ശരിയല്ലേ ദൈവമല്ലേ നമ്മുടെ സഹായം? ദൈവത്തെ മാത്രമല്ലേ നമുക്ക് വിശ്വസിക്കാന്‍ കഴിയൂ. അവിടുന്ന് മാത്രമല്ലേ നമ്മുടെ അവസ്ഥയോ സാഹചര്യമോ മേന്മയോ കുറവോ നോക്കാതെ നമ്മെ സ്‌നേഹിക്കാനുള്ളൂ? മനുഷ്യന്‍ സാഹചര്യമനുസരിച്ച് നമ്മോടുള്ള സ്‌നേഹത്തില്‍ മാറ്റം വരുത്തിക്കൊണ്ടേയിരിക്കും. ഇഷ്ടമാകാത്ത ഒരു കാര്യം ചെയ്താലും പറയുന്നത് അനുസരിച്ചില്ലെങ്കിലും ജോലി നഷ്ടമായാലും രോഗം വന്നാലും സാമ്പത്തികസഹായം ചോദിച്ചാലും എല്ലാം ആളുകളുടെ മനോഭാവത്തില്‍ മാറ്റം വരാം. സഹായം ചോദിക്കുന്നവരാരും നമ്മെ സഹായിക്കണമെന്നുമില്ല. പക്ഷേ ദൈവത്തോട് സഹായം ചോദിച്ചാലോ..അവിടുന്ന് സുനിശ്ചിതമായി നമ്മെ സഹായിക്കും. ഇത്തരം തിരിച്ചറിവു സങ്കീര്‍ത്തനകാരനുണ്ടായിരുന്നു. സങ്കീര്‍ത്തനം 54 അതിന്റെ പ്രകടമായ തെളിവാണ്.
ദൈവം എനിക്ക് സഹായം എന്ന അധ്യായത്തില്‍ സങ്കീര്‍ത്തനകാരന്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.:
ദൈവമേ അങ്ങയുടെ നാമത്താല്‍ എന്നെ രക്ഷിക്കണമേ, അങ്ങയുടെ ശക്തിയില്‍ എനിക്ക് നീതിനടത്തിത്തരണമേ. ദൈവമേ എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ. എന്റെ അധരങ്ങളില്‍ നിന്നുതിരുന്ന വാക്കുകള്‍ ശ്രദ്ധിക്കണമേ. അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു. നിര്‍ദ്ദയര്‍ എന്നെ വേട്ടയാടുന്നു. അവര്‍ക്ക് ദൈവചിന്തയില്ല. ഇതാ, ദൈവമാണ് എന്റെ സഹായകന്‍. കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍. അവിടന്ന് എന്റെ ശത്രുക്കളോട് തിന്മകൊണ്ട് പകരം വീട്ടും. അങ്ങയുടെ വിശ്വസ്തതയാല്‍ അവരെ സംഹരിച്ചുകളയണമേ. ഞാന്‍ അങ്ങേക്ക് ഹൃദയപൂര്‍വ്വം ബലിയര്‍പ്പിക്കും. കര്‍ത്താവേ അങ്ങയുടെ ശ്രേഷ്ഠമായ നാമത്തിന് ഞാന്‍ നന്ദിപറയും. അങ്ങ് എന്നെ എല്ലാ കഷ്ടതകളില്‍ നിന്നും മോചിപ്പിച്ചു. ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകള്‍ കണ്ടു. സങ്കീര്‍ത്തനം 54
ഈ സങ്കീര്‍ത്തനഭാഗം നമുക്ക് ഹൃദിസ്ഥമാക്കാം. എന്നും ഏറ്റുചൊല്ലാം. ദൈവം നമ്മെ സഹായിക്കുക തന്നെ ചെയ്യും.