Friday, December 6, 2024
spot_img
More

    ആത്മാവിന്റെ വിലയുള്ള ഒരു ഭക്തിഗാനത്തിന്റെ കഥ

    സോഷ്യല്‍ മീഡിയായുടെ ഈ അതിവ്യാപന കാലത്ത് ഒരു പാട്ട്-, അത് ഏതുതരത്തിലുളളതുമാകാം- ശ്രദ്ധിക്കപ്പെടുന്നത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ നമുക്കറിയാം, പതിനായിരങ്ങളുടെ ലൈക്കും ഷെയറും അതിനുണ്ടായിരിക്കണം. വൈറലായി കഴിഞ്ഞാല്‍ പിന്നെ പറയാനുമില്ല. എന്നാല്‍ വൈറലാകാതിരുന്നിട്ടും പതിനായിരങ്ങളിലേക്ക് എത്താതിരുന്നിട്ടും തന്റെ ഗാനം സൂപ്പറാണെന്ന് അവകാശപ്പെടുകയാണ് എസ്. തോമസ് എന്നഗാനരചയിതാവ്.

    ഇതാവട്ടെ വെറും ആത്മപ്രശംസയോ സെല്‍ഫ് മാര്‍ക്കറ്റിംങോ അല്ല. മറിച്ച് ഒരു വ്യക്തിയെ ആത്മഹത്യയില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ വിളിക്കാന്‍ തന്റെ ഗാനം സഹായകമായി എന്നതുകൊണ്ടാണ് ഇദ്ദേഹം തന്റെ ഗാനത്തെ സൂപ്പര്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഞാനെന്റെ അവസ്ഥ വിവരിച്ചുപറഞ്ഞപ്പോള്‍ എന്നു തുടങ്ങുന്ന തന്റെ ഗാനത്തെ അതുകൊണ്ട് അദ്ദേഹം വിശേഷിപ്പിക്കുന്നത് ആത്മാവിന്റെ വിലയുള്ള ഗാനമെന്നാണ്. ജീവന്റെ വിലയുളള ഗാനം എന്നാണ്. അതിനെക്കാള്‍ അപ്പൂറമായി ഒരു ഗാനത്തിന് എന്താണ് ഫലം തരാനുള്ളത്. ജീവനെക്കാള്‍ വലുതായി എന്തു വിലയാണ് ഉള്ളത്?

    ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലില്‍ ഈ ഗാനം അപ് ലോഡ് ചെയ്തത്. ദൈവമഹത്വം ആളുകളിലേക്കെത്തിക്കുക, സുവിശേഷവല്‍ക്കരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് തോമസ് ഗോഡ്‌സ് മ്യൂസിക് ഫോര്‍ യൂ എന്ന ചാനല്‍ ആരംഭിച്ചിരിക്കുന്നത്. തനിക്കും ഭാര്യ ലിസിക്കും ദൈവം നല്കിയ ഗാനങ്ങള്‍ എഴുതാനും ട്യൂണ്‍ ചെയ്യാനുമുളള കഴിവിനെയാണ് അദ്ദേഹം ഇതിന് വേണ്ടി പ്രയോജനപ്പെടുത്തുന്നതും.

    ഇതിനകം ഇരുവരും ഒന്നിച്ചും ഒറ്റയ്ക്കുമായി നിരവധി ഭക്തിഗാനങ്ങള്‍ രചിക്കുകയും യൂട്യൂബ് ചാനലില്‍ അവ അപ് ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സബ്‌സ്‌ക്രിബ്ഷന്‍ കൂട്ടാനോ വ്യൂവേഴ്‌സോ തേടാനോ അങ്ങനെ ചാനല്‍ ഹിറ്റാക്കി മാറ്റാനോ ഉള്ള പൊടിക്കൈകള്‍ ഒന്നും ഇരുവരും അന്വേഷിക്കാറുമില്ല. ദൈവത്തിന് മഹത്വം ഉണ്ടാകണം. അതിനപ്പുറം ഒന്നും ഇവരുടെ ലക്ഷ്യവുമല്ല.

    പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, ഞാനെന്റെ അവസ്ഥ വിവരിച്ചപ്പോള്‍ എന്ന ഗാനവും ഇതേലക്ഷ്യത്തോടെയാണ് അപ് ലോഡ് ചെയ്തത്. ഈ ഗാനം അപ് ലോഡ് ചെയ്തതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഒരു ഫോണ്‍കോള്‍ തോമസിന് ലഭിക്കുകയുണ്ടായി. ബാംഗ്ലൂരിലുള്ള, അപരിചിതയായ ഒരു പെണ്‍കുട്ടിയുടേതായിരുന്നു ആ കോള്‍.

    വളരെ അവിചാരിതമായി പ്രസ്തുത ഗാനം കേട്ടുവെന്നും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്ന താന്‍ തീരുമാനം മാറ്റിയെന്നുമായിരുന്നു ആ പെണ്‍കുട്ടിയുടെ സാക്ഷ്യപ്പെടുത്തല്‍. തന്റെ പേരും ജീവിതാവസ്ഥകളും ആ പെണ്‍കുട്ടി തുറന്നുപറയുകയും ചെയ്തു. (സ്വകാര്യതയെ മാനിച്ച് അത് ഇവിടെ രേഖപ്പെടുത്തുന്നില്ല) ജീവിതത്തെക്കുറിച്ച് യാതൊരു പ്രതീക്ഷയും ഇല്ലാതെ ആത്മഹത്യ മാത്രം ശരണം എന്ന് കരുതിയിരിക്കുമ്പോഴായിരുന്നു ഈ ഗാാനം ആ പെണ്‍കുട്ടിയെ തേടിയെത്തിയത്. അത് അവളെ ആഴത്തില്‍ സ്പര്‍ശിച്ചു.

    ദൈവസ്‌നേഹം അവളുടെ ഹൃദയത്തില്‍ നിറഞ്ഞു. വചനം മാത്രം ഉദ്ധരിച്ചുകൊണ്ടുള്ളതായിരുന്നു ആഗാനമെന്ന് തോമസ് പറയുന്നു. ബോധപൂര്‍വ്വം എഴുതിയതൊന്നുമായിരുന്നില്ല, പരിശുദ്ധാത്മാവ് നല്കിയ ചിന്തകള്‍ പകര്‍ത്തിയെഴുതുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ എന്നാണ് തോമസ് പറയുന്നത്. അതുകൊണ്ട് ഇതൊന്നും തന്റെ കഴിവല്ല വചനത്തിന്റെ ശക്തിമാത്രമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ദു:ഖത്തിന്റെ അവസ്ഥകളിലൂടെ കടന്നുപോകുന്ന എല്ലാവര്‍ക്കും ഈ ഗാനം വലിയൊരു അനുഭവമായിരിക്കും. തോമസ് ആണ് ഗായകന്‍.

    ആത്മാവിന്റെ വിലയുള്ള ഈ ഗാനം കേള്‍ക്കാന്‍ ചുവടെ ലിങ്ക് ചേര്‍ക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!