ഒരു ഉന്നതപോലീസുദ്യോഗസ്ഥന്‍ കൊന്ത കയ്യിലെടുത്ത് പരസ്യമായി ജപമാല ചൊല്ലിയാല്‍ എന്തു സംഭവിക്കും? അതും കേസുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വന്നാല്‍? പക്ഷേ അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ട്. ഡോ. അലക്സാണ്ടര്‍ ജേക്കബ് എസ് പിയായിരിക്കുന്ന സമയത്ത് കൊല്ലത്താണ് ആ സംഭവം നടന്നത്. തന്റെ ജീവിതത്തില്‍ നടന്ന ആ സംഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെയാണ്.
കര്‍ണ്ണാടകത്തില്‍ കശുവണ്ടിക്ക് വിലക്കൂടുതലും കേരളത്തില്‍ കുറവും ഉള്ള സമയമായിരുന്നുഅത്. ഇ കെ നായനാരാണ് മുഖ്യമന്ത്രി. വിലക്കൂടുതല്‍ കണക്കിലെടുത്ത് കര്‍ണ്ണാടകയിലേക്ക് കശുവണ്ടി കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ കേരളത്തിലെ ഒന്നരലക്ഷത്തോളം കശുവണ്ടി തൊഴിലാളികളെ അത് ബാധിക്കുമെന്ന് മനസ്സിലാക്കിയ നായനാര്‍ കര്‍ണ്ണാടകകയിലേക്കുള്ള കയറ്റുമതി നിരോധിച്ചു. ഇപ്രകാരം കര്‍ഷകരെ ബ്ലോക്ക് ചെയ്യാന്‍ വേണ്ടി മാക്കൂട്ടം ബ്രിഡ്ജിലേക്ക് പോലീസ് സന്നാഹമെത്തി. അതിന്റെ നേതൃത്വം അന്നത്തെ എസ് പി അലക്‌സാണ്ടര്‍ ജേക്കബിനായിരുന്നു. വലതു വശത്ത് തോടാണ്. പാറക്കെട്ടും. അവിടെ മനുഷ്യര്‍ വീണുകഴിഞ്ഞാല്‍ മരിച്ചുപോകും. മറ്റേ വശത്തും പാറയാണ്. അത് കഴിഞ്ഞദിവസത്തെ മഴയില്‍ പെയ്ത് കിടക്കുകയാണ്. കയറിയാല്‍ തെന്നിവീഴും. ഒരു സംഘര്‍ഷമുണ്ടായാല്‍ ഒരുപാട് പേര്‍ മരിക്കുമെന്ന് എസ് പിക്ക് മനസ്സിലായി. ഈ സമയം മരിയഭക്തനായ അദ്ദേഹം പോക്കറ്റില്‍ നിന്ന് ജപമാലയെടുത്ത് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. സ്ഥിരമായി രണ്ടു ജപമാല കരുതുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു ജപമാല കഴുത്തിലുണ്ടാവും. ഒന്ന് പോക്കറ്റിലും. അദ്ദേഹം ജപമാലയെടുത്ത് ജീപ്പിന്റെ ബോണറ്റില്‍ കയറി ജപമാല അര്‍പ്പിക്കാനാരംഭിച്ചു. ആളുകള്‍ നോക്കിയപ്പോള്‍ കണ്ടത് വെടിവയ്‌ക്കേണ്ട എസ്പി യൂണിഫോമിട്ട് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നു. ആളുകള്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ഡിവൈഎസ് പിയോട് ചോദിച്ചു എന്താണ് ഇക്കാണുന്നത? ഡിവൈഎസ് പിയുടെ മറുപടി ഇങ്ങനെയായിരുന്നു. ഉപദേശിയോ അച്ചനോ ഒക്കെ ആകേണ്ടിയിരുന്ന ആളായിരുന്നു. വഴി തെറ്റി പോലീസില്‍ എത്തിയതാ..വെടിവയ്പ്പുണ്ടാകാതിരിക്കാന്‍ വേണ്ടി അദ്ദേഹം പ്രാര്‍തഥിക്കുന്നതാ.. ഇതുകേട്ടപ്പോള്‍ ആള്‍ക്കൂട്ടത്തിന് അങ്കലാപ്പായി. അവരില്‍ ഭൂരിഭാഗവും കത്തോലിക്കരായിരുന്നു. കുടിയേറ്റ കത്തോലിക്കര്‍. ഉടനെ അവര്‍ വന്നു പറഞ്ഞു, ഞങ്ങള്‍ കീഴടങ്ങിക്കോളാം, ബലം പ്രയോഗിച്ച് അപ്പുറം കടക്കില്ല. തറയില്‍ കുത്തിയിരുന്ന അവരെ അറസ്റ്റ് ചെയ്ത് നീക്കി. അങ്ങനെ വെടിവയ്പ് ഒഴിവായിക്കിട്ടി.
പ്രാര്‍ത്ഥന എന്ന് പറയുന്നത് ഒരു അത്ഭുതമാണ്.മിറക്കിള്‍സ് എപ്പോഴാണ് ജീവിതത്തില്‍ ഉണ്ടാകുന്നത് എന്ന് പറയാന്‍ പറ്റില്ല. കഠിന ഹൃദയനായ ഒരാള്‍ക്ക് മാത്രമേ നിരീശ്വരവാദിയായിരിക്കാന്‍ കഴിയൂ. അതുകൊണ്ടാണ് നിരീശ്വരവാദികള്‍ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെയായിരിക്കുന്നത്. ലോലഹൃദയരായ ഞങ്ങള്‍ക്ക് ദൈവമല്ലാതെ മറ്റൊരു ആശ്രയമില്ല. അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നു.