരുന്നത്. ദൈവം നമുക്ക് തന്നിരിക്കുന്ന പണം രണ്ടുകാര്യങ്ങള്‍ക്കായി വിനിയോഗിക്കുക. നമുക്കാവശ്യമുളളത് വാങ്ങിക്കാനും പാവങ്ങളെ സഹായിക്കാനും.

    ആവശ്യമുണ്ടോയെന്ന് എങ്ങനെ അറിയും? വാങ്ങുന്നതെല്ലാം ആവശ്യത്തിനാണോ.. നിന്റെ കുടുംബത്തിന്, നിന്റെ മക്കള്‍ക്ക്, നിന്റെ ശുശ്രൂഷയ്ക്ക് ആവശ്യമാണെന്ന് തോന്നുന്നുണ്ടോ അത് വാങ്ങണം. ആരൊക്കെ എതിര്‍ത്താലും അത് വാങ്ങണം. അതുപോലെ പാവങ്ങളെ സഹായിക്കുകയും വേണം.

    നമ്മുടെ കുടുംബത്തില്‍ ആവശ്യമുള്ളതാണോ വാങ്ങിക്കുന്നത്? ഓരോ ദിവസവും വസ്ത്രം വാങ്ങുന്ന ശീലമുള്ളവരുണ്ട്. ഓരോ വിശേഷാവസരങ്ങളിലും വസ്ത്രം വാങ്ങുന്നവര്‍. ഇത് പാപത്തെക്കാളുപരി ഒരു മാനസികരോഗമാണ്. ആവശ്യമില്ലാത്ത എത്രയോ കാര്യങ്ങള്‍ക്കുവേണ്ടിയാണ് നാം പണം ചെലവഴിക്കുന്നത്. ഉപയോഗിക്കാതെ എത്രയോ സാധനങ്ങളാണ് നാം വീടുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. പഴയ സ്‌കൂട്ടര്‍, മൊബൈല്‍, ടിവി, വസ്ത്രങ്ങള്‍.. ആര്‍ത്തി മൂത്താണ് ഇവയെല്ലാം പിടിച്ചുവച്ചിരിക്കുന്നത്.

    നമുക്ക് ഉപയോഗമില്ലാത്തതെല്ലാം പ്രയോജനപ്രദമായ രീതിയില്‍ മറ്റുള്ളവര്‍ക്ക് നല്കണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!