ജാംബുവ: മധ്യപ്രദേശിലെ ജാംബുവ ജില്ലയിലെ അമ്പതിലധികം ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് ഭീഷണി. ഞായറാഴ്ചകളില്‍ ഈ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കും മറ്റ് ഭക്തകര്‍മ്മങ്ങള്‍ക്കുമായി വിശ്വാസികളെ ഒരുമിച്ചുകൂട്ടാന്‍ അനുവദിക്കുകയില്ലെന്ന ശക്തമായ നിലപാടാണ് ഹൈന്ദവ തീവ്രവാദികള്‍ എടുത്തിരിക്കുന്നത്.
ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സബ് ഡിവിഷനല്‍ ഓഫീസര്‍ പോലീസ് സ്‌റ്റേഷനുകളിലേക്ക് സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തും ഹൈന്ദവതീവ്രസ്വഭാവമുള്ള ചില ഗ്രൂപ്പുകളുമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പ്രാര്‍ത്ഥനാക്കൂട്ടായ്മകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കൈപ്പറ്റിയതായി സുവിശേഷപ്രഘോഷകര്‍ പറയുന്നു. കഴിഞ്ഞ അഞ്ചുമാസങ്ങള്‍ വളരെ ദുഷ്‌ക്കരമേറിയതായിരുന്നു. പ്രാര്‍ത്ഥനയ്ക്ക് എത്തിയിരുന്നത് 40 അംഗങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരുടെ എണ്ണം 15 ആയി കുറഞ്ഞിരിക്കുന്നു. അവരും ഭയചകിതരാണ്. നിയമപരമായ മതംമാറ്റത്തിന്റെ തെളിവു ചോദിച്ചുകൊണ്ട് ക്രൈസ്തവ നേതാക്കള്‍ക്ക് അധികാരികള്‍ കത്ത് അയച്ചിട്ടുമുണ്ട്.
മുന്നൂറോളം സുവിശേഷപ്രഘോഷകര്‍ അധികാരികളെ കണ്ട് നിവേദനം സമര്‍പ്പിച്ചുവെങ്കിലും സ്ഥിതിഗതികളില്‍ മാറ്റമുണ്ടായിട്ടില്ല. മതപരിവര്‍ത്തന നിരോധിത ബില്‍ പല സംസ്ഥാനങ്ങളിലുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദശകങ്ങളായി ഒരാള്‍പോലും നിര്‍ബന്ധിതമായി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.