വാല്‍സിങാം തീര്‍ത്ഥാടനത്തിനായി പ്രാര്‍ത്ഥനയോടെ മരിയഭക്തര്‍



വാൽസിങ്ങാം: വാല്‍സിങാം തീര്‍ത്ഥാടനത്തെ ഭക്തിപൂര്‍വ്വം കാത്തിരിക്കുകയാണ് യുകെയിലെ മലയാളികളായ മരിയഭക്തര്‍. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സ്ഥാപനത്തിന് ശേഷം മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തുന്ന സീറോ മലബാർ തീർത്ഥാടനത്തിനായാണ് ഇവര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ വാല്‍സിങാം ഷ്രെയിനെ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തിയിട്ട് മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന അവസരം കൂടിയാണ് ഇത് എന്നത് അവരുടെ സന്തോഷത്തിന്‍റെ മാറ്റുകൂട്ടുന്നു. ആയിരക്കണക്കിനു മലയാളി മരിയഭക്തരാണ് ജൂലൈ 20 നു വാൽസിങ്ങാമിൽ തീര്‍ത്ഥാടകരായി എത്തിച്ചേരുന്നത്.


2015 ഡിസംബർ 27 നാണ് ഫ്രാൻസിസ് മാർപ്പാപ്പ ഈ മരിയൻ പുണ്യ കേന്ദ്രത്തെ ഒരു മൈനർ ബസലിക്കയുടെ പദവിയിലേക്ക് ഉയർത്തിയത്. ആംഗ്ലിക്കൻ മതപരിവർത്തനത്തോടെ നശിക്കപ്പെട്ട സ്ലിപ്പർ ചാപ്പൽ പുനനിർമ്മാണത്തിനായി 1897 ഫെബ്രുവരി 6-നു ലിയോ പത്താമൻ മാർപാപ്പയാണ് ഔദ്യോഗിക അംഗീകാരം വാൽസിങ്ങാമിന് നൽകിയത്.  

സ്ലിപ്പർ ചാപ്പൽ പുനനിർമ്മാണത്തിനു ശേഷം1934 ആഗസ്റ്റ് 15 ന് നോർത്ത് ആംപ്റ്റൻ ബിഷപ്പ് ലോറൻസ് യൂനുസ് സ്ലിപ്പർ ചാപ്പലിൽ പൊതുജനങ്ങൾക്കായി നിരവധി വർഷങ്ങൾക്കു ശേഷം ദിവ്യബലി അർപ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം കർദ്ധിനാൾ ഫ്രാൻസിസ് ബോൺ ഇംഗ്ലണ്ടിലെ കത്തോലിക്കാ മെത്രാൻമാരുടെ നേതൃത്വത്തിൽ ദേശീയ തീർത്ഥാടനം വാൽസിങ്ങാമിൽ സംഘടിപ്പിക്കുകയും,അതിൽ വെയിൽസ് അടക്കം പ്രദേശങ്ങളിൽ നിന്നും പതിനായിരത്തിലധികം പേർ ഈ തീർത്ഥാടനത്തിൽ പങ്കുചേരുകയും ചെയ്തിരുന്നു. ഈ ദിവസം മുതൽ ആണ് സ്ലിപ്പർ ചാപ്പൽ  കത്തോലിക്കരുടെ ദേശീയ ആരാധനാലയമായി മാറിയത്.

ബസിലിക്കയുടെ ഉള്ളിൽ സ്ഥാപിച്ച ഔവർ ലേഡി ഓഫ് വാൽസിങ്ങാം  രൂപത്തിൽ കാണുന്ന കിരീടം 1946 ഓഗസ്റ്റ് 15-ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പാ ധരിപ്പിച്ച കാനോനിക്കൽ ക്രൗൺ ആണെന്നന്നതും ഏറെ ശ്രദ്ധേയമാണ്.

ജൂലൈ 20 നു ശനിയാഴ്ച  ആഘോഷമായി നടത്തപ്പെടുന്ന തീർത്ഥാടന മരിയോത്സവത്തിനു  ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാർ കുർബ്ബാന കേന്ദ്രമായ കോൾചെസ്റ്റർ കമ്മ്യുണിറ്റിയാണ് പ്രസുദേന്തിത്വം വഹിക്കുന്നത്.

മാർ സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന ആഘോഷമായ സമൂഹ തിരുന്നാൾ കുർബ്ബാനയും, മരിയൻ സ്തുതി ഗീതങ്ങളും, പ്രാർത്ഥനകളും അർപ്പിച്ചു നടത്തുന്ന തീർത്ഥാടനവും, മാതൃ ഭക്തി പ്രഘോഷണവും ഈ തീർത്ഥാടനത്തെ അനുഗ്രഹ സാന്ദ്രമാക്കും.

ആത്മീയ-അജപാലന നേതൃത്വം നൽകി പോരുന്ന ഫാ.തോമസ് പാറക്കണ്ടത്തിൽ, ഫാ.ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തിൽ കോൾചെസ്റ്റർ കുടുംബാംഗങ്ങൾ തീർത്ഥാടകരുടെ സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. മരിയോത്സവങ്ങളിലൂടെ തങ്ങളുടേതായ അഭിലാഷങ്ങളും, പ്രാർത്ഥനകളും, മരിയൻ സ്തുതികളും മാതൃ സന്നിധാനത്തെ മുഖരിതമാക്കുമ്പോൾ പരിശുദ്ധ അമ്മ തന്റെ മക്കൾക്കായി വാൽസിങ്ങാമിനെ അനുഗ്രഹങ്ങളുടെ പറുദീസയായി മാറ്റുന്നുവെന്ന് അനുഭവിച്ചറിയുവാൻ കഴിഞ്ഞവരാണ് ഇവിടെയുള്ള മലയാളി മരിയഭക്തര്‍.


തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുക.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates