വത്തിക്കാന്‍ സിറ്റി: കഴിവു നോക്കിയല്ല മനുഷ്യന്റെ മൂല്യം നിശ്ചയിക്കേണ്ടത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അംഗപരിമിതരായ കുട്ടികളുടെയും അവരുടെ സംരക്ഷകരുടെയും സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാപ്പ. ഓരോ മനുഷ്യവ്യക്തിയും അമൂല്യരാണ്. അവരുടെ മൂല്യം നിശ്ചയിക്കേണ്ടത് കഴിവിനെ ആശ്രയിച്ചായിരിക്കരുത്.
ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ഠിതമായിരിക്കണം അത്. അംഗവൈകല്യമോ രോഗമോ ജീവിതത്തെ കൂടുതല്‍ ദുഷ്‌ക്കരമാക്കിയേക്കാം. പക്ഷേ ജീവിതം അതിന്റെ സമ്പൂര്‍ണ്ണതയില്‍ ജീവിക്കുന്നതിന്റെ മൂല്യം അത് കുറയ്ക്കുന്നില്ല. അസ്സീസിയിലെ സെറാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അംഗങ്ങളോടായിരുന്നു പാപ്പ സംസാരിച്ചത്. അംഗപരിമിതരും വൈകല്യമുള്ളവരുമായ വ്യക്തികളെ നമ്മെ പോലെയുളള ഒരാളായി കാണുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
നല്ല സമറിയാക്കാരന്റെ ഉപമയിലെപോലെ നാം ക്രൈസ്തവര്‍ സുവിശേഷത്തിന്റെ സ്‌നേഹം കണ്ടെത്തണം. ഈ തത്വം എല്ലാവരിലും പ്രയോഗിക്കപ്പെടുകയും വേണം. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ചുവടുകളെ പിന്തുടര്‍ന്നാണ് താന്‍ ഇവിടെയെത്തിയിരിക്കുന്നതെന്ന് ഫ്രാന്‍സിസ് അസ്സീസി കുഷ്ഠരോഗിയെ ആലിംഗനം ചെയ്ത സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു.