മുംബൈ: ഭീമ കൊറേഗാവ് എല്‍ഗര്‍ പരിഷത്ത് കേസിലെ ആരോപണത്തില്‍ നിന്ന് ഫാ. സ്റ്റാന്‍ സ്വാമിയുടെ പേര് ഒഴിവാക്കുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കാന്‍ ബോംബൈ ഹൈക്കോടതി ജസ്യൂട്ടുകള്‍ക്ക് അനുവാദം നല്കി. ജസ്റ്റീസ് നിതിന് ജംദാര്‍, ജസ്റ്റീസ് സാരംഗ് കോട്ട്വാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. ഫാ. ഫ്രേസര്‍ മക്കഹാരന്‍സിന്റെ അപേക്ഷയിലാണ് ഈ ഉത്തരവ്.
ഫാ. സ്റ്റാന്‍സ്വാമി പോലീസ് കസ്റ്റഡിയിലാരിക്കെ ജൂലൈ അഞ്ചിന് മുംബൈ ഹോളിഫാമിലി ഹോസ്പിറ്റലില്‍ വച്ചാണ് മരണമടഞ്ഞത്. 2020 ഒക്ടോബര്‍ എട്ടിന് റാഞ്ചിയില്‍ വച്ച് നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു 84 കാരനായ ഫാ, സ്റ്റാനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. കോടതിയുടെ ഉത്തരവോടെ എന്‍ഐഎയുടെ ആരോപണത്തില്‍ നിന്ന് ഫാ. സ്റ്റാന്‍ സ്വാമിയുടെ പേര് ഒഴിവാക്കപ്പെടുകയും പ്രത്യേക തുടര്‍നടപടികള്‍ ആരംഭിക്കുകയും ചെയ്യും.