Friday, December 27, 2024
spot_img
More

    കാഞ്ഞിരപ്പള്ളി രൂപതയില്‍ മാര്‍ യൗസേപ്പിന്റെ വര്‍ഷാചരണ സമാപനം



    കാഞ്ഞിരപ്പള്ളി: മാര്‍ യൗസേപ്പിന്റെ വര്‍ഷാചരണത്തിന്റെ കാഞ്ഞിരപ്പള്ളി രൂപതാതല സമാപനത്തോടനുബന്ധിച്ച് റവ.ഡോ.ജോസഫ് കടുപ്പില്‍ നയിച്ച രൂപതാ കുടുംബനവീകരണ ധ്യാനം ഇന്നലെ സമാപിച്ചു. ‘പാത്രിസ് കോര്‍ദെ’ (പിതാവിന്റെ ഹൃദയത്തോടെ) എന്ന ശ്ലൈഹിക എഴുത്തിലൂടെ 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ മാര്‍ ഫ്രാന്‍സീസ് പാപ്പ ‘മാര്‍ യൗസേപ്പിന്റെ വര്‍ഷം’ പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയായി വിവിധ കര്‍മ്മപദ്ധതികള്‍ രൂപതയില്‍ ആവിഷ്‌കരിച്ചിരുന്നു.

    മാര്‍ യൗസേപ്പിന്റെ ആദ്ധ്യാത്മികതയെക്കുറിച്ചുള്ള സെമിനാറുകള്‍, ഭവനരഹിതരായവര്‍ക്കുള്ള ഭവനനിര്‍മ്മാണപദ്ധതി, രൂപതയിലെ സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെയും മിഷന്‍ലീഗിന്റെയും നേതൃത്വത്തില്‍ ‘യൗസേപ്പ് പിതാവിന്റെ വീട്’പദ്ധതി, ജീവന്റെ മൂല്യത്തെ തിരിച്ചറിഞ്ഞ് മാതൃകയാകുന്ന കുടുംബങ്ങള്‍ക്ക് പ്രോത്സാഹനമാകുന്ന പദ്ധതികള്‍ എന്നിവ ക്രമീകരിച്ചിരുന്നു. കോവിഡിന്റെ വ്യാപനസാഹചര്യത്തിലുള്ള പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ഓരോ ഇടവകകളിലും ഭവനനിര്‍മ്മാണമുള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നു. യൗസേപ്പിതാവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള തച്ചന്‍ എന്ന നാടകം അമല കമ്യൂണിക്കേഷന്റെ നേതൃത്വത്തില്‍ പണിപ്പുരയിലാണ്.

    മാര്‍ യൗസേപ്പിന്റെ വര്‍ഷാചരണത്തിന്റെ ഭാഗമായി വിശുദ്ധീകരിക്കപ്പെട്ട കുടുംബങ്ങളിലൂടെ വിശ്വാസകൈമാറ്റം എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഞായറാഴ്ച മുതലാരംഭിച്ച  ധ്യാനത്തിന് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം സമാപന സന്ദേശം നല്‍കി. യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ സമാപനമെന്നത് വര്‍ഷാചരണത്തിന്റെ ചൈതന്യം ജീവിതത്തില്‍ നിലനിര്‍ത്തുന്നതിനുള്ള ആഹ്വാനമാണ്. ദൈവസ്‌നേഹം അനുഭവിക്കുന്നതിനും ദൈവപരിപാലന തിരിച്ചറിയുന്നതിനും തക്കവിധം കുടുംബങ്ങളെ രൂപപ്പെടുത്തുവാന്‍ നമുക്കെല്ലാവര്‍ക്കും കടമയുണ്ടെന്ന് സമാപനസന്ദേശത്തില്‍ റവ.ഡോ.ജോസഫ് വെള്ളമറ്റം ഓര്‍മ്മിപ്പിക്കുകയും കെസിബിസി മീറ്റിംഗില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്തു.

    കാഞ്ഞിരപ്പള്ളി കത്തീദ്രലില്‍ നിന്നും വിവിധ ചാനലുകളിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്ന ധ്യാനത്തില്‍ രൂപതാകുടുംബമൊന്നാകെ പങ്കുചേര്‍ന്നു.  

    ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍
    പി.ആര്‍.ഓ
    കാഞ്ഞിരപ്പള്ളി രൂപത

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!