ഭോപ്പാല്‍: മധ്യപ്രദേശില്‍ കത്തോലിക്കാ സ്‌കൂളിന് നേരെ മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണം. വിദിഷ ജില്ലയിലെ ഗാന്‍ജ് ബസോഡയിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. എംഎംബി ബ്രദേഴ്‌സ് നേതൃത്വം നല്കുന്ന സ്‌കൂളാണ് ഇത്.
500 പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെയായിരുന്നു സംഭവം. ജയ് ശ്രീറാം വിളിച്ചുകൊണ്ടായിരുന്നു അക്രമികളുടെ രംഗപ്രവേശം. രജപുത്ര്, ഡാംങി തുടങ്ങിയ കമ്മ്യൂണിറ്റികളില്‍ നിന്ന് തങ്ങള്‍ക്ക് നവംബര്‍ 30 ന് ഒരു നിവേദനം ലഭിച്ചിരുന്നതായി പ്രിന്‍സിപ്പല്‍ ബ്ര. ആന്റണി പൈനുങ്കല്‍ അറിയിച്ചു. ചില കുട്ടികളെ മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു ആരോപണം.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ബ്ര. ആന്റണി അറിയിച്ചു. കത്തോലിക്കരായ എട്ടു കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണച്ചടങ്ങ് യൂട്യൂബിലൂടെ ഒക്ടോബര്‍ 31 ന് സംപ്രേഷണം ചെയ്തിരുന്നു. ഇതിനെ മതപരിവര്‍ത്തനമായി തെറ്റിദ്ധരിച്ചതാകാം എന്നാണ് അദ്ദേഹം പറയുന്നത്. സെന്റ് ജോസഫ് ഇടവകയിലെ കുട്ടികളുടേതായിരുന്നു ആദ്യകുര്‍ബാന സ്വീകരണം.
ആ കുട്ടികള്‍ തങ്ങളുടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമല്ല. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ബോര്‍ഡ് എക്‌സാം നടന്ന ദിവസമായിരുന്നു ആക്രമണം. 1500 വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലുള്ളത്. ഇതില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവര്‍.