കഴിഞ്ഞദിവസം ഒരു അമ്മച്ചിയുമായി സംസാരിച്ചപ്പോൾ അവർ വേദനയോടെ പറഞ്ഞ ഒരു വാചകമാണിത്.ശുശ്രൂഷ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അമ്മച്ചി. സംസാരത്തിലുടനീളം ഞാൻ ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട് എന്ന് ആവർത്തിച്ചുകൊണ്ടിരുന്നു.
അമ്മച്ചിക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ കിട്ടിയ വചനം “ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല” (യോഹ.13 : 8) എന്നതായിരുന്നു.
ഞാൻ ഒരുപാട് ആത്മീയ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട്.ഞാൻ എല്ലാം തികഞ്ഞതാണ് എന്ന ഒരു മനോഭാവമായിരുന്നു എനിക്ക് സംസാരത്തിൽ ഉടനീളം മനസ്സിലാക്കാൻ കഴിഞ്ഞത് .അതേ മനോഭാവത്തോടെ ആയിരുന്നു ഈശോയുടെ മുമ്പിലുണ്ടായിരുന്ന പത്രോസും. ഞാൻ കുളിച്ച് ശുദ്ധമായിട്ടാണ് വന്നിരിക്കുന്നത്, അല്ലെങ്കിൽ അങ്ങ് എന്നെ കഴുകാനുള്ള യോഗ്യത എനിക്കില്ല എന്ന മനോഭാവവുമായിരിക്കാം.
ഈശോ നമ്മെ കഴുകുന്നത് നമ്മുടെ യോഗ്യത നോക്കിയല്ല. അവിടുത്തെ സ്നേഹത്താൽ നമ്മെ ചേർത്തുനിർത്താൻ തടസ്സമായി നിൽക്കുന്നവയെയാണ് ഈശോ തന്റെ തിരുരക്തം കൊണ്ട് നമ്മിൽ നിന്നും കഴുകി നീക്കം ചെയ്യുന്നത്. അതിന് വിട്ടു കൊടുക്കുന്ന ഒരു മനോഭാവം നമുക്ക് ഉണ്ടാവണം.
“കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്‌ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്‌ഷപെടും; അങ്ങു മാത്രമാണ് എന്‍റെ പ്രത്യാശ.”(ജറെമിയാ 17 : 14).
എളിമയോടെ സമർപ്പിക്കുമ്പോൾ മാത്രമാണ് ആത്മീയമായും ശാരീരികമായും സൗഖ്യം ഉള്ളവരായി നമ്മൾ മാറുക. സുഖവും സന്തോഷവും അനുഭവിക്കുന്ന ഒരു അവസ്ഥയാണ് സൗഖ്യം ഉള്ളവർക്ക് ഉണ്ടാവുക.
നമ്മുടെ ഹൃദയങ്ങളും ഒരുക്കമുള്ളതാവണം. തൊട്ടടുത്ത വീട്ടിൽ സൗഹൃദസംഭാഷണത്തിന് പോകുന്നതു പോലെയല്ല ഒരു വിരുന്നിനു പോകുമ്പോൾ നാം ഒരുങ്ങുന്നത് എന്ന് പറഞ്ഞതുപോലെ വേണ്ട ഒരുക്കത്തോടെ ആയിരിക്കുമ്പോൾ / അൾത്താരയെ സമീപിക്കുമ്പോൾ… ഈശോ നല്കുന്ന സൗഖ്യം നമുക്ക് ആസ്വദിക്കാൻ സാധിക്കും.
“കര്‍ത്താവായ ഞാന്‍ മനസ്‌സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്‌ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്‍െറ ജീവിതരീതിക്കും പ്രവൃത്തിക്കും അനുസരിച്ച് ഞാന്‍ പ്രതിഫലം നല്‍കും.”(ജറെമിയാ 17 : 10)
ഇപ്രകാരം ഒരു സൗഖ്യ അനുഭവം നമുക്ക് ഉണ്ടാകണമെങ്കിൽ ദൈവത്തോട് നമുക്ക് വിധേയത്വ മനോഭാവം ഉണ്ടാവണം.എന്നെ കരുതുന്നവൻ എന്തിനും കഴിവുള്ളവനാണ് എന്ന ഒരു ബോധം നമുക്കുണ്ടാവണം.
“കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍; അവന്‍െറ പ്രത്യാശ അവിടുന്നുതന്നെ.”(ജറെമിയാ 17 : 7)
ശുശ്രൂഷ മേഖലയിലും ഇത് അർത്ഥപൂർണ്ണമാണ്. എന്തെങ്കിലും ചെറിയ ചില വരങ്ങൾ കിട്ടി കഴിയുമ്പോഴേക്കും ഞാൻ എല്ലാം ആയി എന്ന് ചിന്തിക്കുകയും ഞാൻ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുന്ന വ്യക്തിയാണ് ദൈവമെന്ന് കരുതുകയും ചെയ്യുമ്പോൾ അഹങ്കാരം തലയിൽ കയറി നിന്നുകൊണ്ട് പ്രവർത്തനം തുടങ്ങും. പ്രാർത്ഥനയിലും ശുശ്രുഷ മേഖലയിലും വിജയിക്കാൻ കഴിയാതെ പോകുന്നതിന് ഇത് കാരണമാകുകയും ചെയ്യും.
സുവിശേഷവേല ചെയ്യുന്നതിന്റെ അനുഗ്രഹം സ്വന്തം കുടുംബത്തിൽ പോലും ലഭിക്കാതെ പോകുന്നതിന് കാരണവും അഹങ്കാരം മൂലം എളിമപ്പെടാൻ കഴിയാത്തതു തന്നെ.
ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട് എന്നുപറഞ്ഞ അമ്മച്ചിയുടെ വിഷമം രണ്ട് ആൺമക്കളും മദ്യത്തിനടിമകളാണ് മാത്രമല്ല മദ്യപിച്ചു വന്നാൽ അവർ വീട്ടിൽ കലാപം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതെല്ലാം കണ്ടും കേട്ടും മടുത്ത അവസ്ഥയിലും കടുത്ത നിരാശയിലുമാണ് അമ്മച്ചി.
പ്രാർത്ഥന പലതും ദൈവസന്നിധിയിൽ എത്തുന്നില്ല എന്നുള്ളത് ശ്രദ്ധിക്കാതെ പോകുന്നു. ഒരു ഓട്ട കലത്തിലേക്ക് വെള്ളമൊഴിക്കുന്നത് പോലെയാണ് പലപ്പോഴും പ്രാർത്ഥനകൾ.ഓട്ടക്കലത്തിലേക്ക് എത്ര വെള്ളം ഒഴിച്ചാലും അതൊരിക്കലും നിറയുകയില്ല. ഞാൻ വെള്ളം ഒഴിക്കുന്നുണ്ട് എന്നു പറഞ്ഞതുകൊണ്ട് പ്രയോജനവുമില്ല.
വൃത്തിയും വെടിപ്പുമുള്ള പഴുതുകളില്ലാത്ത പാത്രത്തിൽ വേണം ജലം ശേഖരിക്കാൻ എന്നു പറയുന്നതുപോലെ തന്നെ പാപരഹിതമായ മനസ്സോടെ എളിമയുടെയും വിനയത്തിന്റെയും ജീവിതശൈലിയിലും നിലനിന്നുകൊണ്ട് കൊണ്ട് പ്രാർത്ഥിക്കുമ്പോള്‍ നാം ചേർത്തുവെക്കുന്ന നിയോഗങ്ങൾ അനുഗ്രഹ പൂരിതമാക്കുന്നു.
അഹങ്കാരമാകുന്ന ബന്ധനത്തിൽനിന്ന് ആദ്യമേ തന്നെ വിടുതൽ നേടേണ്ടതുണ്ട് .ഒരു സ്വയം വിടുതൽ നമ്മുടെ ജീവിതത്തിൽ തന്നെ നേടിയെടുക്കണം. അപ്പോൾ മാത്രമേ പ്രാർത്ഥനകൾ ഫലദായകമാവുകയുള്ളു.
പ്രേംജി മുണ്ടിയാങ്കൽ.