വത്തിക്കാന്‍ സിറ്റി: ബാലവേല കുട്ടികളുടെ ആരോഗ്യവും അവരുടെ മാനസിക ശാരീരിക സുസ്ഥിതിയും അപകടത്തിലാക്കുകയും വിദ്യാഭ്യാസത്തിനും ബാല്യകാലം സന്തോഷത്തോടും ശാന്തതയോടും കൂടി ജീവിക്കുന്നതിനുളള അവകാശം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബാലവേല നിര്‍മ്മാര്‍ജ്ജനവും മെച്ചപ്പെട്ടൊരു ലോകത്തിന്റെ നിര്‍മ്മിതിയും എന്ന ശീര്‍ഷകത്തില്‍ വത്തിക്കാന്‍സംഘടിപ്പിച്ച അന്താരാഷ്ട്രസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരോട് സംസാരിക്കുകയായിരുന്നു പാപ്പ.
എന്നാല്‍ കുട്ടികള്‍ അവരുടെ ഒഴിവുസമയത്ത് പ്രായത്തിന് അനുസരിച്ച് മാതാപിതാക്കളെയും സഹോദരങ്ങളെയും വല്യപ്പച്ചന്മാരെയും അമ്മച്ചിമാരെയും മറ്റും സഹായിക്കുന്നതിനെയും കുടുംബപശ്ചാത്തലത്തില്‍ ചെയ്യുന്ന ചെറിയ ജോലികളെയും ബാലവേലയായി കാണരുതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. അത്തരം ഗാര്‍ഹിക ജോലികള്‍ കുട്ടികളുടെ വ്യക്തിത്വരൂപീകരണത്തിന് ഏറെ സഹായകരമാണ്. അവരുടെ കഴിവുകള്‍ പരീക്ഷിക്കാനും അവബോധത്തിലും ഉത്തരവാദിത്തത്തിലും വളരാനും അത് അവരെ പ്രാപ്തരാക്കുന്നു. പക്ഷേ ബാലവേല മറ്റുള്ളവരുടെ ലാഭത്തിനും സമ്പാദ്യത്തിനും വേണ്ടിയുള്ളതാണ്.
കുട്ടികളുടെ ആരോഗ്യം,വിദ്യാഭ്യാസം,സ്വപ്‌നം കാണാനുള്ള കഴിവ് എന്നിവയുടെയെല്ലാം നിഷേധമാണ് അത്. സമ്പത്ത്ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിക്കുന്ന നിലവിലെ രീതിയും ദാരിദ്യനിര്‍മ്മാര്‍ജ്ജനവും ബാല വേല തുടച്ചുനീക്കാന്‍ ഏറെ സഹായിക്കുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.