ചങ്ങനാശ്ശേരി: പെരുന്ന സെന്റ് ആന്റണീസ് പള്ളിയില്‍ മോഷണം നടന്നു. മൂന്നു നേര്‍ച്ചപ്പെട്ടികളുടെ താഴുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.
കതകിന്റെ മുന്‍വശത്തെ ഓടാമ്പല്‍ തകര്‍ത്ത ശേഷം അകത്തുനിന്ന് വാതില്‍ പാളികള്‍ക്കു കുറുകെ ഇട്ടിരുന്ന ഇരുമ്പ് പട്ട നീക്കിയാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. രൂപക്കൂടുകള്‍ക്ക് മുമ്പില്‍ ഉള്ള രണ്ടു നേര്‍ച്ചപ്പെട്ടികളുടെയും പള്ളിയുടെ മുന്‍വശത്തുള്ള നേര്‍ച്ചപ്പെട്ടിയുടെയും താഴുകള്‍ തകര്‍ത്ത നിലയിലാണ്. പള്ളിയുടെ സങ്കീര്‍ത്തിയിലും പരിസരത്തുമുള്ള മേശകളും അലമാരകളും തുറന്നുനോക്കുകയും കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന തിരുവസ്ത്രങ്ങള്‍ അലമാരയില്‍ നിന്ന് പുറത്തെടുത്ത് ഇടുകയും ചെയ്തിട്ടുണ്ട്.
ഏകദേശം 19000 രൂപയോളം മോഷണം പോയതായി സംശയിക്കുന്നു. ചങ്ങനാശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.