ഭോപ്പാല്‍: കത്തോലിക്കാ കന്യാസ്ത്രീകള്‍ നടത്തുന്ന പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ഹോസ്റ്റലില്‍ നാഷനല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിന്റെ അനധികൃത പരിശോധന. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കാണൂന്‍ഗോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹോസ്റ്റലില്‍ മിന്നല്‍ പരിശോധന നടത്തിയത്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ റെയ്‌സന്‍ ജില്ലയിലെ ഇന്റ്‌ഹെരി ഗ്രാമത്തിലാണ് ഹോസ്റ്റല്‍. വനിതകളുടെ സാന്നിധ്യമില്ലാതെയായിരുന്നു പെണ്‍കുട്ടികളുടെ ഡോര്‍മിറ്ററിയിലും മുറികളിലും സംഘം കടന്നുചെന്നത്.
ക്രൈസ്തവ പെണ്‍കുട്ടികളുടെ ബാഗുകളില്‍ നിന്ന് ഇവര്‍ ബൈബിള്‍ കണ്ടെടുത്തു. ഹോസ്റ്റല്‍ മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു മിന്നല്‍പരിശോധന. സമീപത്തുള്ള ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിക്കുന്ന 19 കുട്ടികളാണ് ഹോസ്റ്റലിലുള്ളത്. അതില്‍ അഞ്ചു പേര്‍ ക്രൈസ്തവരാണ്. ആരെങ്കിലും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നുണ്ടോയെന്നും പ്രാര്‍ത്ഥനകളില്‍ പങ്കെടുപ്പിക്കുന്നുണ്ടോയെന്നും ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളോട് ചോദിച്ചു. വീട്ടില്‍ നിന്ന് കൊണ്ടുവന്നതാണ് ബൈബിളെന്നും അത് തങ്ങളുടെ അനുദിനജീവിതത്തിന്റെ ഭാഗമാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഹോസ്റ്റലില്‍ താമസിക്കുന്നതെന്നും പെണ്‍കുട്ടികള്‍ മറുപടി നല്കി.ഹോസ്റ്റലിലുള്ള കുട്ടികളെ വീടുകളിലേക്ക് പറഞ്ഞയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവംബര്‍ ഒമ്പതിന് കളക്ടര്‍ ഉത്തരവിറക്കുകയും ചെയ്തു.
റെയ്ഡിന്റെ വീഡിയോദൃശ്യങ്ങളും കമ്മീഷന്‍ പുറത്തുവിട്ടിരുന്നു. അംഗീകാരമില്ലാതെയാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കമ്മീഷന്റെ വാദം. സിസ്റ്റേഴ്‌സ് ഓഫ് ജീസസ് സന്യാസിനികളാണ് ഹോസ്റ്റല്‍ നടത്തുന്നത്. സാഗര്‍ രൂപതയിലാണ് ഹോസ്റ്റല്‍. 2014 മുതല്‍ ഹോസ്റ്റല്‍ നിലവിലുണ്ട്. ഹോസ്റ്റലിനെതിരെയുള്ള പരാതികളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് സിസ്റ്റേഴ്‌സ് ആവശ്യപ്പെട്ടു.