ന്യൂഡല്‍ഹി: വത്തിക്കാന്‍- ഇന്ത്യ ബന്ധത്തില്‍ പുതുചരിത്രം കുറിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ- മോദി കൂടിക്കാഴ്ച നാളെ നടക്കും. കേന്ദ്രവിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഖ്‌ല അറിയിച്ചതാണ് ഇക്കാര്യം. രാഷ്ട്രനേതാക്കളുമായുള്ള ഇത്തരം ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയോടൊപ്പം സാധാരണ ഇന്ത്യന്‍ പ്രതിനിധി സംഘം ഉണ്ടാകാറുണ്ടെന്നും എന്നാല്‍ കത്തോലിക്കാസഭയുടെ തലവനായ മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതിനിധി സംഘം ഉണ്ടാകുമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടല്ലെന്നും വിദേശകാര്യസെക്രട്ടറി വിശദീകരിച്ചു.
ഇറ്റലി ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ റോം യാത്രയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശ്യംഖല. മാര്‍പാപ്പയുമായുളള മോദിയുടെ കൂടിക്കാഴ്ചയെക്കുറിച്ച് ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക അറിയിപ്പ് നല്കിയത്. നാളെ രാവിലെ വത്തിക്കാന്‍ സമയം 8.30 നാണ് പാപ്പായും പ്രധാനമന്ത്രിയും തമ്മില്‍ അരമണിക്കൂര്‍ നേരം കൂടിക്കാഴ്ച നടത്തുന്നത്.