ബാംഗളൂര്: കര്‍ണ്ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് 3 മുതല്‍ 10 വരെ വര്‍ഷം ജയില്‍ ശിക്ഷ. മതംമാറ്റം സ്വമേധയാ ആണെന്ന് തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതരുടേതാണ്. തെളിയിക്കാനായില്ലെങ്കില്‍ മതം മാറിയവര്‍ക്ക് നഷ്ടപരിഹാരമായി പരമാവധി അഞ്ച് ലക്ഷം രൂപ കൈമാറണം. നിര്‍ദ്ദിഷ്ട നിയമത്തിന്റെ കരടുബില്ലിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
തെറ്റിദ്ധരിപ്പിച്ചോ, ബലം പ്രയോഗിച്ചോ സ്വാധീനത്തിലൂടെയോ വഞ്ചനയിലൂടെയോ ആനുകൂല്യങ്ങള്‍ നല്കിയോ വിവാഹത്തിന് വേണ്ടിയോ സമ്മര്‍ദ്ദം ചെലുത്തിയോ ഉള്ള മതംമാറ്റം തടയാന്‍ ലക്ഷ്യമിട്ടുളളതാണ് മതവിശ്വാസസ്വാതന്ത്ര്യ സംരക്ഷണ ബില്‍. മതം മാറുന്നവര്‍ക്ക് ആദ്യമുണ്ടായിരുന്ന വിഭാഗത്തിന്റെ ആനൂകൂല്യങ്ങള്‍ ലഭിക്കില്ല. മതം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ 60 ദിവസം മുമ്പെങ്കിലും കലക്ടറെ രേഖാമൂലം അറിയിക്കണം. മതം മാറി 30 ദിവസത്തിന് ശേഷം ആ വിവരവും അറിയിക്കണം.
അതേസമയം കര്‍ണ്ണാടകയില്‍ നിര്‍ബന്ധിത മതം മാറ്റം നടക്കുന്നില്ലെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഇത്തരമൊരു റിപ്പോര്‍ട്ട് നല്കിയ തഹസീല്‍ദാറിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ക്രൈസ്തവവിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ടുളളതാണ് ഈ ബില്‍. ഇതിനെതിരെ ക്രൈസ്തവനേതാക്കളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.