പല രീതിയിലുള്ള മുന്‍കരുതലുകള്‍ നാം ജീവിതത്തില്‍ എടുക്കാറുണ്ട്. നമ്മുടെ ആരോഗ്യം, ഭാവി എന്നിവയ്ക്കുവേണ്ടിയുളളവയാണ് അവയെല്ലാം. എല്‍ഐസി,വാഹന ഇന്‍ഷ്വുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് ഇങ്ങനെ എത്രയെത്ര മുന്‍കരുതലുകള്‍.. എന്തിന്, കോവിഡ് വാക്‌സിന്‍ പോലും ആ രോഗത്തില്‍ നിന്നുള്ള മുന്‍കരുതലാണ്. ഇങ്ങനെ ഭൗതികമായ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ ഒരു മടിയും കാണിക്കാത്ത നമ്മളില്‍ എത്രപേര്‍ നമ്മുടെ ആത്മാവിന്റെ സുരക്ഷയെ ഗൗരവത്തില്‍ കാണുന്നുണ്ട്? ആത്മാവിനെ രക്ഷിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്? വിശുദ്ധ വചനം ഇക്കാര്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്സ് ദുര്‍ബലമാവുകയും ആ ദിവസം ഒരു കെണിപോലെ പെട്ടെന്ന് നിങ്ങളുടെ മേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍ ഭൂമുഖത്ത് ജീവിക്കുന്ന എല്ലാവരുടെയും മേല്‍ അത് നിപതിക്കും. സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്ഷപ്പെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്ത് ലഭിക്കാന്‍ സദാ പ്രാര്‍ത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍( ലൂക്ക 21:34-36)
അതെ, നമുക്ക് സദാ ജാഗരൂകരായിരിക്കാം. അമിതമായ ലൗകികവ്യഗ്രതയില്‍ നിന്ന് ഓടിയകലാം. ആത്മാവിന്റെ സുരക്ഷയെ മറ്റെന്തിനെക്കാളും പ്രധാനപ്പെട്ടതായി കരുതാം.