വിശുദ്ധ ബൈബിളിലെ മേരി മഗ്ദലനയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ഇന്നത്തെ മിഗ്ദാലില്‍ പുരാവസ്തു ഗവേഷകര്‍ സിനഗോഗ് കണ്ടെത്തി. മേരി മഗ്ദലനയും കുടുംബവും ആരാധനയ്ക്കായി ഇവിടെയെത്തിയിരിക്കാം എന്ന് വിശ്വസിക്കുന്നതില്‍ തെറ്റില്ലെന്ന് പര്യവേക്ഷണത്തിന് നേതൃത്വം നല്കുന്ന അവ്ശാലോം ഗോര്‍ണി ഇസ്രായേല്‍ ന്യൂസ്‌പേപ്പറിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഇത് രണ്ടാം തവണയാണ് പഴയ മഗ്ദലനയില്‍ നിന്ന് സിനഗോഗിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. 2009 ലായിരുന്നു ആദ്യ സിനഗോഗ് കണ്ടെത്തിയത്. വ്യവസായ മേഖലയില്‍ നിന്നായിരുന്നു ആദ്യസിനഗോഗ് കണ്ടെത്തിയത്. ഇപ്പോഴത്തേത് റെസിഡെന്‍ഷ്യല്‍ സ്ട്രീറ്റില്‍ നിന്നാണ്. വലിയൊരു ഹാള്‍, രണ്ടുവശങ്ങളിലും മുറികള്‍, കല്ലുകൊണ്ടുള്ള ബെഞ്ച് എന്നിവയാണ് ഇത്തവണ കണ്ടെത്തിയിരിക്കുന്നത്.